വേനൽ മഴ തുടങ്ങി, ഇനി ഡെങ്കിപ്പനിയെ പേടിക്കണം; അറിയേണ്ടത്

  1. Home
  2. Lifestyle

വേനൽ മഴ തുടങ്ങി, ഇനി ഡെങ്കിപ്പനിയെ പേടിക്കണം; അറിയേണ്ടത്

Dengue


വേനൽ മഴ ആരംഭിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനി പടരാതിരിക്കാൻ ജാഗ്രത പുലർത്തേണ്ട സമയമായി. മുൻകരുതൽ സ്വീകരിച്ചാൽ ഡെങ്കിപ്പനി വരാതെ, പടരാതെ സൂക്ഷിക്കാം. 

ഈഡിസ് കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്. കൊതുക് വളരാതിരിക്കാൻ വീട്ടിലും പരിസരത്തും വെള്ളം കെട്ടിനിൽക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. 

ഈഡിസ് കൊതുകുകൾ മുട്ടയിടുന്നത് പ്രധാനമായും ചെറുപാത്രങ്ങളിലാണ്. ചിരട്ടകൾ,  പാത്രങ്ങൾ, വീടിൻറെ സൺ ഷേഡുകൾ, ഫ്രിഡ്ജിനു പിന്നിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, മുട്ടത്തോട് തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളം ആഴ്ചതോറും നീക്കംചെയ്യുക. ശുദ്ധജലത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിടുന്നത്. അതുകൊണ്ട് ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വൈറൽപനിയുടെ ലക്ഷണങ്ങൾക്ക് സമാനമാണ് ഡെങ്കിപ്പനിക്കും. തീവ്രമായ പനി, ഛർദി, വിളർച്ച, അമിതമായ ക്ഷീണം, തലകറക്കം എന്നിവയെല്ലാം ഉണ്ടാകും. കൂടാതെ കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളും വേദന തുടങ്ങിയ ലക്ഷണങ്ങളുമുണ്ട്.

രോഗലക്ഷണം കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുക. വിശ്രമമാണ് പ്രധാന ചികിത്സ. അതുപോലെ വെള്ളം, മറ്റു പാനീയങ്ങൾ എന്നിവ കുടിക്കുന്നതും പ്രധാനമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായമാകും. രക്തത്തിലെ പ്ലേറ്റ്ലെറ്റ് നില പരിശോധിക്കണം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെക്കണ്ട് ചികിത്സ തേടുക.