പുളിയിലും രുചിയിലും ബഹുകേമൻ; വെറൈറ്റിയിൽ തയ്യാറാക്കാം ഇരുമ്പൻപുളി അച്ചാർ

നാട്ടിൻപുറങ്ങളിലെ സ്ഥിരം താരമാണ് ഇരുമ്പൻപുളി. ഏറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇത്. തൊലിപ്പുറത്തെ ചൊറിച്ചിൽ, നീർവീക്കം, തടിപ്പ്,വാതം, മുണ്ടനീര്, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്‌ക്കുള്ള മരുന്നാണ് ഇരുമ്പൻപുളിയും ഇലയുമൊക്ക. ഇതിന്റെ പുളി പലർക്കും ഹരമാണ്. ജ്യൂസായും സർബത്തായും ഇരുമ്പൻപുളി കഴിക്കുന്നവരാണ് മിക്കവരും.
എന്നാൽ ഇത്തിരി വ്യത്യസ്തമായി ഇരുമ്പൻപുളി അച്ചാർ തയ്യാറാക്കം. ഒരു വർഷത്തോളം വരെ കേടുകൂടാതിരിക്കുന്ന അച്ചാറാണ് ഇത്. ഉപ്പിട്ട് വെയിലത്ത് വെച്ച്് ഉണക്കി എടുത്താണ് ഈ അച്ചാർ തയ്യാറാക്കുന്നത്.
ചേരുവകൾ:
ഉപ്പിട്ട് ഉണക്കിയ ഇരുമ്പൻപുളി- രണ്ട് കപ്പ്
മുളകുപൊടി-അഞ്ച് ടേബിൾ സ്പൂൺ
ഉലുവാ പൊടി- രണ്ട് ടേബിൾ സ്പൂൺ
കായം പൊടി-രണ്ട് ടീസ്പൂൺ
നല്ലെണ്ണ-200 മില്ലി
വെളുത്തുള്ളി- അര കപ്പ്
ഉപ്പ്-ആവശ്യത്തിന്
വിനാഗിരി
തയ്യാറാക്കുന്ന വിധം:
ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി ഉണക്കിയ ഇരുമ്പൻപുളി അഞ്ച് മിനിറ്റ് വറുത്തെടുക്കുക. തുടർന്ന് ഉപ്പ്, വെളുത്തുള്ളി അരിഞ്ഞത്. ഉലുവ പൊടി, മുളകുപൊടി, കായംപൊടി എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് വിനാഗിരി ചേർത്തിളക്കി വീണ്ടും അഞ്ച് മിനിറ്റ് തീയിൽ വെച്ച് ഇളക്കുക. ശേഷം നന്നായി തണുപ്പിക്കാൻ വെക്കുക. ഉടൻ തന്നെ മുറുക്കമുള്ള പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാവുന്നതാണ്.