കാറിലെ ഏസി എങ്ങനെയാണ് വില്ലനാകുന്നത്?; നടൻ വിനോദ് തോമസിൻറെ മരണം പറയുന്നത്, അറിയേണ്ടതെല്ലാം
നടൻ വിനോദ് തോമസിനെ കഴിഞ്ഞ ദിവസം കോട്ടത്ത് നിർത്തിയിട്ട കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ നടൻറെ മരണകാരണവും പുറത്തുവന്നിരിക്കുന്നു. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണ കാരണം വ്യക്തമായത്.
സ്റ്റാർട്ട് ചെയ്ത കാറിൽ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ. നിർത്തിയിട്ട കാറിലെ ഏസി എങ്ങിനെയാണ് വില്ലനാകുന്നത്? അറിയേണ്ടതെല്ലാം
പ്രൊഫഷണൽ ഡ്രൈവർമാരടക്കം കാറിൽ കിടന്ന് മയങ്ങുന്നവർ ധാരാളമുണ്ട്. കാറിൽ കിടന്നുറങ്ങുമ്പോൾ കൂടുതൽ സൗകര്യത്തിനും സുരക്ഷയ്ക്കുമായി ഡോർ ഗ്ലാസ്സ് എല്ലാം ഉയർത്തിയിട്ട് എയർ കണ്ടീഷനിങ്ങ് (എസി) പ്രവർത്തിപ്പിക്കാൻ പലരും ഇഷ്ടപ്പെടുന്നു. എന്നാൽ അടുത്തകാലത്തായി ഇത്തരം ഉറക്കത്തിനിടെയുള്ള അപകടങ്ങൾ കൂടുകയാണ്.
വിവിധ റിപ്പോർട്ടുകൾ പ്രകാരം, കാറിൻറെ എഞ്ചിനിൽ നിന്ന് പുറത്തിറങ്ങിയ വിഷവാതകങ്ങൾ - പ്രധാനമായും കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് ശ്വാസംമുട്ടി മരികക്കുകയാണ് ഇത്തരം അപകടങ്ങളിൽ പലതിൻറെയും മുഖ്യകാരണം. ഈ വാതകം വാഹനത്തിൻറെ ക്യാബിനിലേക്ക് എസി വെന്റ് വലിച്ചെടുക്കുകയും ഉള്ളിലുള്ളവരെ ഉറക്കത്തിൽ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ട്?
ഒരു എഞ്ചിൻറെ എക്സ്ഹോസ്റ്റ് വാതകങ്ങളിലെ പ്രധാന ഘടകം കാർബൺ മോണോക്‌സൈഡും മറ്റ് വിഷവാതകങ്ങളുമാണ്. കാർബൺ മോണോക്‌സൈഡ്, അടഞ്ഞ സ്ഥലങ്ങളിൽ വലിയ അളവിൽ കടന്നെത്തിയാൽ മാരകമായിത്തീരും. കാർബൺ മോണോക്‌സൈഡ് നിങ്ങളുടെ രക്തത്തിലെ ഓക്‌സിജൻറെ അളവ് കുറച്ചുകൊണ്ടുവന്ന് മരണത്തിലേക്ക് നയിക്കുന്നു.
ഒരാൾ വലിയ അളവിൽ കാർബൺ മോണോക്‌സൈഡ് ശ്വസിക്കുമ്പോൾ അത് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നു, കാരണം രക്തകോശങ്ങൾ പെട്ടെന്ന് ഓക്‌സിജൻ പുറന്തള്ളുന്നു. ശരീരത്തിലെ ഓരോ കോശത്തിനും പ്രവർത്തിക്കാൻ ഓക്‌സിജൻ ആവശ്യമാണ്. കാർബൺ മോണോക്‌സൈഡുമായി സമ്പർക്കം പുലർത്തുമ്പോൾ ഹീമോഗ്ലോബിനിലെ ഓക്‌സിജനെ കാർബോക്‌സിഹെമോഗ്ലോബിൻ ആക്കി മാറ്റുന്നു. ഇത് കോശങ്ങളെ നശിപ്പിക്കുകയും കോശകലകളുടെ പ്രവർത്തനം തടയുകയും ചെയ്യുന്നു. ഈ അവസ്ഥയെ ഹൈപ്പോക്‌സിയ എന്ന് വിളിക്കുന്നു. ഇത് ആളുകളിൽ കടുത്ത തലവേദന, തലകറക്കം, ആശയക്കുഴപ്പം എന്നിവയ്ക്ക് കാരണമാകുന്നു.
ആൾ ഉണർന്നിരിക്കുന്നുവെങ്കിലോ ബോധമുണ്ടെങ്കിലോ കാറിനുപുറത്തിറങ്ങി രക്ഷപ്പെടാം. പക്ഷേ, അവർ മയക്കത്തിലോ മദ്യലഹരിയിലോ ആണെങ്കിൽ വിഷവാതകം അകത്തുചെല്ലുന്നത് അവർ അറിയാതെ പോകും. അതൊരു നിശബ്ദ മരണത്തിലേക്ക് നയിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
നിർഭാഗ്യവശാൽ, എക്സ്ഹോസ്റ്റ് പുകകൾക്ക് തിരിച്ചറിയാൻ കഴിയുന്ന ദുർഗന്ധം ഉണ്ടെങ്കിലും, കാർബൺ മോണോക്‌സൈഡ് ദുർഗന്ധമില്ലാത്ത വാതകമാണ്. അതുകൊണ്ട് അടഞ്ഞ സ്ഥലത്ത് ഇത് എത്രമാത്രം ശ്വസിക്കുന്നുവെന്ന് മനസിലാക്കാൻ പ്രയാസമാകും. ഗാരേജുകളിലായാലും ബേസ്‌മെൻറുകളിലായാലും, കാർ എഞ്ചിൻ കൂടുതൽ നേരം പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് നമ്മൾ എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കണം.
