ഷേവ് ചെയ്യുമ്പോൾ ശരീരഭാഗങ്ങളിൽ കറുപ്പുനിറമാകുന്നുണ്ടോ?; ഇതാ ചില എളുപ്പ വഴികൾ

  1. Home
  2. Lifestyle

ഷേവ് ചെയ്യുമ്പോൾ ശരീരഭാഗങ്ങളിൽ കറുപ്പുനിറമാകുന്നുണ്ടോ?; ഇതാ ചില എളുപ്പ വഴികൾ

shaving


ഷേവ് ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും എപ്പോഴും പറയുന്ന കാര്യം ആ ഭാഗങ്ങളിൽ കാണുന്ന കറുത്ത നിറമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. അവരുടെ സ്വകാര്യഭാഗങ്ങളിൽ ആയാലും കക്ഷങ്ങളിൽ ആയാലും ഒക്കെ ഈ കറുപ്പ് കാണുന്നത് തന്നെ അരോചകമാണ്. വേദന ഓർക്കുമ്പോൾ വാക്സ് ചെയ്യാനും പേടി. ബ്യൂട്ടിപാർലറിൽ പോയി കളയാൻ പണമോ, സമയമോ ഇല്ല.

അതുകൊണ്ട് തന്നെയാണ് മിക്കവരും ഷേവിങ് തന്നെ തിരഞ്ഞെടുക്കുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഈ കറുത്ത പാടുകൾ വരുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും. ഇത് സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ആദ്യം വൃത്തി

മുഖമോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗമോ ഷേവ് ചെയ്യുന്നതിനു മുമ്പ് ആദ്യം നന്നായി വൃത്തിയാക്കണം. മിക്കവരും ഷേവ് ചെയ്തതിനുശേഷമാണ് കുളിക്കുവാന്‍ പോകാറുള്ളത്. എന്നാല്‍, കുളി കഴിഞ്ഞതിനുശേഷം ഷേവ് ചെയ്യുന്നതാണ് ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലത്. കാരണം, കുളിച്ചതിന് ശേഷം ചര്‍മം നല്ല സോഫ്റ്റായി ഇരിക്കുകയും മോയ്‌സ്ച്വര്‍ ഇഫക്ടില്‍ ഇരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഷേവ് ചെയ്യുവാന്‍ വളരെ എളുപ്പമായിരിക്കും.

സോപ്പിന് പകരം ഷേവിങ് ജെൽ

സോപ്പ് ഉപയോഗിച്ച് ഷേവ് ചെയ്യുന്നവരും ചില്ലറയല്ല. എന്നാല്‍ ഇത് ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കി മാറ്റുന്നു. പകരം നല്ല ഒരു ജെൽ ഉപയോഗിക്കുന്നത് പതിവാക്കുക. ആവശ്യത്തിന് ഷേവിങ് ജെല്‍ എടുത്തതിന് ശേഷം മാത്രമേ ഷേവ് ചെയ്യാൻ പാടുള്ളൂ. ജെല്‍ കുറവാണെങ്കില്‍ ഇത് ചര്‍മത്തില്‍ പോറലുകള്‍ ഉണ്ടാകുന്നതിനും കേടുപാടുകള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നു. ജെൽ ആവശ്യത്തിന് ഉണ്ടെങ്കിൽ സ്മൂത്തായി ഷേവ് ചെയ്യാനും ചര്‍മം നല്ല മൃദുവാക്കി നിലനിര്‍ത്താനും സഹായിക്കും. കൂടാതെ കറുപ്പടിക്കുന്നതിൽ നിന്നും ഒരു പരിധിവരെ ഇത് രക്ഷിക്കും.

ഷേവിങ് സെറ്റ്

ഷേവിങ് സെറ്റ് ഉപയോഗിക്കുമ്പോള്‍ എല്ലായ്‌പ്പോഴും മോയ്‌സ്ച്വറൈസിങ് സ്‌ട്രൈപ്‌സ് ഉള്ളത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് ചര്‍മത്തിൽ കേടുപാടുകള്‍ ഇല്ലാതാക്കാനും വരണ്ടുപോകാതിരിക്കാനും സഹായിക്കും. അതുപോലെ മുടി വളര്‍ന്നിരിക്കുന്ന അതേ ദിശയിലേയ്ക്ക് ഷേവ് ചെയ്യാൻ മറക്കരുത്. കൂടാതെ വേഗത്തില്‍ ഒരിക്കലും ഷേവ് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഇത് പുകച്ചില്‍ കുറയ്ക്കാനും മുറിവ് ഉണ്ടാകാതിരിക്കാനും സഹായിക്കും.

ഒരേ റേസർ വീണ്ടും വീണ്ടും ഉപയോഗിക്കരുത്

ഒരേ റേസര്‍ ഉപയോഗിച്ച് വീണ്ടും വീണ്ടും ഷേവ് ചെയ്യുന്നത് ചര്‍മത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നു. റേസറിലുള്ള ബാക്ടീരിയയും മറ്റും അപകടകരമാണ്. കൂടാതെ ഒത്തിരി ഉപയോഗിച്ച റേസറിന്റെ മൂര്‍ച്ച കുറയുന്നത് ഷേവിങ് പ്രയാസകരമാകും. മൃതകോശങ്ങളെ നീക്കം ചെയ്യുന്നത് പലപ്പോഴും ഷേവിങ്ങിലൂടെയാണ്. എന്നാല്‍ ഷേവിങ്ങിനു മുന്‍പ് ഇത് നീക്കം ചെയ്യാന്‍ ശ്രമിക്കണം. റേസര്‍ മൃതകോശങ്ങളില്‍ തട്ടി മുറിവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഇൻഫെക്ഷൻ ഒഴിവാക്കാൻ

ബ്ലേഡ് വൃത്തിയായി കഴുകാത്തതും പലപ്പോഴും ഷേവിങ്ങില്‍ വരുത്തുന്ന വലിയ തെറ്റാണ്. ഷേവ് ചെയ്യുമ്പോള്‍ ബ്ലേഡില്‍ മൃതചര്‍മം ഉണ്ടാവും. ഇത് വൃത്തിയായ രീതിയില്‍ കഴുകാതെ ഉപയോഗിക്കുമ്പോള്‍ അത് ഇന്‍ഫെക്ഷനു കാരണമാകും. ഷേവിങ്ങിനു ശേഷം മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നതാണു നല്ല ശീലം. എന്നാല്‍ പലരും ഇത് ഉപയോഗിക്കുന്നില്ല.