ഇഡ്ഡലി മാവ് ബാക്കിയുണ്ടോ?; എന്നാൽ ചായയോടൊപ്പം പക്കാവട കഴിക്കാം

  1. Home
  2. Lifestyle

ഇഡ്ഡലി മാവ് ബാക്കിയുണ്ടോ?; എന്നാൽ ചായയോടൊപ്പം പക്കാവട കഴിക്കാം

pakkavada


ബാക്കിവന്ന ഇഡ്ഡലി മാവ് ഉണ്ടെങ്കിൽ കറുമുറാ പക്കാവട കഴിക്കാം

ചേരുവകൾ
ഇഡ്ഡലി മാവ് - രണ്ട് കപ്പ്
പൊട്ടുകടല - രണ്ട് കപ്പ്
മുളകുപൊടി - 1 ടേബിൾസ്പൂൺ
ഉപ്പ് - 1/2 ടീസ്പൂൺ
ജീരകപ്പൊടി - 1/2 ടീസ്പൂൺ
കായപ്പൊടി - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം
ആദ്യം രണ്ട് കപ്പ് പൊട്ടുകടല എടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. നന്നായി പൊടിച്ച് എടുക്കണം. ഒട്ടും തരികളില്ലാതെ വേണം പൊടിച്ച് എടുക്കാൻ എന്നതും ശ്രദ്ധിക്കണം.

അതിനുശേഷം ഒരു പാത്രത്തിൽ രണ്ട് കപ്പ് ഇഡ്ഡലി മാവ് എടുക്കുക. അധികം പുളിക്കാത്ത മാവാണ് ഉചിതം. ശേഷം പൊട്ടുകടല പൊടിച്ചത് ഇഡ്ഡലി മാവിലേക്ക് ചേർക്കുക. ശേഷം മാവിലേക്ക് എരുവിന് ആവശ്യമായ ഒരു ടേബിൾസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ ഉപ്പ്, 1/2 ടീസ്പൂൺ ജീരകപ്പൊടി, 1/2 ടീസ്പൂൺ കായപ്പൊടി എന്നിവ ചേർക്കണം.

ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കണം. ശേഷം ഇത് നന്നായി യോജിപ്പിക്കുക. കൈവെച്ച് നന്നായി കുഴച്ചെടുക്കണം. ചപ്പാത്തിക്ക് കുഴയ്ക്കുന്ന പരുവത്തിൽ മയത്തിൽ കുഴച്ചെടുക്കണം. ഇനി സേവനാഴിയിലേക്കു പക്കവാടയുടെ അച്ച് ഇട്ട് കൊടുത്തു മാവ് നിറയ്ക്കുക. പിന്നാലെ ചൂടായ എണ്ണയിലേക്ക് ഇത് പിഴിഞ്ഞു കൊടുക്കാം. ഇനി ഇത് എല്ലാ വശങ്ങളും നന്നായി വേവുന്ന തരത്തിൽ ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക.

ചെറിയ ബ്രൗൺ കളറാകുന്നതു വരെ മൂപ്പിക്കണം. ഇനി ഇത് ഒരു പാത്രത്തിലേക്കു കോരി ഇടാം. ക്രിസ്പിയും ടേസ്റ്റിയും ആയിട്ടുള്ള ഈസി പക്കാവട റെഡി!