എ സിയ്ക്ക് തകരാറുണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാമെന്നും വിദഗ്ധർ പറയുന്നു. എ സി പഴയതോ കേടുവന്നതോ ആണെങ്കിൽ, വായുസഞ്ചാരസംവിധാനം തകരാറിലാകുകയും ഉള്ളിൽ ശുദ്ധ വായു വേണ്ടത്ര നിറയുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യും. ഇതോടെ കാർബൺ മോണോക്‌സൈഡ്, കാർബൺ ഡൈ ഓക്‌സൈഡ് തുടങ്ങിയ വിഷവാതകങ്ങൾ വാഹനത്തിൽ നിറയുന്നു.
പൂർണ്ണ ജ്വലനം നടന്നാൽ കാർബൺ ഡൈ ഓക്സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാൽ അപൂർണ്ണമായ ജ്വലനം നടക്കുമ്പോൾ, അതായത് ജ്വലനത്തിനായി ആവശ്യമായ ഓക്‌സിജന്റെ അഭാവത്തിൽ ചെറിയ അളവിൽ കാർബൺ മോണോ ഓക്സൈഡ് ഉണ്ടാവാനും സാദ്ധ്യത ഉണ്ട്. ഇങ്ങനെ ഇന്ധനം ജ്വലിച്ചു തീരുമ്പോൾ ഏകദേശം 30,000 parts per million (ppm) കാർബൺ മോണോക്‌സൈഡ് വിഷ വാതകം ഉണ്ടാകും.
ഇത് എക്‌സ്‌ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച 'ക്യാറ്റലിറ്റിക്ക് കോൺവെർട്ടർ' എന്ന സംവിധാനം വച്ച് വിഷം അല്ലാത്ത കാർബർ ഡൈ ഓക്‌സൈഡ് ആക്കി മറ്റും. സാധാരണ ഗതിയിൽ കാറുകളിൽ ഇത് യാതൊരു പ്രശനവും ഉണ്ടാക്കാറില്ല. എന്നിരുന്നാലും, തുരുമ്പിച്ചോ, മറ്റു കാരണങ്ങൾ കൊണ്ട് ദ്രവിച്ചോ പൈപ്പിൽ ദ്വാരങ്ങൾ വീണാൽ 'ക്യാറ്റലിറ്റിക്ക് കോൺവെർട്ടറിൽ' എത്തുന്നതിനും മുൻപേ കാർബൺ മോണോക്‌സൈഡ് എന്ന വിഷ വാതകം പുറത്തേക്കു വരാം. ക്യാറ്റലിറ്റിക്ക് കോൺവെർട്ടർ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും ഇങ്ങനെ സംഭവിക്കാം.
എസി ഓൺ സ്റ്റാറ്റസ് ഉള്ള നിങ്ങളുടെ കാറിന്റെ ഒരു മണിക്കൂറോളം നിഷ്‌ക്രിയാവസ്ഥ കാർബൺ മോണോക്‌സൈഡ് അടിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിപ്പിക്കും. വാതകം ഉള്ളിൽ കെട്ടിക്കിടന്ന് നിങ്ങളെ കൊന്നേക്കാം. കാർബൺ മോണോക്‌സൈഡ് വാതകം കാറിനുള്ളിൽ പ്രവഹിക്കും. ഇതോടെ നിങ്ങൾക്ക് വളരെയധികം ശ്വാസം മുട്ടിക്കാൻ തുടങ്ങും. കുറച്ച് മിനിറ്റിനുള്ളിൽ ഇത് സംഭവിക്കുകയാണെങ്കിൽ, നിങ്ങളുടെ ബോധം നഷ്ടപ്പെടുകയും ശ്വാസതടസ്സം മൂലം കാറിനുള്ളിൽ വച്ച് മരിക്കുകയും ചെയ്യാം.
ഏസി
നിങ്ങളുടെ കാറിൻറെ എക്സ്ഹോസ്റ്റ് സിസ്റ്റം എല്ലാ വർഷവും പരിശോധിക്കുക. ദീർഘദൂര യാത്രയ്ക്കായി കാർ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ എസി സിസ്റ്റം പരിശോധിച്ച് കേടുപാടുകൾ, തടസ്സങ്ങൾ അല്ലെങ്കിൽ അടഞ്ഞ ഫിൽട്ടറുകൾ ഉണ്ടെങ്കിൽ അവ അറ്റകുറ്റപ്പണികൾ നടത്തുക. യാത്ര ചെയ്യുമ്പോൾ, നിങ്ങളുടെ കാറിൽ ഉറങ്ങുകയോ അല്ലെങ്കിൽ കൂടുതൽ നേരം അകത്തിരിക്കുകയോ ചെയ്താൽ, കുറച്ചു സമയം വാഹനത്തിൽ നിന്ന് ഇറങ്ങുന്നുവെന്ന് ഉറപ്പുവരുത്തുക. ചെറിയ ഇടവേളകൾ എടുക്കുന്നുവെന്ന് ഉറപ്പാക്കുക.
നിർത്തിയിട്ട കാറിൽ എസി ഓണാക്കി കിടന്നുറങ്ങുമ്പോൾ, കുറച്ച് വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കാൻ വിൻഡോ ഭാഗികമായി തുറന്നുവെക്കുക. പരമാവധി ഏസി ഇട്ട് കാറിനുള്ളിൽ ഉറങ്ങുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.