ആശ്വാസമാണ് ഇടയ്ക്കുള്ള വേനൽ മഴ; എന്നാൽ ഇവ ശ്രദ്ധിക്കണം

  1. Home
  2. Lifestyle

ആശ്വാസമാണ് ഇടയ്ക്കുള്ള വേനൽ മഴ; എന്നാൽ ഇവ ശ്രദ്ധിക്കണം

mosquitoes


ഈ ചൂടത്ത് ഇടയ്‌ക്കൊരു ആശ്വാസമായി ഒരു വേനൽ മഴ കിട്ടി. എങ്കിലും ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതൽ ആണ്. ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ വഴി എന്നത് കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കുക തുടങ്ങിയ പ്രവർത്തികളാണ്. അതുവഴി ഈഡിസ് കൊതുകുകൾ പരുക്കാനായുള്ള സാധ്യത ഒരുപരിധി വരെ കുറയ്ക്കാം. 

വീട്ടിനകത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫ്രിഡ്ജിന്റെ പുറകിലെ ട്രെ, ചെടിച്ചട്ടിയുടെ അടിയിൽ വച്ചിരിക്കുന്ന പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാര ചെടി പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസെറ്റ്, മുഷിഞ്ഞ വസ്ത്രങ്ങൾ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കണം. ശ്രദ്ധിക്കാത്ത പക്ഷം കൊതുകിന് വളരാനുള്ള സാഹചര്യം നമ്മൾ ഉണ്ടാക്കികൊടുക്കുന്ന പോലെയാവും.

വീടിന് പുറത്ത് 
ഉപയോഗ ശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയർ, ആട്ടുകല്ല്, ഉരൽ, ക്ലോസറ്റുകൾ, വാഷ്‌ബേസിനുകൾ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴുകയോ കെട്ടികിടക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ ആയിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കേണ്ട മറ്റു സ്ഥലങ്ങൾ ടെറസ്സ്, സൺഷേഡ്, റൂഫിന്റെ പാത്തി എന്നിവിടങ്ങളാണ്. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും നല്ല രീതിയിൽ മൂടിയിട്ട് സൂക്ഷിക്കാനും മറക്കരുത്. അതുപോലെ തന്നെ പൊതുയിടങ്ങളിൽ പാഴ് വസ്തുക്കൾ വലിച്ചെറിയരുത്. വലിച്ചെറിയുന്ന വസ്തുക്കളിൽ ഏതെങ്കിലും സാഹചര്യത്തിൽ വെള്ളമോ മറ്റോ ഉണ്ടായാൽ കൊതുകിന് മുട്ടയിടാനുള്ള അവസരം നമ്മളായിട്ട് ഉണ്ടാക്കുകയാണ്.

കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ക്രീമുകൾ ലഭ്യമാണ്. അത് ഉപയോഗിക്കുക. ശരീരം മൂടുന്ന തരത്തിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ജനലിലൂടെയും വാതിലിലൂടെയും വെന്റിലേറ്ററുകളുടെ ഇടയിലൂടെയും കൊതുക് വരാതിരിക്കാൻ നെറ്റ്, കൊതുക് വല തുടങ്ങിയ ഘടിപ്പിക്കുക. മാത്രമല്ല എവിടെയെങ്കിലും ഈഡിസ് കൊതുകുകൾ വളരാനുള്ള സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്വയംഭരണ വകുപ്പിനെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കണം.