ഇൻഡക്ഷൻ കുക്കർ സ്ഥിരം ഉപയോഗിക്കാറുണ്ടോ; എന്നാൽ ഇവയൊന്ന് അറിഞ്ഞിരിക്കൂ
പെട്ടെന്നുള്ള പാചകത്തിനും ഗ്യാസ് ലാഭിക്കാനുമെല്ലാം മിക്കവരും ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കാറുണ്ട്. എന്നാൽ, സ്ഥിരമായി ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നവരാണെങ്കിൽ ചില കാര്യങ്ങൾ അറിയാനുണ്ട്.
- ഗ്യാസിനേക്കാൾ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉപകരണമാണ് ഇൻഡക്ഷൻ കുക്കറുകൾ. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ എന്തെങ്കിലും അപകടം ഉണ്ടാകുന്നതിന് മുൻപേ തന്നെ ഇത് ഓഫാകും. ഗ്യാസ് ഉപയോഗിക്കുമ്പോൾ ഉള്ള പോലെ പൊട്ടിത്തെറിക്കുമെന്ന പേടി വേണ്ട. പുകയില്ലാത്തതിനാൽ ശ്വാസകോശ പ്രശ്‌നങ്ങൾ ഉള്ളവർക്ക് പ്രശ്‌നം ഉണ്ടാക്കുന്നില്ല. പാത്രം കയറ്റി വയ്ക്കുമ്പോൾ മാത്രമേ ഓൺ ആകൂ എന്നുള്ളതും ഒരു മേന്മയാണ്. മാത്രമല്ല, സമയം സെറ്റ് ചെയ്തു വയ്ക്കാം എന്നതിനാൽ പാചകം ചെയ്യുമ്പോൾ എപ്പോഴും അടുത്ത് നിൽക്കണം എന്നില്ല. ഇത് വളരെയധികം സമയം ലാഭിക്കാൻ സഹായിക്കുന്നു. അമിതമായി താപനില കൂടുമ്പോൾ ഓട്ടോമാറ്റിക് കട്ട്ഓഫ് ഫീച്ചർ പ്രവർത്തിച്ച് ഇത് ഓഫാകുന്നതിനാൽ ഭക്ഷണം കരിഞ്ഞുപോകാനുള്ള സാധ്യതയും കുറവാണ് .
- ഗ്യാസടുപ്പുകൾ പോലെയല്ല, ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ. ഗ്ലാസ്‌ടോപ്പ് ഗ്യാസ് അടുപ്പുകളെക്കാൾ കുറഞ്ഞ വിലയിൽ ഇന്ന് ഇൻഡക്ഷൻ കുക്കറുകൾ ലഭിക്കും. മാത്രമല്ല, വീട്ടിൽ സോളാർ ഉണ്ടെങ്കിൽ ഏറ്റവും കുറഞ്ഞ ചിലവിൽ പാചകം ചെയ്യാനും ഇതുവഴി പറ്റും.
- ഗ്യാസിനേക്കാൾ എളുപ്പത്തിൽ വൃത്തിയാക്കാൻ പറ്റും എന്നതും ഇൻഡക്ഷൻ കുക്ക്ടോപ്പുകളുടെ ഒരു വലിയ പ്രത്യേകതയാണ്. ഒരു പാനൽ മാത്രമേ മുകളിലുള്ളൂ എന്നതിനാൽ ഇത് വളരെപ്പെട്ടെന്നു വൃത്തിയാക്കാം. ഇതിനായി ഡിഷ് സോപ്പ്, ബേക്കിംഗ് സോഡ, വിനാഗിരി, സെറാമിക് പ്രതലങ്ങൾക്കായി രൂപകൽപ്പന ചെയ്ത കുക്ക്‌ടോപ്പ് ക്ലീനർ എന്നിവ ഉപയോഗിക്കാം.
- ഒട്ടേറെ ഗുണങ്ങൾ ഉണ്ടെങ്കിലും ഇൻഡക്ഷൻ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും. വൈദ്യുതി ഉപയോഗിക്കുന്നതു കൊണ്ടുതന്നെ, ഇത് അധികനേരം ഉപയോഗിക്കാനാവില്ല. പവർ റേറ്റിംഗ് 1500-2000 വാട്സ് ആയതിനാൽ ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ 1.5 മുതൽ 2 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കേണ്ടി വരും. അതിനാൽ അത്യാവശ്യം ഉള്ള പാചകത്തിന് മാത്രം ഇൻഡക്ഷൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
- പാചകം ചെയ്യാനായി പാത്രം തിരഞ്ഞെടുക്കുമ്പോൾ, കുക്കറിൻറെ പ്രതലത്തിൽ കാണിച്ചിരിക്കുന്ന വൃത്തത്തേക്കാൾ കൂടിയ വട്ടമുള്ള പാത്രം ഉപയോഗിക്കുക. ഇൻഡക്ഷൻ ബേസ് ഉള്ള പാത്രങ്ങൾ മാത്രമേ ഉപയോഗിക്കാനാവൂ. പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രമേ പാത്രം മാറ്റാവൂ.