പുട്ടിന്റെ കൂടെ ദാ ഈ സാധനങ്ങൾ കഴിക്കരുത്; കാരണം ഇതാണ്
ഇനിമുതൽ പുട്ട് കഴിക്കും മുൻപ് കുറച്ച് കാര്യങ്ങൾ മനസ്സിൽ ഓർക്കുന്നത് നല്ലതായിരിക്കും. മലയാളിത്തനിമയുള്ള ആഹാരമാണ് പുട്ട് എങ്കിലും, നമ്മൾ മലയാളികൾ പുട്ട് കഴിക്കുന്ന രീതിയിൽ ചില പ്രശ്‌നങ്ങളുണ്ട്. അവ തിരുത്തിയില്ലെങ്കിൽ ആരോഗ്യം എപ്പോൾ വേണമെങ്കിലും പണിതരാം. അവ എന്താണെന്ന് വായിക്കാം.
പുട്ടും ചായയും കാപ്പിയും
പുട്ട് കഴിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ചായ കുടിക്കാറുണ്ടോ ചിലർ പുട്ടിൽ ചായ ഒഴിച്ച് കഴിക്കുന്നവരും ഉണ്ട്. എന്നാൽ, ഇത് എത്രത്തോളം നല്ലതാണ് ഒരിക്കലും ഭക്ഷണം കഴിക്കുമ്പോൾ ചായ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചിലർ ആഹാരം കഴിച്ചു കഴിഞ്ഞ് ഉടനെ തന്നെ ഒരു ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്നത് കാണാം. ഇതും നല്ലതല്ല. ചായയിലും കാപ്പിയിലും പോളിഫെനോൾസ്, ടാന്നിൻ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ, നമ്മൾ ആഹാരത്തിന്റെ കൂടെ ചായ കുടിക്കുമ്പോൾ, ദഹന പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു. അസിഡിറ്റി പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. അതുപോലെ, നമ്മൾ കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങൾ കൃത്യമായി നമ്മുടെ ശരീരത്തിൽ എത്താതിരിക്കുന്നതിനും ഇത് ഒരു കാരണമാകുന്നു. പ്രത്യേകിച്ച് അയേൺ ശരീരത്തിൽ എത്തുന്നത് തടയുന്നു. ഇവ കൂടാതെ, അമിതമായിട്ടുള്ള തലവേദന, നിർജലീകരണം, മനസികസമ്മർദ്ദം എന്നിവയെല്ലാം അനുഭവിക്കാനും ഇത് വഴിയൊരുക്കും.
പുട്ടും പഴവും
പലർക്കും ഇഷ്ടമുള്ള കോമ്പിനേഷനാണ് പുട്ടും പഴവും. ചിലർ നേന്ത്രപ്പഴം പുഴുങ്ങി, അതും കൂട്ടി പുട്ട് കഴിക്കും. ചിലർക്ക് ചെറുപഴം തന്നെ ധാരാളം! പുട്ടിന് കോമ്പിനേഷനായി പഴവും ഉണ്ടെങ്കിൽ മൂന്ന് നേരവും പുട്ട് മാത്രം കഴിക്കുന്നവരും ഉണ്ട്. എന്നാൽ, ഈ പുട്ടും പഴവും ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് ചോദിച്ചാൽ, അത് അത്ര നല്ലതല്ല. കാരണം, പുട്ട് അരി, അല്ലെങ്കിൽ ഗോതമ്പ് എന്നിവ കൊണ്ടിയിരിക്കും ഉണ്ടാക്കുന്നത്. ഇത്തരം പുട്ടിൽ നാരുകളുടെ അംശം കുറവാണ്. പകരം, ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ഈ കാർബോഹൈഡ്രേറ്റ് ശരീരത്തിൽ എത്തുമ്പോൾ അത് ഗ്ലൂക്കോസ്സായി മാറുന്നു. രക്തത്തിൽ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കും.
ഈ പുട്ടിന്റെ കൂടെ പഴം കഴിക്കുമ്പോൾ, പഴവും മധുരമാണ്. കൂടാതെ, പഴം ആഹാരത്തെ വേഗത്തിൽ ദഹിപ്പിക്കും. ഇത്തരത്തിൽ ആഹാരം വേഗത്തിൽ ദഹിക്കുമ്പോൾ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കുന്നതിനും കാരണമാണ്. ഇത് ശരീരത്തിന് നല്ലതല്ല. അതിനാൽ, പുട്ടിന്റെ കൂടെ പഴം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇടവേളകളിൽ ആഹാരം കഴിച്ചു കഴിഞ്ഞ് 3 മണിക്കൂർ കഴിയുമ്പോൾ പഴം കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനും നല്ലതാണ്.
പുട്ടും പഞ്ചസ്സാരയും
ചിലർ പുട്ടിന്റെ കൂടെ പഞ്ചസ്സാര ചേർത്ത് കഴിക്കുന്നത് കാണാം. ഇതും ആരോഗ്യത്തിന് നല്ലതല്ല. പുട്ടിലും പഞ്ചസ്സാരയുടെ അളവ് കൂടുതലാണ്. ഇതിനുപുറമെ വീണ്ടും പഞ്ചസ്സാര ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കുന്നതിന് കാരണമാകും. ഇത് ആരോഗ്യത്തിന് നല്ലതല്ല.
പുട്ട് കഴിക്കേണ്ട വിധം
പുട്ടിന്റെ കൂടെ നല്ല പ്രോട്ടീൻ അടങ്ങിയ കറികൾ കൂട്ടി കഴിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച്, കടല, പയർ, ഇറച്ചി, മീൻ എന്നിവ കൂട്ടി പുട്ട് കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലേയ്ക്ക് പ്രോട്ടീൻ എത്താനും സഹായിക്കും. അതുപോലെ, ആഹാരം കഴിച്ച് കഴിഞ്ഞ് ഒരു 1 മണിക്കൂറിന് ശേഷം മാത്രം ചായ കുടിക്കാൻ ശ്രദ്ധിക്കുക.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.)