2025-ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; ചെലവിന്റെ കണക്ക് നിരത്തി ബെംഗളൂരു ദമ്പതികൾ, അമ്പരന്ന് സോഷ്യൽ മീഡിയ
2025-ൽ നിങ്ങൾ എത്ര രൂപ ചെലവാക്കിക്കാണും? ഈ ചോദ്യത്തിന് ബെംഗളൂരുവിൽ നിന്നുള്ള ഒരു ദമ്പതികൾ നൽകുന്ന മറുപടി കേട്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ഒരു വർഷത്തിനിടെ തങ്ങൾ 47 ലക്ഷം രൂപ ചെലവാക്കിയെന്നാണ് കണ്ടന്റ് ക്രിയേറ്റർമാരായ പ്രകൃതി അറോറയും ആഷിഷ് കുമാറും വെളിപ്പെടുത്തിയത്. വാടക, യാത്ര, ജീവിതശൈലി എന്നിവയുൾപ്പെടെയുള്ള കൃത്യമായ കണക്കുകൾ ഇവർ വീഡിയോയിലൂടെ പങ്കുവെച്ചു.
ബെംഗളൂരുവിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ വീടിനായി മാത്രം അഞ്ച് ലക്ഷം രൂപയാണ് കഴിഞ്ഞ വർഷം നൽകിയത്. ഫിറ്റ്‌നസിനും ആരോഗ്യത്തിനുമായി വലിയൊരു തുക ഇവർ മാറ്റിവെച്ചു. ജിം മെമ്പർഷിപ്പിനും ട്രെയിനർക്കുമായി ഒരു ലക്ഷം രൂപയും, ആരോഗ്യകരമായ ഭക്ഷണക്രമത്തിനായി 2.5 ലക്ഷം രൂപയും ചെലവായി. വീട്ടുജോലിക്കാർ, ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ എന്നിവയ്ക്ക് 1.5 ലക്ഷം രൂപയും, യാത്രകൾക്കും സൗന്ദര്യ സംരക്ഷണത്തിനുമായി 1.3 ലക്ഷം രൂപയും ഇവർ ചെലവിട്ടു. കണ്ടന്റ് ക്രിയേഷൻ ഉപകരണങ്ങൾ മെച്ചപ്പെടുത്താൻ 2.5 ലക്ഷം രൂപയും ഇരുവരും ഒരേപോലെയുള്ള സാധനങ്ങൾ വാങ്ങാൻ (Matching items) നാല് ലക്ഷം രൂപയും ഉപയോഗിച്ചു.
എന്നാൽ ഇവരുടെ ചെലവിൽ സിംഹഭാഗവും കവർന്നത് യാത്രകളാണ്. യാത്രകൾക്കായി മാത്രം 29 ലക്ഷം രൂപയാണ് ഇവർ പൊട്ടിച്ചത്. ആറ് ഭൂഖണ്ഡങ്ങളിലായി 13 രാജ്യങ്ങൾ സന്ദർശിച്ച ഇവർ 63 വിമാനയാത്രകൾ നടത്തി. 121 രാത്രികൾ വിവിധ ഹോട്ടലുകളിലും എയർ ബിഎൻബികളിലുമായാണ് കഴിഞ്ഞത്. വീഡിയോ വൈറലായതോടെ ഇത്രയും രൂപ ചെലവാക്കാൻ മാത്രം എന്ത് വരുമാനമാണ് നിങ്ങൾക്കുള്ളതെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
