ഇനി ഷാംപൂവിനോട് ഗുഡ്ബൈ പറയാം; തിളങ്ങുന്ന മുടിയ്ക്ക് സോപ്പിൻകായ
കെമിക്കലുകൾ മുടിക്ക് ഒട്ടും നല്ലതല്ലെന്നും മുടിക്ക് കേടുപാടുകൾ വരുത്തുമെന്നും അറിയാമെങ്കിലും മറ്റ് വഴികളൊന്നും ഇല്ലാത്തത് കൊണ്ട് മുടിയിലെ അഴുക്ക് കളയാൻ പലരും ഷാംപൂ ഉപയോഗിക്കുന്നു. എന്നാൽ നമ്മുടെ പഴമക്കാർ ഷാംപൂവിന് പകരം താളി പോലുള്ള പ്രകൃദിതത്ത ക്ലെൻസറുകളാണ് മുടിയിലെ അഴുക്കും എണ്ണയും കളയാൻ ഉപയോഗിച്ചിരുന്നത്. അത്തരത്തിലുള്ള പ്രകൃതിദത്ത ക്ലെൻസറുകളിൽ ഒന്നാണ് സോപ്പിൻകായ.
സോപ്പ്നട്ട് എന്നും റീത്ത എന്നും സോപ്പിൻകായ എന്നും സാബൂൻ കായ എന്നും അറിയപ്പെടുന്ന ഈ കുരു നൂറ്റാണ്ടുകളായി ഇന്ത്യയിൽ കേശസംരക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു. പ്രകൃതിദത്തമായ ഈ ക്ലെൻസറിന് നിരവധി ഗുണങ്ങൾ ഉണ്ട്. അക്കാരണത്താൽ പണ്ടുകാലത്ത് ആളുകൾ സോപ്പിൻകായ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇന്നും നിരവധി പേർ ഷാംപൂവിന് പകരം സോപ്പിൻകായ ഉപയോഗിക്കുന്നുണ്ട്. തലയോട്ടിയിലെ അഴുക്കും എണ്ണയും നീക്കം ചെയ്യാൻ സഹായിക്കുന്ന പ്രകൃതിദത്ത ക്ലെൻസറായ സാപ്പോണിനുകളാൽ സമ്പന്നമാണ് സോപ്പിൻകായ.
പ്രകൃതിദത്ത ശുദ്ധീകരണം
സോപ്പിൻകായയിലെ സാപ്പോണിനുകൾ വെള്ളവുമായി കലരുമ്പോൾ മൃദുവായ ഒരു പത ഉണ്ടാകുന്നു. ഇത് കെമിക്കൽ ഷാംപൂകൾക്ക് ഒരു മികച്ച ബദലാണ്. ഇത് തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യാതെ തലയോട്ടി വൃത്തിയാക്കുന്നു, ഒപ്പം മുടിക്ക് മൃദുതയും തിളക്കവും നൽകുന്നു.
മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു
സോപ്പിൻകായയുടെ സ്ഥിരമായ ഉപയോഗം മുടി വളർച്ചയെ ഉത്തേജിപ്പിക്കും. ഇതിലെ പോഷകങ്ങൾ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. സോപ്പിൻകായ തുടർച്ചയായി ഉപയോഗിച്ചതിന് ശേഷം മുടി കട്ടിയുള്ളതും ആരോഗ്യകരവുമാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
താരൻ
ഇന്ന് മിക്കവരും നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് താരൻ. സോപ്പിൻകായിലെ ആന്റിഫംഗൽ ഗുണങ്ങൾ താരനെ ഫലപ്രദമായി നേരിടാൻ സഹായിക്കുന്നു. ഇത് ശിരോചർമ്മത്തെ ആരോഗ്യമുള്ളതാക്കുന്നുു, ചൊറിച്ചിലും തൊലി പൊളിയുന്നതും കുറയ്ക്കുന്നു.
പ്രകൃതിദത്ത കണ്ടീഷണർ
പ്രകൃതിദത്ത കണ്ടീഷണറായും സോപ്പിൻകായ പ്രവർത്തിക്കുന്നു. ഇത് മുടിയെ ഒതുക്കമുള്ളതാക്കുകയും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതാക്കുകയും ചെയ്യുന്നു. അതിനാൽ കെമിക്കൽ അടങ്ങിയ കണ്ടീഷണറുകളുടെ ആവശ്യമില്ലാതെ തന്നെ മുടി മിനുസമാർന്നതാകും.
പരിസ്ഥിതി സൗഹൃദം
സോപ്പിൻകായ ഉപയോഗിക്കുന്നത് മുടിക്ക് മാത്രമല്ല പരിസ്ഥിതിക്കും നല്ലതാണ്. ഇത് ജൈവവിഘടനത്തിന് വിധേയമായതിനാൽ മാലിന്യങ്ങളൊന്നും അവശേഷിപ്പിക്കുന്നില്ല. കൂടാതെ പല സിന്തറ്റിക് ഷാംപൂകളും ചെയ്യുന്നതുപോലെ മലിനീകരണത്തിന് കാരണമാകില്ല.
എങ്ങനെ ഉപയോഗിക്കാം
സോപ്പിൻകായ ഉപയോഗിക്കുന്നതിന്, കുറച്ച് സോപ്പിൻകായ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. രാവിലെ, അവ മൃദുവാകുന്നതുവരെ തിളപ്പിക്കുക. ദ്രാവകം അരിച്ചെടുത്ത് ഷാംപൂ ആയി ഉപയോഗിക്കുക. കൂടുതൽ ഗുണത്തിനായയി നിങ്ങൾക്ക് ഇത് മറ്റ് പ്രകൃതിദത്ത ചേരുവകളായ നെല്ലിക്ക, അല്ലെങ്കിൽ ഷിക്കാക്കായ് എന്നിവയുമായി കലർത്താം.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.)