പാചക എണ്ണ പലതവണ ചൂടാക്കി ഉപയോഗിക്കാറുണ്ടോ?: ഈ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയേറെ

  1. Home
  2. Lifestyle

പാചക എണ്ണ പലതവണ ചൂടാക്കി ഉപയോഗിക്കാറുണ്ടോ?: ഈ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയേറെ

oil


മിക്ക വീടുകളിലും എന്തെങ്കിലും വറക്കാനോ പൊരിക്കാനോ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ട്. പപ്പടം വറക്കാനോ, പൂരിയുണ്ടാക്കാനോ, എണ്ണയിൽ പൊരിച്ചെടുക്കുന്ന പലഹാരങ്ങൾ ഉണ്ടാക്കാനോ ഉപയോഗിക്കുന്ന എണ്ണ വെറുതെ കളയാൻ ആർക്കും തോന്നാറില്ല. എണ്ണയുടെ വിലയും സാധനങ്ങൾ വെറുതേ കളയാനുള്ള മടിയും കാരണമാണ് പലരും ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്. അത് ആരോഗ്യത്തിന് നല്ലതല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നയാണ് മിക്കവരും ഇത് ആവർത്തിക്കുന്നത്. 

പക്ഷേ ഈ ശീലം മൂലം ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് ബോധ്യപ്പെട്ടാൽ ഒരുപക്ഷേ ആ പതിവ് തുടരില്ല.

ഭക്ഷണസാധനങ്ങൾ വറുത്തെടുക്കാൻ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്ത് ഓക്സിഡേറ്റീവ് സ്ട്രെസ്സും ഇൻഫ്ളമേഷനും ഉണ്ടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുമൂലം ന്യൂറോഡീജനറേറ്റീവ് അസുഖങ്ങളും ഗുരുതരമായ മറ്റ് അസുഖങ്ങളും ഉണ്ടാകാം.

തലച്ചോറിനെ ബാധിക്കും
ഏറെക്കാലം ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ച ആളുകളിൽ മസ്തിഷ്‌കത്തിന് സ്ഥിരമായ കേടുപാടുകൾ വരുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദഹന വ്യവസ്ഥ, തലച്ചോറ്, വൃക്ക എന്നിവ തമ്മിലുള്ള ബാലൻസ് അവതാളത്തിലാകുന്നത് കൊണ്ടാണിത്. മാത്രമല്ല, പുനരുപയോഗിക്കുന്ന പാചക എണ്ണ മൂലം ശരീരത്തിൽ വിഷ വസ്തുക്കൾ ഉൽപ്പാദിപ്പിക്കപ്പെടുകയും ശരീരത്തിലെ ഫ്രീ റാഡിക്കലുകൾ വർദ്ധിക്കുകയും ചെയ്യും. ഉപയോഗിച്ച പാചക എണ്ണ പുനരുപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഇനി അഥവാ ഉപയോഗിച്ചാൽ തന്നെ പരമാവധി മൂന്ന് തവണയേ ഉപയോഗിക്കാവൂ എന്നും ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

ഉയർന്ന താപനിലയിൽ പാചക എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ അവയുടെ സ്വാഭാവികമായ രാസഘടനയിൽ വ്യത്യാസമുണ്ടാകുന്നു. അങ്ങനെ എണ്ണയിലെ ഗുണപരമായ ആന്റിഓക്സിഡന്റുകളുടെ അളവ് കുറയ്ക്കുകയും ട്രാൻസ് ഫാറ്റുകൾ, അക്രൈലമൈഡ്, ആൽഡിഹൈഡ് എന്നിങ്ങനെയുള്ള ശരീരത്തിന് ദോഷം ചെയ്യുന്ന സംയുക്തങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

എണ്ണ ഒന്നിലധികം തവണ ചൂടാക്കുമ്പോൾ അതിലെ ആരോഗ്യ ഗുണങ്ങളെല്ലാം നഷ്ടമാകുന്നു. പിന്നീട് ഓരോ തവണയും ഉപയോഗിക്കുമ്പോൾ കൂടുതൽ വിഷാംശങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ചൂടാക്കുന്നതിലൂടെ, എണ്ണയിലെ ഫാറ്റി ആസിഡുകളുടെ ഘടന വ്യത്യാസപ്പെടുകയും റിയാക്റ്റീവ് ഓക്സിജൻ പോലുള്ളവയുടെ ലിപ്പിഡ് ഓക്സിഡേഷൻ വർദ്ധിക്കുകയും ചെയ്യുന്നു.

പാചക എണ്ണ പുനരുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അൽഷിമേഴ്സ്, മറവിരോഗം പോലുള്ള ന്യൂറോഡീജനറേറ്റീവ് അസുഖങ്ങൾ ഉണ്ടാക്കുന്നതിന് പുറമേ, ഈ ശീലം കൊളസ്ട്രോൾ അധികരിക്കാനും ഹൃദയാഘാതത്തിനും ഹൃദ്രോഗങ്ങൾക്കും സ്ട്രോക്കിനും കാരണമാകുമെന്ന് മിക്ക പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

പാചക എണ്ണ വീണ്ടും ഉപയോഗിക്കുമ്പോഴുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾ
തലച്ചോറിനുണ്ടാകുന്ന തകരാറിന് പുറമേ എണ്ണ ഒന്നിലധികം തവണ ചൂടാക്കി ഉപയോഗിക്കുമ്പോൾ വേറെയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. 

അർബുദ സാധ്യത 
എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആൽഡിഹൈഡ് എന്ന വിഷവസ്തു കാർസിനോജെനിക് ആണ്. അവ അർബുദത്തിന് കാരണമായേക്കും.

അസിഡിറ്റി
അസിഡിറ്റി ഇക്കാലത്ത് മിക്കവരുടെയും ആരോഗ്യപ്രശ്നമാണ്. ഭക്ഷണശേഷം തൊണ്ടയിലും വയറ്റിലും പൊള്ളുന്ന പോലുള്ള തോന്നൽ ഉണ്ടായാൽ അത് ഒരുപക്ഷേ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണം കഴിച്ചതിനാലാകാം. അസിഡിറ്റി പ്രശ്നങ്ങൾ വഴിയോര ബജിക്കടകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അവർ ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാറുണ്ട്.

പൊണ്ണത്തടി
പാചക എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുക വഴി പൊണ്ണത്തടിയും അനാരോഗ്യകരമായ വണ്ണവും ഉണ്ടാകാം.

ആരോഗ്യത്തിന് ദോഷമാകാതെ പാചക എണ്ണ എങ്ങനെ ഉപയോഗിക്കാം
പാചക എണ്ണ തിരഞ്ഞെടുക്കുമ്പോൾ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റുകൾ കൂടുതലുള്ള എണ്ണ തിരഞ്ഞെടുക്കുക. എണ്ണ പരിധിയിലധികം ചൂടാക്കി പുകഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കുക. അമിത ഓക്സിഡേഷൻ തടയുന്നതിനായി എണ്ണയുടെ താപനില പരിധി കവിയുന്നില്ലെന്ന് ഉറപ്പാക്കുക.
വറുക്കുന്നതിനും പൊരിക്കുന്നതിനും എണ്ണ പരമാവധി കുറച്ച് ഉപയോഗിക്കുക. അപ്പോൾ കൂടുതൽ എണ്ണ ബാക്കിയാവില്ല.