രുചിയിൽ ഒന്നാമൻ, കഴിച്ചാൽ മരണം; അറിയാം ഈ തായ് വിഭവത്തെ

തായ് വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ഇന്നത്തെ കാലത്ത് ഇന്ത്യയിലെ വിവിധ റെസ്‌റ്റോറന്റുകളിലും തായ് വിഭവങ്ങൾ ലഭ്യമാണ്. തായ് ഭക്ഷണം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടിയെത്തുന്നത് ടാങ്കി ടോം സൂപ്പ്, പാഡ് തായി, ഗ്രീൻ കറി എന്നീ വിഭവങ്ങളാണ്. എന്നാൽ പലരുടെയും ജീവന് തന്നെ ഭീഷണിയാക്കുന്ന ഒരു തായ് വിഭവത്തെ നിങ്ങൾ കേട്ടിട്ടുണ്ടോ? തായ് പാരമ്പര്യത്തിന്റെ പേരിൽ തീൻമേശകളിൽ വിളമ്പുന്ന വിഭവം കഴിച്ചതോടെ 20,000 മരണങ്ങൾക്ക് കാരണമാകുന്നെന്നാണ് റിപ്പോർട്ട്. ഈ വിഭവത്തെ കുറിച്ചും ഇത് കഴിച്ചവർക്ക് സംഭവിക്കുന്നതിനെ കുറിച്ചും ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കോയി പ്ലാ എന്നാണ് ഈ വിഭവത്തിന്റെ പേര്. അസംസ്‌കൃത മത്സ്യങ്ങളും നാരങ്ങാനീരും സുഗന്ധവ്യജ്ഞനങ്ങളും ചേർത്ത് ഉണ്ടാക്കിയെടുത്ത വിഭവം അതീവരുചികരമാണെന്നാണ് പറയപ്പെടുന്നത്. ഈ വിഭവം ഒരു സ്പൂൺ കഴിച്ചാൽ ലിവർ ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകും. തായ്ലാൻഡിലെ ഖോൺ കെയിൻ, ഇസാൻ എന്നീ ദാരിദ്ര മേഖലയിലാണ് ഈ വിഭവം ജനപ്രീതി നേടിയിട്ടുള്ളത്.
ഈ വിഭവം കഴിച്ചാൽ എന്തുകൊണ്ടാണ് ക്യാൻസർ വരുന്നതെന്ന ചോദ്യത്തിന്, ഈ മത്സ്യത്തിനുള്ളിൽ കാണുന്ന പരാന്നഭോജികളായ പുഴുക്കളാണെന്നാണ് പറയപ്പെടുന്നത്. ഫ്ളൂക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഈ പുഴുക്കൾ വലിയ അപകടകാരികളാണ്. തായ്ലാൻഡിലെ ഇസാൻ മേഖലയിൽ ഈ വിഭവങ്ങൾ കഴിച്ച കൂടുതൽ പേരും ഇന്ന് ക്യാൻസർ ബാധിതരാണ്. ഒരിക്കൽ ഈ പുഴുക്കൾ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ പിത്തരസക്കുഴലുകളിൽ വർഷങ്ങളോളം വസിക്കും. ഇത് കരളിന് വീക്കമുണ്ടാകുകയും പിന്നീട് ക്യാൻസറിന് കാരണമാകുമെന്നാണ് പഠനത്തിൽ പറയുന്നത്.
ഈ വിഭവം കഴിച്ച് ഗുരുതരമായവരെ ചികിത്സിച്ച തായ്ലാൻഡിലെ പ്രശസ്ത കരൾ ശസ്ത്രക്രിയ വിദഗ്ദൻ നരോങ് ഖുന്തികെയോ ഈ വിഭവത്തെ വിളിക്കുന്നത് 'നിശബ്ദനായ കൊലയാളി' എന്നാണ്. ഈ വിഭത്തിനെ നേരിടാൻ വേണ്ടി മെഡിക്കൾ പ്രൊഫഷണലുകൾ ഉൾപ്പടെയുള്ളവരുടെ ഒരു സംഘത്തെ ഇദ്ദേഹം വിളിച്ചുകൂട്ടിയിരുന്നു. ഇസാൻ പ്രവിശ്യയുലുള്ളവരുടെ കരളിന്റെ ആരോഗ്യം പരിശോധിക്കാൻ ഒരു ക്യാമ്പ് ഇദ്ദേഹവും സംഘവും സംഘടിപ്പിച്ചു. കൂടാതെ കോയി പ്ലാ വിഭവങ്ങൾ കഴിച്ചാലുണ്ടാകുന്ന അപകടത്തെ കുറിച്ച് ഗ്രാമവാസികളെ ബോധവത്കരിക്കുകയും ചെയ്തു.
എരിവുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഇവിടുത്തെ ഗ്രാമവാസികൾ. അതുകൊണ്ട് തന്നെ അവരുടെ ഭക്ഷണരീതികളിൽ പെട്ടെന്നൊരു മാറ്റം കൊണ്ടുവരിക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. തങ്ങളുടെ പാരമ്പര്യത്തിന്റെ പേരിൽ തലമുറകളായി കൈമാറുന്ന ഈ ഭക്ഷണ വിഭവമാണ് പൂർവികരുടെ ജീവൻ പെട്ടെന്നെടുത്തതെന്ന് അറിഞ്ഞതോടെ അമ്പരപ്പും ഗ്രാമവാസികളിലുണ്ട്. തങ്ങളുടെ പ്രദേശത്തെ വയലുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന മത്സ്യങ്ങൾ ഉപയോഗിച്ചാണ് കോയി പ്ലാ തയ്യാറാക്കുന്നത്.