വേവിയ്ക്കാത്ത അരി കഴിയ്ക്കാൻ തോന്നാറുണ്ടോ?; അത് വെറുമൊരു തോന്നൽ അല്ല

  1. Home
  2. Lifestyle

വേവിയ്ക്കാത്ത അരി കഴിയ്ക്കാൻ തോന്നാറുണ്ടോ?; അത് വെറുമൊരു തോന്നൽ അല്ല

rice


അരി നാം പൊതുവേ ഉപയോഗിയ്ക്കുന്ന ഭക്ഷണ വസ്തുവാണ്. എന്നാൽ വേവിയ്ക്കാത്ത, അതായത് പാകം ചെയ്യാത്ത അരി കഴിയ്ക്കുന്നതോ, വെറുതേ കഴിയ്ക്കുന്നതല്ല, ഇത് കഴിയ്ക്കണം എന്ന തോന്നൽ, വേവിയ്ക്കാത്ത അരിയോടുളള താൽപര്യം തന്നെയാണ് പറയുന്നത്. പൈക (pica) എന്ന പ്രത്യേക അവസ്ഥയാണ് ഇത്. ഭക്ഷണമല്ലാത്ത ചിലതിനോട് തോന്നുന്ന താൽപര്യമാണിത്. ഇതിന് പേപ്പറിനോടാകാം, ചോക്കിനോടാകാം, ഇതു പോലെയുള്ള മറ്റ് പല വസ്തുക്കളോടുമുണ്ടാകാം. വേവിയ്ക്കാത്ത അരി മാത്രമല്ല, വേവിയ്ക്കാത്ത ഉരുളക്കിഴങ്ങ്, മാവ് തുടങ്ങിയ പലതിനോടും ഇത്തരത്തിൽ താൽപര്യമുണ്ടാകുന്നവരുണ്ട്.

അപര്യാപ്തത
ഇതിന് പ്രധാന കാരണം ശരീരത്തിലെ ചില വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും അപര്യാപ്തതയാണ്. അനാരോഗ്യകരമായ വസ്തുക്കളാണ് കഴിയ്ക്കുന്നതെന്നതിനാൽ ഇത് ആരോഗ്യത്തിനും പല്ലിനുമെല്ലാം തന്നെ ദോഷകരമായി മാറുകയും ചെയ്യുന്നു.

ചിലത് ഗുരുതര ആരോഗ്യ പ്രശ്നമായി മാറാവുന്നതാണ്. ഉദാഹരണത്തിന് പൈകയിൽ തന്നെ ട്രൈകോഫാൽജിയ എന്ന ഒരു അവസ്ഥയുണ്ട്. മുടി തിന്നുന്ന അവസ്ഥയാണിത്. ഇത് ദഹനേന്ദ്രിയത്തിൽ കുടുങ്ങി പല ഗുരുതരമായ ആരോഗ്യാവസ്ഥകളുമുണ്ടാകാം.

പച്ചയ്ക്ക് കഴിയ്ക്കാനുള്ള തോന്നൽ
ഇതിന്റെ ലക്ഷണം അനാരോഗ്യകരമായ, ഭക്ഷണ വസ്തുക്കളല്ലാത്ത, ഇതല്ലെങ്കിൽ വേവിച്ച് മാത്രം കഴിയ്ക്കാവുന്നവ പച്ചയ്ക്ക് കഴിയ്ക്കാനുള്ള തോന്നൽ തന്നെയാണ്. വെറും തോന്നൽ എന്നു പറയാനാകില്ല, ഇവർക്ക് ഈ തോന്നൽ നിയന്ത്രിയ്ക്കാനാകില്ല. അനാരോഗ്യകരമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇവർ ഇത് ചെയ്യുന്നത്.

മാത്രമല്ല, സമൂഹത്തിൽ അറിഞ്ഞാൽ മോശമെന്ന പ്രതീതിയുണ്ടാക്കുമെന്നതിനാൽ ഇത്തരം പ്രശ്നം തനിക്കുണ്ടെന്ന കാര്യം മറച്ചു വയ്ക്കാനും ഇവർ തയ്യാറാകും. ഇതിനാൽ ഇത് മാനസികമായ ആരോഗ്യാവസ്ഥ കൂടിയാകുന്നു.

ആരോഗ്യപരമായ പ്രശ്നങ്ങൾക്കും
പൈക പല ആരോഗ്യപരമായ പ്രശ്നങ്ങൾക്കും വഴിയൊരുക്കാം. അനീമിയ, അസ്‌കാരിയാസിസ് അഥവാ റൗണ്ട് വേം ഇൻഫെക്ഷൻ, മലബന്ധം, ഇലക്ട്രോളൈറ്റ് അനന്തുലിതാവസ്ഥ, അരിത്തിമിയാസിസ് അഥവാ ഹൃദയമിടിപ്പിലെ വ്യത്യാസം, ലെഡ് പോയ്സനിംഗ്, ചെറുകുടൽ, വൻകുടൽ ബ്ലോക്കേജ് തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഈ പൈക വഴിയൊരുക്കുന്നു. ഇത്തരം അനാരോഗ്യകരമായ വസ്തുക്കൾ വായിലിട്ടു കടിയ്ക്കുന്നതിനാൽ വായ്ക്കും പല്ലിനുമുണ്ടാകുന്നു പ്രശ്നങ്ങളും.

പൊതുവേ വേവിയ്ക്കാത്ത അരി, ചാരം, പൗഡർ, ചോക്ക്, കൽക്കരി, മണ്ണ്, കാപ്പിപ്പൊടി, മുട്ടത്തോട്, മുടി, ചരട്, ഐസ്, പെയിന്റ് ചിപ്സ്, കല്ല്, പേപ്പർ, സോപ്പ്, വസ്ത്രം, സോപ്പ് പൗഡർ തുടങ്ങിയ പല വസ്തുക്കളും പൈക ബാധിച്ചവർ കഴിയ്ക്കുന്ന വസ്തുക്കളിൽ പെടുന്നു.

നാം പൊതുവേ മണ്ണ് തിന്നുന്ന കുട്ടികളെപ്പററി കേട്ടു കാണും. തീരെ ചെറിയ കുട്ടികളാല്ലത്തവർ. ഇതിന് പുറകിലെ അടിസ്ഥാന കാരണവും ചിലപ്പോൾ ഇത് തന്നെയാകാം.