മദ്യം എത്ര ലീറ്റർ കൊണ്ടുവരാം?, വിമാനയാത്രയിലെ ഈ നിയമങ്ങൾ അറിഞ്ഞിരിക്കാം

  1. Home
  2. Lifestyle

മദ്യം എത്ര ലീറ്റർ കൊണ്ടുവരാം?, വിമാനയാത്രയിലെ ഈ നിയമങ്ങൾ അറിഞ്ഞിരിക്കാം

alcohol


മദ്യത്തിന് വില കുറഞ്ഞ സ്ഥലങ്ങളിൽ നിന്ന് ആഭ്യന്തര വിമാനയാത്രയ്ക്കിടയിൽ കുപ്പികൾ വാങ്ങി കൊണ്ടുവരാമെന്ന് കരുതേണ്ട. അതിനെല്ലാം നിയമങ്ങളുണ്ട്.  പ്രത്യേകിച്ച് ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടു പോകുന്നതിന് ചില നിബന്ധനകൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.


എത്ര കുപ്പി?
ഇന്ത്യയിലെ വ്യോമയാന യാത്രയുടെ റെഗുലേറ്ററി ബോഡിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അടുത്തിടെ ഇത് സംബന്ധിച്ച് കൃത്യമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ആഭ്യന്തര വിമാനങ്ങളിൽ യാത്രക്കാർക്ക് നിശ്ചയിക്കപ്പെട്ട അളവിൽ മദ്യം കൊണ്ടു പോകാൻ അനുവാദമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ചില നിയമങ്ങളും നിർദ്ദേശങ്ങളുമുണ്ട്.

ചെക്ക് ഇൻ ബാഗേജിൽ യാത്രക്കാർക്ക് അഞ്ച് ലീറ്റർ വരെ മദ്യം കൊണ്ടുപോകാം. എന്നാൽ, ഈ മദ്യത്തിലെ ആൽക്കഹോൾ കണ്ടന്റ് 70 ശതമാനത്തിന് മുകളിലാകാൻ പാടില്ല. പ്രായപൂർത്തിയായ എല്ലാ യാത്രക്കാർക്കും ഇത് ബാധകമാണ്. എന്നാൽ, മറ്റ് യാത്രക്കാർക്ക് കൈമാറാൻ അനുവാദമില്ല. അതേസമയം,  ഹാൻഡ് ബാഗേജിൽ മദ്യം കൊണ്ടു പോകരുതെന്നും നിർദ്ദേശമുണ്ട്. യാത്രക്കാർ പരിശോധനയ്ക്കു ശേഷമോ അല്ലെങ്കിൽ എയർപോർട്ട് സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ നിന്നോ ആണ് മദ്യക്കുപ്പി വാങ്ങുന്നതെങ്കിൽ അതിന്റെ യഥാർത്ഥ റീട്ടെയിൽ പാക്കേജിങ്ങിന് ഒപ്പം ആണെങ്കിൽ വിമാനയാത്രയിൽ അഞ്ചു ലീറ്റർ വരെ കാബിൻ ബാഗേജിൽ അനുവദിക്കുന്നു. കവർ തുറക്കാനോ മദ്യക്കുപ്പിയുടെ സീൽ പൊട്ടിക്കാനോ അനുവാദമില്ല. കാരണം, യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ വച്ച് കൈവശം കരുതിയിരിക്കുന്ന മദ്യം കഴിക്കാൻ അനുവാദമില്ല. 

ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നാണ് മദ്യം വാങ്ങുന്നതെങ്കിൽ
വിദേശയാത്രയിൽ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നാണ് മദ്യം വാങ്ങുന്നതെങ്കിൽ അത് വിമാനത്തിൽ കൊണ്ടുപോകാൻ അനുവാദമുണ്ട് (2 ലീറ്റർ വരെ). എന്നാൽ മദ്യത്തിന്റെ പാക്കറ്റ് തുറക്കാൻ അനുവാദമില്ല. വാങ്ങിയപ്പോൾ ലഭിച്ച പാക്കേജ് എങ്ങനെയാണോ അതുപോലെ തന്നെ ആയിരിക്കണം വിമാനയാത്രയിലും ഒപ്പം കരുതേണ്ടത്. കൂടാതെ യാത്രക്കാർ അവർക്കൊപ്പം കരുതിയിരിക്കുന്ന ഹാൻഡ് ബാഗേജിൽ ഇത് സൂക്ഷിക്കുകയും വേണം. വ്യക്തിപരമായ ആവശ്യങ്ങൾക്ക് മാത്രമായിരിക്കണം യാത്രക്കാർ യാത്രയിൽ കൊണ്ടുപോകുന്ന മദ്യം എന്നതും ശ്രദ്ധിക്കേണ്ടതാണ്. യാത്രക്കാർ കൈയിൽ കരുതിയിരിക്കുന്ന മദ്യക്കുപ്പികൾ വിമാനത്തിൽ വച്ച് തുറക്കാൻ പാടുള്ളതല്ല. ഡിജിസിഎ അത് കർശനമായി നിരോധിച്ചിട്ടുണ്ട്.

യാത്രക്കാരൻ മദ്യപിച്ചിട്ടുണ്ടെങ്കിൽ
യാത്രക്കാരൻ മദ്യപിച്ചിട്ടുണ്ടെന്നോ അല്ലെങ്കിൽ മദ്യം സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നോ എയർലൈൻ അധികൃതർക്ക് സംശയം തോന്നുന്ന സാഹചര്യത്തിൽ യാത്രക്കാരൻ മദ്യം കൈവശം വയ്ക്കുന്നത് നിരസിക്കാനുള്ള എല്ലാ അവകാശവും എയർലൈൻ ഉദ്യോഗസ്ഥർക്ക് ഉണ്ട്. അത്തരം സാഹചര്യങ്ങളിൽ യാത്രക്കാരന് ബോർഡിങ് നിഷേധിക്കുകയോ മദ്യം കണ്ടു കെട്ടുകയോ ചെയ്യാവുന്നതാണ്. അതുകൊണ്ടു തന്നെ യാത്രക്കാർ വിമാനയാത്രയ്ക്കു മുമ്പ് ഇത്തരം നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം, ഇത്തരം നിയമങ്ങളിലെ അറിവില്ലായ്മ കനത്ത പിഴകളിലേക്കോ അല്ലെങ്കിൽ യാത്രയുടെ കാലതാമസത്തിനോ അതുമല്ലെങ്കിൽ നിയമപരമായ വലിയ പ്രത്യാഘാതത്തിലേക്കോ നയിച്ചേക്കാം. 

വിമാനത്താവളത്തിനുള്ളിൽ നിന്ന് മദ്യം
യാത്ര ആരംഭിക്കുന്ന സമയത്താണ് വിമാനത്താവളത്തിൽ നിന്ന് മദ്യം വാങ്ങുന്നതെങ്കിൽ ലേബൽ നന്നായി ശ്രദ്ധിക്കുക. 70 ശതമാനത്തിന് മുകളിൽ ആൽക്കഹോൾ കണ്ടന്റ് ഉള്ള മദ്യമാണെങ്കിൽ അത് കർശനമായും വിമാനത്തിൽ നിരോധിച്ചിട്ടുണ്ട്. കൂടാതെ, ഉപയോഗിച്ചതും തുറന്നതുമായ മദ്യക്കുപ്പികൾ യാത്രയിൽ കൈവശം കരുതുന്നതിനും വിലക്കുണ്ട്. യാത്രയ്ക്കിടയിൽ കൈവശം കരുതിയിരിക്കുന്ന മദ്യക്കുപ്പി ഒരു കാരണവശാലും ഉപയോഗിക്കാൻ പാടുള്ളതല്ല. ഏതായാലും അടുത്ത യാത്ര തുടങ്ങുന്നതിന് മുമ്പ് ഇത്തരം നിയമങ്ങളെക്കുറിച്ചും നിർദ്ദേശങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കിയിരിക്കണം.