നടുവേദന പരിഹരിക്കാം; ചെറുവ്യായാമം ശീലമാക്കൂ, പഠനം പറയുന്നത്

  1. Home
  2. Lifestyle

നടുവേദന പരിഹരിക്കാം; ചെറുവ്യായാമം ശീലമാക്കൂ, പഠനം പറയുന്നത്

back-pain


ജോലിയുടെ ഭാഗമായി ഇരിപ്പിന്റെ സമയം നീളുന്നത് മൂലം പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉടലെടുക്കുന്നുണ്ട്. അതിൽ പ്രധാനമാണ് നടുവേദന. ഒരിക്കൽ നടുവേദന വന്നിട്ടുള്ളവരാണെങ്കിൽ അടിക്കടി തിരികെവരാനുള്ള സാധ്യതയും കൂടുതലാണ്. ഇപ്പോഴിതാ നടുവേദനയുടെ സങ്കീർണതകളെ സംബന്ധിച്ച ഒരു പഠനമാണ് പുറത്തുവന്നിരിക്കുന്നത്.

ലാൻസെറ്റ് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നടുവേദന വന്ന് വിട്ടുമാറിയിട്ടുള്ള എഴുപതുശതമാനം പേരിലും ഒരുവർഷത്തിനുള്ളിൽ വീണ്ടും വേദന തിരികെ വരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു. നടുവേദന സംബന്ധിച്ച അവബോധം പകരുന്നതിനൊപ്പം നടത്തംപോലുള്ള ചെറുവ്യായാമങ്ങൾ ശീലമാക്കുന്നത് നടുവേദന തിരികെ വരുന്നത് തടയാനാവുമെന്നാണ് പഠനത്തിൽ പറയുന്നത്.

നടുവേദന വന്നുവിട്ടുമാറിയ 701 പേരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇവരിൽ നടത്തം, ഇതുസംബന്ധിച്ച അവബോധം, ചികിത്സ തീരെ സ്വീകരിക്കാത്തവർ എന്നിങ്ങനെ വിഭാഗങ്ങളാക്കുകയാണ് ചെയ്തത്. നടുവേദനയുടെ അവബോധം പകരുന്നവരിൽ ആറുമാസത്തോളം ആറു സെഷനുകളായി ഫിസിയോതെറാപ്പിസ്റ്റുകളിൽ നിന്ന് നിർദേശം ലഭിച്ചു. ആഴ്ചയിൽ അഞ്ചുദിവസം അരമണിക്കൂറോളം നടക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഫിസിയോതെറാപ്പിസ്റ്റുകൾ നൽകിയ നിർദേശങ്ങൾ വേദനയെ മനസ്സിലാക്കാനും വ്യായാമം സംബന്ധിച്ച ഭീതി അകലാനുമൊക്കെ സഹായിച്ചു.

മൂന്നുവർഷത്തിനിടെ ഓരോമാസവും പഠനത്തിൽ പങ്കാളികളായവരുടെ നടുവേദന സംബന്ധിച്ച് പരിശോധനകൾ നടത്തി. തുടർന്നാണ് നടത്തം ശീലമാക്കിയവരിൽ നടുവേദന തിരികെവരുന്നത് കുറവാണെന്ന് കണ്ടെത്തിയത്. നടക്കുന്നത് പേശികളെ ശക്തിപ്പെടുത്തുകയും നട്ടെല്ലിന്റെ ഘടന മെച്ചപ്പെടുകയും സമ്മർദം കുറയുകയും ചെയ്യുന്നതാവാം നടുവേദന കുറയുന്നതിന് പിന്നിലെന്നാണ് ഗവേഷകർ കരുതുന്നത്.

വേദനാ സിഗ്‌നലുകളെ തടയുന്ന എൻഡോർഫിനുകളെ ഉത്പാദനത്തേയും നടത്തം മെച്ചപ്പെടുത്തുമെന്ന് ഗവേഷകർ പറയുന്നു. നടത്തം കൂടാതെ നീന്തൽ പോലുള്ള വ്യായാമങ്ങൾക്കും നടുവേദന കുറയ്ക്കാനാവുമെന്ന് വിദഗ്ധർ പറയുന്നു.

ഡിസ്‌ക് തേയ്മാനമാണ് പലപ്പോഴും നടുവേദനയ്ക്ക് കാരണമാകാറുള്ളത്. വ്യായാമം നടുവേദനയുടെ ഫലപ്രദമായ പ്രതിരോധമാർഗമാണ്. അസ്ഥിയുടെ തേയ്മാനം, ഡിസ്‌ക്കിനുണ്ടാകുന്ന പ്രശ്‌നങ്ങൾ, നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങൾ, അർബുദം, നീർക്കെട്ട് തുടങ്ങിയവയാണ് പ്രധാനമായി നടുവേദനയിലേക്ക് നയിക്കുന്ന കാരണങ്ങൾ. നടുവേദന കാലങ്ങളായി തുടരുക, വണ്ണംകുറയുക, കാലുകളിലേക്കും വേദന പടരുക, ചെറിയ പ്രായത്തിലേ നടുവേദന വരിക, മല-മൂത്രസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാവുക തുടങ്ങിയവയുണ്ടെങ്കിൽ ചികിത്സ വൈകിക്കരുത്.