കുരുമുളകിൽ വരട്ടിയെടുത്ത പെപ്പർ ചിക്കൻ ഡ്രൈ; എളുപ്പത്തിൽ തയാറാക്കാം
എളുപ്പത്തിൽ പെപ്പർ ചിക്കൻ ഡ്രൈ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകൾ
ചിക്കൻ - 1 കിലോ
കുരുമുളക് പൊടി - രണ്ടര ടേബിൾസ്പൂൺ
നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
സവാള - 3 എണ്ണം
തക്കാളി - 1 എണ്ണം
ഇഞ്ചി - ചെറിയൊരു കഷ്ണം
വെളുത്തുള്ളി - ആറല്ലി
കറിവേപ്പില - രണ്ട് തണ്ട്
മല്ലിപ്പൊടി - ഒരു ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
വെള്ളം , ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ചിക്കൻ ഇടത്തരം വലുപ്പത്തിലള്ള കഷ്ണങ്ങളാക്കി വൃത്തിയായി കഴുകി, വാരിയെടുക്കുക. രണ്ട് ടേബിൾസ്പൂൺ കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചിക്കൻ കഷ്ണങ്ങളിൽ പുരട്ടി അരമണിക്കൂർ മാറ്റിവെക്കുക.
ഈ സമയം സവാള, തക്കാളി, വെളുത്തുള്ളി, എന്നിവ അരിഞ്ഞെടുക്കാം.
ഇനി ഒരു പാത്രം അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, സവാള, എന്നിവ ചേർത്ത് വഴറ്റുക.
ഗോൾഡൻ ബ്രൗൺ നിറമെത്തുമ്പോൾ തീ കുറച്ചുവെച്ച് മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കുക.
ഇതിലേക്ക് മസാല പിടിപ്പിച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ, കറിവേപ്പില, തക്കാളി എന്നിവ ചേർക്കുക. ആദ്യം തീ കൂട്ടിവെച്ച് നന്നായി ഇളക്കി, എല്ലാ ചേരുവകളും യോജിപ്പിക്കുക. അതിനുശേഷം അരക്കപ്പ് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. ഇടക്കിടെ അടപ്പ് തുറന്ന്, ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് ശേഷിക്കുന്ന കുരുമുളക് പൊടി കൂടി ചേർത്ത് ഇളക്കുക.
ഇനിയിത് ഡ്രൈ ആകുന്നത് വരെ ഇളക്കിക്കൊടുക്കുക.