വിമാനടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാം; ദാ ആ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

  1. Home
  2. Lifestyle

വിമാനടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാം; ദാ ആ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

flight


അവധിയാഘോഷിക്കാനോ ബിസിനസ് ട്രിപ്പിനോ പോകേണ്ടി വന്നാൽ വിമാനടിക്കറ്റ് നിരക്ക് ബജറ്റിനെ തന്നെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റുകൾ സ്വന്തമാക്കാൻ ചില വഴികളുണ്ട്.

സാധ്യമെങ്കിൽ നേരത്തെ തന്നെ ബുക്കു ചെയ്യുകയാണ് ആദ്യത്തെ വഴി. ഇത് കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് അനുയോജ്യമായ സമയത്ത് യാത്ര ഉറപ്പു നൽകും. പ്രത്യേകിച്ച് തിരക്കേറിയ റൂട്ടുകളിൽ സീസണിലാണ് നിങ്ങളുടെ യാത്രയെങ്കിൽ പരമാവധി നേരത്തെ ബുക്കു ചെയ്യാൻ ശ്രമിക്കണം. കുറഞ്ഞത് ഏതാനും മാസങ്ങൾ മുമ്പെങ്കിലും ടിക്കറ്റ് ഉറപ്പിക്കണം. 

യാത്ര ചെയ്യുന്ന ദിവസത്തിന്റെയും സമയത്തിന്റേയും കാര്യത്തിൽ കടുംപിടുത്തങ്ങൾ പാടില്ല. അൽപം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. വെബ് സൈറ്റുകളുടെ സഹായത്തിൽ ടിക്കറ്റ് നിരക്ക് താരതമ്യം ചെയ്യുന്നത് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ഉറപ്പിക്കാൻ സഹായിക്കും. വിമാനത്താവളത്തിന്റെ കാര്യത്തിലും കടുംപിടുത്തം ഒഴിവാക്കണം. പോവേണ്ട ലക്ഷ്യസ്ഥാനത്തോട് ചേർന്നുള്ള ഒന്നിൽ കൂടുതൽ വിമാനത്താവളങ്ങളിലേക്കുള്ള നിരക്കുകൾ പരിശോധിക്കണം. 

ഇന്റർനെറ്റിൽ വിമാന ടിക്കറ്റ് നിരക്ക് സെർച്ചു ചെയ്യുമ്പോൾ സൂക്ഷിക്കണം. പരമാവധി പ്രൈവറ്റ് അല്ലെങ്കിൽ ഇൻകോഗ്‌നിറ്റോ മോഡിൽ വേണം സെർച്ച് ചെയ്യാൻ. ഇത് കുക്കീസ് വഴി നിങ്ങളുടെ സെർച്ച് വിവരങ്ങൾ എയർലൈനുകൾക്കും ബുക്കിങ് സൈറ്റുകൾക്കും ലഭ്യമാവുന്നത് കുറയ്ക്കും. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തുടർച്ചയായി സെർച്ചു ചെയ്യുന്ന റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് കൂടിയ നിലയിൽ കാണിക്കാൻ സാധ്യത കൂടുതലാണ്. 

വിമാനത്താവളവും സമയവും പോലെ പ്രധാനമാണ് സഞ്ചരിക്കുന്ന എയർലൈനും. ബജറ്റ് എയർലൈൻ തിരഞ്ഞെടുത്താൽ വിമാനടിക്കറ്റ് നിരക്കിലും ഇത് പ്രതിഫലിക്കും. സൗകര്യങ്ങൾ കുറവായിരിക്കുമെങ്കിലും യാത്രയുടെ പേരിൽ അധികം പോക്കറ്റ് കാലിയാവില്ല. മറ്റൊരു സാധ്യത കണക്ടിങ് ഫ്ളൈറ്റുകളുടേതാണ്. ലക്ഷ്യസ്ഥാനത്തേക്ക് കണക്ടിങ് ഫ്ളൈറ്റുകൾ വഴി പോവാനാവുമെങ്കിൽ അത് നിരക്കു കുറക്കാൻ സഹായിക്കും. 
തുടർച്ചയായി വിമാനയാത്ര നടത്തുന്നവരാണെങ്കിൽ നിങ്ങൾക്ക് എയർലൈനുകളുടേയും ക്രെഡിറ്റ് കാർഡുകളുടേയും ലോയൽറ്റി പ്രോഗ്രാമുകളേയും ഉപയോഗപ്പെടുത്താം. 

ആവശ്യത്തിന് പോയിന്റും മൈലും ആയിട്ടുണ്ടെങ്കിൽ സൗജന്യ യാത്ര പോലും സാധ്യമാവും. അവധി ദിവസങ്ങളിലേയും സീസണിലേയും യാത്രകൾ ഒഴിവാക്കിയാൽ അതും നിരക്കിന്റെ കാര്യത്തിൽ ഗുണമാവും.

മികച്ച നിരക്കിൽ ടിക്കറ്റ് ലഭ്യമാണെന്ന് കണ്ടാൽ പിന്നെ ചിന്തിച്ചു സമയം കളയരുത്. അപ്പോൾ തന്നെ ബുക്കു ചെയ്യണം. വിമാന ടിക്കറ്റ് നിരക്കിൽ വേഗത്തിൽ മാറ്റം വരുമെന്നതു തന്നെ കാരണം.