പങ്കാളിയുടെ പെരുമാറ്റത്തില്‍ ഈ മാറ്റങ്ങളുണ്ടോ?; ദാമ്പത്യത്തിലെ അസംതൃപ്തി അറിയാം

  1. Home
  2. Lifestyle

പങ്കാളിയുടെ പെരുമാറ്റത്തില്‍ ഈ മാറ്റങ്ങളുണ്ടോ?; ദാമ്പത്യത്തിലെ അസംതൃപ്തി അറിയാം

love


ദാമ്പത്യത്തില്‍ പങ്കാളികള്‍ രണ്ടുപേരും ഒരുപോലെ സംതൃപ്തരായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇണക്കങ്ങളും പിണക്കങ്ങളും സാധാരണമാണ്. പക്ഷേ ദാമ്പത്യത്തില്‍ ഒരാള്‍ക്ക് അസംതൃപ്തി, മടുപ്പ്, വിരസത എന്നിവ തോന്നിത്തുടങ്ങിയാല്‍ അത് മറ്റേയാളെ കൂടി ബാധിക്കും. പലര്‍ക്കും പല കാരണങ്ങള്‍ കൊണ്ടും ദാമ്പത്യത്തില്‍ മടുപ്പും അസംതൃപ്തിയും ഉണ്ടാകാറുണ്ട്. അവരുടെ സ്വഭാവത്തിലെ മാറ്റങ്ങളിലൂടെയോ മറ്റ് ചില സൂചനകളിലൂടെയോ അത് പ്രകടമാകുകയും ചെയ്യും.

ബന്ധത്തില്‍ പങ്കാളിക്ക് അതൃപ്തിയുണ്ടോ എന്നറിയാന്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

ആശയവിനിമയത്തിലെ പാകപ്പിഴകള്‍

ആശയവിനിമയം അല്ലെങ്കില്‍ ലളിതമായി പറഞ്ഞാല്‍ പരസ്പരമുള്ള സംസാരത്തില്‍ കുറവ് വരികയും എന്തെങ്കിലും അസ്വാഭാവികത തോന്നുകയോ ചെയ്താല്‍ പങ്കാളി ബന്ധത്തില്‍ അത്ര തൃപ്തനല്ലെന്ന് കരുതാം. അകലം കാണിക്കുക, സംസാരികകാന്‍ മടികാണിക്കുക, കുറച്ച് സംസാരിക്കുക, സംസാരിക്കാന്‍ ചെല്ലുമ്പോള്‍ ദേഷ്യത്തില്‍ മറുപടി നല്‍കുക, പ്രശ്‌നങ്ങള്‍ സംസാരിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറുക എന്നിവയെല്ലാം ഒരുപക്ഷേ ബന്ധത്തില്‍ പങ്കാളിക്കുള്ള സന്തോഷക്കുറവ് അല്ലെങ്കില്‍ അതൃപ്തി ആയിരിക്കാം സൂചിപ്പിക്കുന്നത്.

വൈകാരികമായ പിന്മാറ്റം

ബന്ധത്തില്‍ പങ്കാളിയുടെ ഭാഗത്ത് നിന്നും വൈകാരികമായ ഇടപെടല്‍ കുറയുക, സ്‌നേഹപ്രകടനം കുറയുക, പിന്തുണ കുറയുക, സഹാനുഭൂതി കുറയുക എന്നിവയെല്ലാം അവര്‍ക്ക് ബന്ധത്തിലുള്ള മടുപ്പും ഇഷ്ടക്കുറവും സൂചിപിക്കുന്നു.

താല്‍പ്പര്യക്കുറവ്

ഒരിക്കല്‍ പങ്കാളിക്കൊപ്പമോ ഒറ്റയ്‌ക്കോ ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പ്പര്യം നഷ്ടപ്പെടുന്നതും അപകടസൂചനയാണ്. ഒന്നിച്ച് ആസ്വദിച്ച് ചെയ്ത കാര്യങ്ങളില്‍ പെട്ടെന്ന് താല്‍പ്പര്യം നഷ്ടപ്പെടുന്നത് പങ്കാളിയുമൊത്ത് നല്ല സമയം ചെലവഴിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്നു.

നിരന്തരമായ സംഘര്‍ഷം

പതിവായി പ്രശ്‌നങ്ങള്‍, തര്‍ക്കം, അഭിപ്രായഭിന്നത എന്നിവ പരിഹരിക്കപ്പെടാതെ ഉള്ളില്‍ കിടക്കുന്ന പ്രശ്‌നങ്ങളുടെയും അടുപ്പമില്ലായ്മയുടെയും സൂചനയാണ്. നിരാശ, അസ്വസ്ഥത, ദേഷ്യം എന്നിവയിലൂടെ അടിക്കടി പങ്കാളി അവരുടെ അസന്തുഷ്ടി പ്രകടമാക്കാം.

അടുപ്പക്കുറവ്

ശാരീരികവും മാനസികവുമായ അടുപ്പം കുറഞ്ഞുവരുന്നതും പങ്കാളിക്ക് ബന്ധത്തിലുള്ള താല്‍പ്പര്യക്കുറവാണ് സൂചിപ്പിക്കുന്നത്. സ്‌നേഹമില്ലായ്മ, ലൈംഗികതാല്‍പ്പര്യം ഇല്ലാതിരിക്കുക, പൊതുവേ അകല്‍ച്ച കാണിക്കുക എന്നിവ അവര്‍ ബന്ധത്തില്‍ സന്തുഷ്ടരല്ലെന്ന് വ്യക്തമാക്കുന്നു. ആ അസന്തുഷ്ടി അവരുടെ വൈകാരികനിലയെയും സ്വാധീനിക്കും.

സ്വഭാവത്തിലും ദിനചര്യയിലുമുള്ള മാറ്റം

പങ്കാളിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വരികയും അവര്‍ കൂടുതല്‍ രഹസ്യാത്മക സ്വഭാവമുള്ളവരാകുക, ദിനചര്യ മാറുക, അടിക്കടി വീട്ടില്‍ ഇല്ലാതിരിക്കുക, എവിടെ പോയെന്ന് പറയാതിരിക്കുക എന്നിവ ബന്ധത്തില്‍ അവര്‍ സന്തുഷ്ടരല്ലെന്ന് സൂചിപ്പിക്കുന്നു. ദാമ്പത്യത്തിലുള്ള തൃപ്തിക്കുറവും മറ്റ് ചില കാര്യങ്ങളില്‍ അവരുടെ താല്‍പ്പര്യം വര്‍ധിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുന്നത്.

പൊതുവേ ദാമ്പത്യത്തിലുള്ള അതൃപ്തി ഈ രീതിയിലാണ് പ്രകടമാകുന്നതെങ്കിലും ഓരോ ആളുകളിലും ഇത് വ്യത്യാസപ്പെടാം. പങ്കാളിയില്‍ നിന്നും ഇത്തരം സൂചനകള്‍ ലഭിച്ചാല്‍ സഹാനുഭൂതിയോടെയും ഒന്നിച്ച് തുറന്ന് സംസാരിച്ചും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക.