മലബാർ സ്‌പെഷ്യൽ പത്തിരി തയാറാക്കിയാലോ?; വെറും മൂന്ന് ചേരുവകൾ മതി

  1. Home
  2. Lifestyle

മലബാർ സ്‌പെഷ്യൽ പത്തിരി തയാറാക്കിയാലോ?; വെറും മൂന്ന് ചേരുവകൾ മതി

pathiri


വെറും മൂന്ന് ചേരുവകൾ കൊണ്ട് വളരെ വേഗം തയ്യാറാക്കാവുന്ന പത്തിരിയുടെ റെസിപ്പി.

ചേരുവകൾ
അരിപ്പൊടി - ഒരു കപ്പ്
വെള്ളം - ഒരു കപ്പ്
വെളിച്ചെണ്ണ - അര ടീസ്പൂൺ
ഉപ്പ്-പാകത്തിന്

തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഉപ്പും ഒരു കപ്പ് വെള്ളവും എടുത്ത് അടുപ്പിൽ വെച്ച് തിളപ്പിക്കുക. വെള്ളം തിളയ്ക്കുമ്പോൾ, തീ കുറച്ച് അരിപ്പൊടി കുറേശ്ശെയായി ഇട്ടുകൊടുക്കുക. പൊടിയും വെള്ളവും നന്നായി മിക്സ് ആകുന്നതിന് തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കാൻ ശ്രദ്ധിക്കണം. മാവ് കട്ടപിടിക്കുകയും അരുത്.

മാവ് പാകത്തിലാകുമ്പോൾ തീ ഓഫാക്കുക. ശേഷം ഒരു അടപ്പ് കൊണ്ട് പാത്രം 5 മിനിട്ട് അടച്ചുവെക്കുക. പിന്നീട് അടപ്പ് തുറന്ന് മാവ് പരന്ന പാത്രത്തിലേയ്ക്ക് മാറ്റി 5 മിനിട്ട് തുറന്നുവെക്കുക.

ശേഷം കൈ ഉപയോഗിച്ച് ചെറുചൂടുള്ള മാവ് നല്ലവണ്ണം കുഴയ്ക്കുക. കയ്യിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ അൽപ്പം നെയ്യ് കയ്യിൽ തേയ്ക്കുന്നത് നല്ലതാണ്. മാവിന് കട്ടി അധികമാണെന്ന് തോന്നുകയാണെങ്കിൽ അൽപ്പം ചൂടുവെള്ളം കയ്യിൽ പുരട്ടി വീണ്ടും കുഴയ്ക്കുക.പിന്നീട് ഇവ ഉരുളകളാക്കി എടുക്കുക.

ഇനി ഒരു പാത്രത്തിൽ പത്തിരി പരത്തിയെടുക്കുന്നതിനായി അൽപ്പം അരിപ്പൊടി എടുത്തുവയ്ക്കുക. ഒരു ചപ്പാത്തിപ്പലകയെടുത്ത് അൽപ്പം അരിപ്പൊടി വിതറി ഒരോ ഉരുളയും പരത്തണം. മാവ് പലകയിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് പൊടി ഇട്ട് കൊടുക്കുകയും തിരിച്ചും മറിച്ചും ഇട്ട് പരത്തുകയും വേണം. തീരെ കനം കുറച്ചുവേണം പത്തിരി പരത്തിയെടുക്കാൻ.

ഇനി അടുപ്പിൽ തട്ട് വെച്ച് ചൂടാക്കി ഓരോ പത്തിരിയും ചുട്ടെടുക്കുക. മീഡിയം തീയിൽ 30-40 സെക്കൻഡ് കൊണ്ട് തിരിച്ചും മറിച്ചും ഇട്ട് വേണം പത്തിരി വേവിച്ചെടുക്കാൻ.