ഉച്ചഭക്ഷണം കഴിക്കേണ്ട കൃത്യസമയം എപ്പോഴാണ്?; വിദഗ്ധർ പറയുന്നത് ഇതാണ്

  1. Home
  2. Lifestyle

ഉച്ചഭക്ഷണം കഴിക്കേണ്ട കൃത്യസമയം എപ്പോഴാണ്?; വിദഗ്ധർ പറയുന്നത് ഇതാണ്

lunch


കൃത്യസമയത്ത് ഊണ് കഴിച്ചാൽ മനസ്സും ശരീരവും ഉഷാറാകും. പക്ഷേ ഈ കൃത്യസമയം എപ്പോഴാണ് എന്ന കാര്യത്തിൽ പലർക്കും സംശയം ഉണ്ടാകാം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും ഒരു മണിക്കും ഇടയിലുള്ള സമയമാണ് ഉച്ചഭക്ഷണം കഴിക്കുന്നതിന് ഏറ്റവും നല്ല സമയമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഈ സമയത്ത് ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും വളരെ നല്ലതാണ്.

ജൈവഘടികാരം
ഒരു ജൈവഘടികാരം അഥവാ സിർക്കേഡിയൻ താളം അനുസരിച്ചാണ് നമ്മുടെ ശരീരത്തിന്റെ പ്രവർത്തനം. ശരീരത്തിനുള്ളിലെ ഈ സാങ്കൽപ്പിക ഘടികാരം മെറ്റബോളിസം, എനർജി ലെവൽ എന്നിവയടക്കം പലതരം ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിക്കുള്ളിൽ ഉച്ചഭക്ഷണം കഴിക്കുന്നത് ഈ ഘടികാരത്തിന്റെ താളത്തോട് ചേർന്നുപോകുന്നു. ഈ സമയത്ത് ഭക്ഷണം കഴിക്കുമ്പോൾ ശരിയായ ദഹനം നടക്കുകയും പോഷകങ്ങൾ കൃത്യമായി ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ശാരീരിക ആരോഗ്യത്തിനും ഭാര നിയന്ത്രണത്തിനും ഈ സമയത്ത് ഉച്ചഭക്ഷണം കഴിക്കുന്നതാണ് അനുയോജ്യം.

ഊർജം 
രാവിലത്തെ തിരക്കുകൾക്കിടയിൽ പ്രഭാതഭക്ഷണം വേണ്ടരീതിയിൽ കഴിക്കാൻ കഴിയാത്തവരാണ് മിക്കവരും. പന്ത്രണ്ടിനും ഒരു മണിക്കും ഇടയിൽ ഉച്ചഭക്ഷണം കഴിക്കുന്നത് അവർക്ക് ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം നൽകുന്നു. സമീകൃതമായ ആഹാരത്തിലൂടെ തലച്ചോറിലേക്ക് കൃത്യമായ അളവിലുള്ള ഗ്ലൂക്കോസ് വിതരണം നടക്കുന്നു. ഇത് ഉച്ചയ്ക്ക് ശേഷം ഏകാഗ്രത മെച്ചപ്പെടുത്താനും ഉൽപ്പാദനക്ഷമത വർധിക്കാനും ഊർജം നിലനിർത്താനും സഹായിക്കും.

ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം
നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയും ഒരു സമയക്രമം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഉച്ചയ്ക്ക് കൃത്യസമയത്ത് ആഹാരം കഴിക്കുന്നത് ദഹനേന്ദ്രിയ വ്യവസ്ഥ സജീവമായിരിക്കുന്ന സമയവുമായി പൊരുത്തപ്പെടുന്നു. ഇത് ആഹാരം ശരിയായി ദഹിക്കാനും പോഷകാഗിരണം ശരിയായി നടക്കാനും സഹായിക്കും. വയറിൽ എരിച്ചിൽ പോലുള്ള അസ്വസ്ഥതകളും ദഹനക്കേടും ഇല്ലാതാക്കാനും അത് സഹായിക്കുന്നു. മാത്രമല്ല ഉച്ചയൂണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് വിശപ്പ് നിയന്ത്രിക്കുകയും അമിതാഹാരത്തിനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യും.

നേട്ടങ്ങൾ
ഉച്ചഭക്ഷണം അടക്കമുള്ള ആഹാരങ്ങൾ ശരിയായ സമയത്ത് കഴിച്ചാൽ അത് ശരീരത്തിന് പലതരത്തിൽ ഗുണം ചെയ്യും. ഉറക്കം മെച്ചപ്പെടുക, മാനസികാവസ്ഥകൾ മെച്ചപ്പെടുക, സ്ട്രെസ്സ് കുറയുക, ശരീര ഭാരം കൃത്യമായി നിലനിർത്തുക തുടങ്ങി പല ഗുണങ്ങളും കൃത്യസമയത്ത് ആഹാരം കഴിക്കുന്നതിലൂടെ ശരീരത്തിനുണ്ടാകുന്നു.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.)