കന്നഡക്കാരുടെ സ്വന്തം റാഗി മുദ്ദേ; തയാറാക്കി നോക്കിയാലോ?, കഴിച്ചാൽ ദിവസം മുഴുവൻ എനർജി

  1. Home
  2. Lifestyle

കന്നഡക്കാരുടെ സ്വന്തം റാഗി മുദ്ദേ; തയാറാക്കി നോക്കിയാലോ?, കഴിച്ചാൽ ദിവസം മുഴുവൻ എനർജി

ragi-mudde


റാഗി മുദ്ദേ എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം. വെറും 25 മിനിട്ട് കൊണ്ട് ഈ വിഭവം തയ്യാറാക്കാം. പക്ഷേ ഇതുണ്ടാക്കുമ്പോൾ വളരെ ശ്രദ്ധയോടെ ഉണ്ടാക്കണം, കാരണം പിഴവ് പറ്റിയാൽ ദഹനപ്രശ്നം വരാനിടയുണ്ട്. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ധാന്യമാണ് റാഗി എന്നതിനാൽ ഇത് ദഹിക്കാൻ സമയമെടുക്കും. അതേസമയം മുദ്ദേ കഴിച്ചാൽ ആ ദിവസം പിന്നെ വിശക്കില്ല എന്ന് വേണമെങ്കിൽ പറയാം. 

ചേരുവകൾ
റാഗിപ്പൊടി - ഒരു കപ്പ്
വെള്ളം
ഉപ്പ്
നെയ്യ്

തയാറാക്കുന്ന വിധം
ആദ്യം ഒരു ടേബിൾസ്പൂൺ റാഗിപ്പൊടി ഒരു ചെറിയ പാത്രത്തിൽ എടുത്ത് അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് കട്ടകളില്ലാതെ നന്നായി കലക്കിയെടുക്കുക. ഇത് മാറ്റിവെക്കുക.

ഇനി രണ്ട് കപ്പ് വെള്ളം ഒരു അടി കട്ടിയുള്ള പാത്രത്തിൽ അടുപ്പത്ത് വെച്ച് ചൂടാക്കുക.

ഇതിലേക്ക് അര ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ നെയ്യും ചേർക്കുക. പരമ്പരാഗതരീതിയിൽ ഇവ ചേർക്കാറില്ല. പക്ഷേ രുചിക്കായി ആവശ്യമെങ്കിൽ ചേർക്കാം.

വെള്ളം തിളയ്ക്കുമ്പോൾ കലക്കിവെച്ചിരിക്കുന്ന റാഗി ഒരു സ്പൂൺ കൊണ്ട് ചേർത്ത് നന്നായി ഇളക്കുക.

തീ കുറച്ചുവെച്ച് കുമിളകൾ വരുന്നത് വരെ ഇത് നന്നായി വേവിക്കുക.
ഇതിലേക്ക് ബാക്കിയുള്ള റാഗിപ്പൊടി കൂടി ചേർക്കുക.

ഇനി ഒരു മരത്തടി കൊണ്ട് പൊടി ചപ്പാത്തിമാവ് പരുവത്തിൽ കട്ടകളില്ലാതെ നന്നായി കുഴച്ചെടുക്കുക.

ഇനി പാത്രം ഒരു അടപ്പ് വെച്ച് 5 മിനിട്ട് അടച്ചുവെക്കുക. തീ ഏറ്റവും കുറച്ചായിരിക്കണം വെക്കേണ്ടത്. അഞ്ച് മിനിട്ടിന് ശേഷം തീ ഓഫ് ചെയ്യുക. ഈ സമയം കൊണ്ട് മാവ് വെന്തിട്ടുണ്ടാകും.

മാവ് ശരിക്കും വെന്തോ എന്നറിയുന്നതിനായി വിരലോ ഒരു സ്പൂണോ മാവിൽ മുക്കുക. മാവ് അതിൽ ഒട്ടിപ്പിടിച്ചില്ലെങ്കിൽ വെന്തു എന്നാണ് അർത്ഥം.

ഇനി അൽപ്പം നെയ്യ് മാവിലേക്ക് ഒഴിച്ച് കൈ കൊണ്ട് നന്നായി കുഴയ്ക്കുക.

ഇനി മാവ് വലിയ ഉരുളകളാക്കിയെടുക്കുക. റാഗി മുദ്ദെ തയാർ.

സാമ്പാറിനൊപ്പമോ മറ്റെന്തെങ്കിലും കറിക്കൊപ്പമോ ഇത് കഴിക്കാം. ചിലർ ഇതിനൊപ്പം ഇലക്കറികളും മറ്റുചിലർ ചിക്കൻ കറിയും കൂട്ടാറുണ്ട്. പരമ്പരാഗതരീതിയിൽ റാഗി മുദ്ദേയ്ക്കൊപ്പം ബസ്സരു, മസ്സൊപ്പു, സാറു അല്ലെങ്കിൽ എന്തെങ്കിലും പരിപ്പ് കറി എന്നിവയാണ് കൂട്ടാറ്.