അകാല നരയിൽ വിഷമിക്കേണ്ട; ഈ പൊടിക്കൈകൾ പ്രയോഗിക്കൂ

  1. Home
  2. Lifestyle

അകാല നരയിൽ വിഷമിക്കേണ്ട; ഈ പൊടിക്കൈകൾ പ്രയോഗിക്കൂ

HAIR


അകാലനര ഇക്കാലത്ത് ഏവരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. സമ്മർദ്ദവും, ഉറക്ക കുറവും, നിങ്ങളുടെ ഭക്ഷണശൈലിയും ഇതിന് കാരണങ്ങളാകാറുണ്ട്. ഒരൽപ്പം ശ്രദ്ധിച്ചാൽ ഇത് പ്രതിരോധിച്ചു നിർത്താവുന്നതേയുള്ളൂ.

അതിനായി വീട്ടിൽ തന്നെ ലഭ്യമായ ചില ചേരുവകൾ ഉപയോഗിക്കാം. അവ ഫലപ്രദമായിരിക്കും എന്നു മാത്രമല്ല പാർശ്വഫലങ്ങൾ വളരെ കുറവായിരിക്കും. ഇനി തലമുടിയുടെ അഴകിൽ ഒട്ടും കുറവു വേണ്ട. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ഹെയർ കെയർ ടിപ്സുകൾ പരിചയപ്പെടാം.

ഉലുവ

അൽപ്പം ഉലുവ വെള്ളത്തിൽ ചേർത്ത് തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചതിനു അടുപ്പണച്ച് തണുക്കാൻ വയ്ക്കാം. തുടർന്ന് ഉലുവ അരിച്ചു മാറ്റി വച്ചോളൂ. വെള്ളത്തിലേക്ക് കറ്റാർവാഴയുടെ ജെൽ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിലും തലമുടിയിലും പുരട്ടുക. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് ഗുണപ്രദമായിരിക്കും. 

മൈലാഞ്ചി നെല്ലിക്ക

ഒരു പിടി തുളസിയില, ഒരു ടീസ്പൂൺ മൈലാഞ്ചിയില, ഒരു ടീസ്പൂൺ നെല്ലിക്ക ഉണക്കിപൊടിച്ചത് എന്നിവയിൽ അൽപ്പം വെള്ളം ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത് തലമുടിയിൽ പുരട്ടി അൽപ്പ സമയത്തിനു ശേഷം കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്തു നോക്കൂ. 

നെല്ലിക്ക

നെല്ലിക്ക ഉണക്കപൊടിച്ചത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. ധാരാളം ആൻ്റി ഓക്സിഡൻ്റുകളും വിറ്റാമി സിയും അതിൽ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക എണ്ണ തയ്യാറാക്കിയോ പൊടി വെളിച്ചെണ്ണയിൽ കലർത്തിയോ ഉപയോഗിക്കാം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യാം. 

ചെമ്പരത്തി

തലമുടിയുടെ ആരോഗ്യത്തിന് ചെമ്പരത്തി വ്യാപകമായി ഉപയോഗിക്കാറുണ്ട്. ചെമ്പരത്തിയുടെ ഇല പ്രകൃതിദത്തമായ ഒരു ഷാമ്പൂവാണ്. ചെമ്പരത്തി ഇല അരച്ചെടുത്ത് തലമുടിയിൽ പുരട്ടാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. 

കാപ്പിപ്പൊടി

കുറച്ച് കാപ്പിപ്പൊടിയിലേക്ക് അൽപ്പം വെള്ളം ഒഴിച്ചി കലക്കിയെടുക്കാം. ഇത് ഒരു ഗ്ലാസ് ബോട്ടിലിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചോളൂ. 24 മണിക്കൂറിനു ശേഷം ഫ്രിഡ്ജിൽ നിന്നെടുത്ത് കോട്ടൺ തുണി ഉപയോഗിച്ച് അരിച്ചെടുക്കാം. ഇത് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം. എല്ലാ ദിവസവും രണ്ട് നേരം ഇത് തലയോട്ടിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 20 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ബാക്കി വരുന്ന കോഫി മാസ്ക് ഫ്രിഡ്ജിൽ സൂക്ഷിച്ച് രണ്ടാഴ്ച വരെ ഉപയോഗിക്കാം

ഉള്ളി നീര്

ചുവന്നുള്ളി ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് അരച്ചെടുക്കുക. ശേഷം അത് പിഴിഞ്ഞ് നീര് മാത്രമെടുക്കാം. ഇത് തലയോട്ടിയിലും തലമുടിയിലും പുരട്ടി മസാജ് ചെയ്യുക. പത്ത് മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. 

(മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല.)