സദ്യ ഒരുക്കുമ്പോൾ വളരെ പെട്ടെന്ന് സാമ്പാർ ഉണ്ടാക്കിയാലോ?; കുക്കറിൽ തന്നെ

  1. Home
  2. Lifestyle

സദ്യ ഒരുക്കുമ്പോൾ വളരെ പെട്ടെന്ന് സാമ്പാർ ഉണ്ടാക്കിയാലോ?; കുക്കറിൽ തന്നെ

sambar


ഓണത്തിന് സദ്യ ഒരുക്കുമ്പോൾ വളരെ പെട്ടെന്ന് സാമ്പാർ ഉണ്ടാക്കാം. കുക്കറിൽ തന്നെ.


ചേരുവകൾ
സാമ്പാർ പരിപ്പ്   -  1  കപ്പ്
കഷണങ്ങളാക്കിയ വെള്ളരിക്ക  -  ½ കപ്പ്
കഷണങ്ങളാക്കിയ പടവലങ്ങ  -  ½ കപ്പ്
കഷണങ്ങളാക്കിയ കത്തിരിക്ക  -  ½ കപ്പ്
കഷണങ്ങളാക്കിയ മത്തങ്ങ - ½ കപ്പ്
കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങ് - ¼ കപ്പ്
കഷണങ്ങളാക്കിയ ബീൻസ് -  ¼ കപ്പ്
തൊലി കളഞ്ഞ ചെറിയ ഉള്ളി   -  ½ കപ്പ്
തക്കാളി വലുതായി അരിഞ്ഞത്    - ½ കപ്പ്
കഷണങ്ങളാക്കിയ മുരിങ്ങയ്ക്ക   - ½ കപ്പ്
വാളൻപുളി - നെല്ലിക്ക വലുപ്പത്തിൽ
മല്ലിപൊടി  - 1 ¼ ടേബിൾസ്പൂൺ
കശ്മീരി മുളകുപൊടി - 1 ¼ ടേബിൾസ്പൂൺ
മഞ്ഞൾപൊടി - 1 നുള്ള്
കായപൊടി - 1/2 ടീസ്പൂൺ
ഉലുവപൊടി  - 1 നുള്ള്
ജീരകപൊടി  - 1/2 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
കടുക് - 1 ടീസ്പൂൺ
വറ്റൽമുളക് - 3 എണ്ണം
ചെറിയ ഉള്ളി - 5 എണ്ണം
കറിവേപ്പില - 2 ഇതൾ
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കൊത്തമല്ലിയില    -   ¼ കപ്പ്

തയാറാക്കുന്ന വിധം
പരിപ്പ് കഴുകിയ ശേഷം കുക്കറിലേക്കു ഇടുക. പച്ചക്കറികൾ നന്നായി കഴുകിയെടുക്കുക. മുരിങ്ങക്കായ് 2 ഇഞ്ച് നീളത്തിലും മറ്റ് പച്ചക്കറികൾ ഇടത്തരം കഷ്ണങ്ങളായും മുറിക്കുക. പച്ചമുളക് നീളത്തിൽ കീറുകയും ഉള്ളി ചെറുതായി അരിയുകയും ചെയ്യുക.

പ്രഷർ കുക്കറിൽ പരിപ്പും, പച്ചക്കറികളും (പച്ചക്കറികൾ ലഭ്യതയനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.) മഞ്ഞൾപൊടിയും, ഉപ്പും ആവശ്യത്തിന് വെള്ളം (പച്ചക്കറികൾ മുങ്ങികിടക്കാൻ പാകത്തിന്)ചേർത്ത് വേവിക്കുക. ഒരു വിസിൽ വന്നാൽ തീ അണയ്ക്കുക. 

വാളൻ പുളി ½ കപ്പ് വെള്ളത്തിൽ 5 മിനിറ്റ് നേരം കുതിർത്ത് പിഴിഞ്ഞെടുക്കുക.

ആവി പോയതിനു ശേഷം കുക്കർ തുറക്കാം. ഇനി ഒരു പാത്രത്തിലേക്ക്  കുക്കറിൽ നിന്ന് അര ഗ്ലാസ് വെള്ളം, മല്ലിപൊടി (1 ¼ ടേബിൾസ്പൂൺ), കശ്മീരി മുളകുപൊടി (1 ¼ ടേബിൾസ്പൂൺ), മഞ്ഞൾപൊടി (1 നുള്ള്), കായപൊടി (3/4 ടീസ്പൂൺ), ഉലുവപൊടി (1 നുള്ള്), ജീരകപൊടി (1/2 ടീസ്പൂൺ), കുരുമുളക് പൊടി (1/2 ടീസ്പൂൺ),പുളി വെള്ളം എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. കുക്കറിലേക്ക് ഈ മിശ്രിതം ചേർത്ത് 2 മിനിറ്റ് നേരം തിളപ്പിക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കിൽ ചേർക്കുക. മല്ലയില കൂടി അരിഞ്ഞു ചേർത്ത് തീ ഓഫ് ആക്കാം.

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോൾ ചെറിയ ഉള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സാമ്പാറിൽ ചേർക്കുക. സ്വാദിഷ്ടമായ സാമ്പാർ തയാർ. (കടപ്പാട്; ദീപ്തി)