ഇനി കറന്റ് ബിൽ കണ്ട് നിങ്ങൾക്ക് ഷോക്കടിക്കില്ല; ഇവയൊന്ന് ശ്രദ്ധിച്ചാൽ മതി

  1. Home
  2. Lifestyle

ഇനി കറന്റ് ബിൽ കണ്ട് നിങ്ങൾക്ക് ഷോക്കടിക്കില്ല; ഇവയൊന്ന് ശ്രദ്ധിച്ചാൽ മതി

electricity


പലപ്പോഴും നമുക്ക് പറ്റുന്ന ചെറിയ ചെറിയ അശ്രദ്ധകളാണ് കറന്റ് ബിൽ അമിതമായി വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ. കറന്റ് ബിൽ കുറയ്ക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും, ഏതെല്ലാം വിധത്തിൽ എനർജി സേവ് ചെയ്യാമെന്നും നമുക്ക് നോക്കാം.

ബൾബ്
വീട്ടിൽ LED ബൾബ് ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. സാധാ ബൾബിനേക്കാൾ അഞ്ചിരട്ടി കുറവ് വൈദ്യുതി മാത്രമാണ് ഇവ ഉപയോഗിക്കുക. ഇത് കറന്റ് ബിൽ വർദ്ധിക്കാതിരിക്കാൻ സഹായിക്കും. അതുപോലെ, ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം ബൾബ് ഇടുക. അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കുക.

സൂര്യപ്രകാശം
വീട്ടിലേയ്ക്ക് നല്ലരീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ ജനാല തുറന്നിടാം. ഇത് പകൽ സമയത്തുള്ള അമിതമായിട്ടുള്ള വൈദ്യുത ഉപയോഗം കുറയ്ക്കാൻ സഹായിക്കും.

വീട്ടിൽ സോളാർ പാനലുകൾ വെയ്ക്കുന്നതിലൂടെ വീട്ടിലേയ്ക്ക് ആവശ്യമായ കറന്റ് ഉൽപാദിപ്പിക്കാൻ സാധിക്കും. ഇത് കറന്റ് ബിൽ കുറയ്ക്കാൻ സഹായിക്കും.

ഫ്രിഡ്ജും ഏസിയും
ഫ്രിഡ്ജിൽ അധികം സാധനങ്ങൾ ഇല്ലെങ്കിൽ ഫ്രിഡ്ജ് ഓഫാക്കി ഇടാം. ചീത്തയാകില്ല എന്നുറപ്പുള്ള സാധനങ്ങൾ പുറത്ത് വെച്ചാലും മതി. വെറുതേ കുറച്ച് സാധനങ്ങൾ മാത്രം വെച്ച് ഫ്രിഡ്ജ് ഓൺ ചെയ്തിടുന്നത് വൈദ്യുതി പാഴാകുന്നതിന് കാരണാകുന്നു. ഇത് കറന്റ് ബിൽ വർദ്ധിപ്പിക്കും.

വീട്ടിൽ ഏസി ഉണ്ടെങ്കിൽ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. അതുപോലെ, ഏസി ഓൺ ചെയ്തതിനുശേഷം റൂമിന്റെ വാതിൽ, ജനാല എന്നിവ തുറന്നിടുന്നത് റൂം തണുക്കാൻ അധിക സമയം എടുക്കുന്നതിന് കാരണമാണ്. ഇത് അമിതമായി വൈദ്യുതി ഉപയോഗത്തിലേയ്ക്ക് നയിക്കും.

വാഷിംഗ് മെഷീൻ
രണ്ടോ മൂന്നോ വസ്ത്രങ്ങൾ മാത്രമായി വാഷിംഗ് മെഷീനിൽ അലക്കാതിരിക്കുക. കുറേ വസ്ത്രങ്ങൾ ഒന്നിച്ച് ഒരു നേരം അലക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും. ചെറിയ വസ്ത്രങ്ങൾ കൈകൊണ്ട് അലക്കിയിടുന്നത് വാഷിംഗ് മെഷീൻ അനാവശ്യമായി ഉപയോഗിക്കാതിരിക്കാൻ സഹായിക്കും.

രാത്രി 
പലരും രാത്രിയിൽ അമിതമായി വൈദ്യുതി ഉപയോഗിക്കുന്നത് കാണാം. ഇത് സത്യത്തിൽ കറന്റ് ബിൽ വർദ്ധിക്കുന്നതിന് കാരണമാണ്. അതിനാൽ, വസ്ത്രങ്ങൾ അയേൺ ചെയ്യാനുണ്ടെങ്കിൽ പകൽ സമയത്ത് ചെയ്യുക. കുറച്ചധികം വസ്ത്രങ്ങൾ ഒന്നിച്ച് അയേൺ ചെയ്ത് വെയ്ക്കുന്നത് നല്ലതായിരിക്കും. ഇടയ്ക്കിടയ്ക്ക് വസ്ത്രങ്ങൾ അയേൺ ചെയ്യുന്നത് വൈദ്യുതി പാഴാക്കുന്നതിന് തുല്യമാണ്.

അതുപോലെ, ഇൻഡക്ഷൻ കുക്കർ എന്നിവ രാത്രിയിൽ ഉപയോഗിക്കാതിരിക്കാം. അതുപോലെ, ഇലക്ട്രിക് ഡിവൈസുകൾ ചാർജ് ചെയ്യാനുണ്ടെങ്കിൽ 6 മണിക്ക് മുൻപായി ചാർജ് ചെയ്യാൻ ശ്രദ്ധിക്കുക. രാത്രിയിൽ ചാർജ് ചെയ്യാൻ ഇട്ട് ഉറങ്ങുന്ന ശീലം ഒഴിവാക്കുക. രാത്രി സമയത്ത് അമിതമായി മോട്ടർ അടിച്ച് വെള്ളം പിടിക്കാതിരിക്കാനും ശ്രദ്ധിക്കാം.

ഫ്രിഡ്ജ്, ഏസി, വാഷിംഗ് മെഷീന് എന്നിവ വാങ്ങുമ്പോൾ സ്റ്റാർ റേറ്റിംഗ് കൂടിയത് നോക്കി വാങ്ങാൻ ശ്രദ്ധിക്കുക. ഇത് വൈദ്യുതി ഉപയോഗം കുറയ്ക്കാനും കറന്റ് ബിൽ കുറയ്ക്കാനും സഹായിക്കുന്നതാണ്. അതുപോലെ, ഏതൊരു ഇലക്ട്രിക് ഉപകരണങ്ങളും, ഡിവൈസുകളും പരമാവധി ഉപയോഗിക്കുന്നത് വൈദ്യുതി അമിതമായി വിനിയോഗിക്കപ്പെടുന്നതിന് കാരണമാകുന്നു. അതിനാൽ, വേണ്ട വിധത്തിൽ, ശരിയായ വിധത്തിൽ ഉപയോഗിക്കുക. പഴയ ഇലക്ട്രിക് ഉപകരണങ്ങൾ കാലാവധി കഴിയുമ്പോൾ മാറ്റാൻ ശ്രദ്ധിക്കുക. അതുപോലെ, ഓരോ ഉപകരണങ്ങളും ഉപയോഗിക്കേണ്ട ശരിയായ വിധം മാന്യുവലിൽ നൽകിയിരിക്കും. അതിനനുസരിച്ച് ഉപയോഗിക്കുക.