കരിപിടിച്ച പാത്രങ്ങൾ ഇനി എളുപ്പത്തിൽ വൃത്തിയാക്കാം; പുതിയത് പോലെ തിളങ്ങാൻ ഇങ്ങനെ ചെയ്യൂ
പാചകം ചെയ്യുന്ന സമയത്ത് പാത്രങ്ങൾ കരിപിടിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത് വൃത്തിയാക്കുന്നത് അത്ര എളുപ്പമല്ല. എത്ര തേച്ചുരച്ച് കഴുകിയാലും കരി മുഴുവനായും പോകാതിരിക്കാറുണ്ട്. എന്നാൽ ഈ പ്രശ്നം പരിഹരിക്കാനായി ചില എളുപ്പവഴികളുണ്ട്. വളരെയെളുപ്പത്തിൽ തന്നെ പാത്രങ്ങളിലെ കരി കളയാനും, അവ പുതിയതുപോലെ തിളങ്ങാനും ഇങ്ങനെ ചെയ്തുനോക്കൂ
1) കരിഞ്ഞ പാത്രം പതിനഞ്ച് മിനിട്ട് വെള്ളത്തിലിട്ട് വെയ്ക്കുക. ശേഷം ചെറുനാരങ്ങയുടെ പകുതിയെടുത്ത് അതിൽ ഉപ്പ് ചേർത്ത് പാത്രത്തിൽ നന്നായി തേച്ചുപിടിപ്പിക്കുക. അല്ലെങ്കിൽ ചെറുനാരങ്ങാനീരും ഉപ്പും മിക്സ് ചെയ്ത് സ്ക്രബറിൽ തേച്ച് പാത്രത്തിൽ തേച്ച് പിടിപ്പിക്കുക. നന്നായി കത്തിക്കരിഞ്ഞിട്ടുണ്ടെങ്കിൽ ഉപ്പ് കുറച്ചധികം ഉപയോഗിക്കാം. ശേഷം ഡിഷ്‌വാഷ് ഉപയോഗിച്ച് കഴുകിക്കളയാം. പാത്രം പുതിയതുപോലെയാകും.
2) വിനാഗിരി ഉപയോഗിച്ചും പാത്രങ്ങളിലെ കരി കളയാനാകും. പാത്രത്തിൽ പകുതി വെള്ളമെടുത്ത ശേഷം അതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കുക. ശേഷം അടുപ്പത്ത് വച്ച് നന്നായി തിളപ്പിക്കുക. അപ്പോൾ കരി ഇളകിമാറും. തുടർന്ന് അടുപ്പിൽ നിന്ന് ഇറക്കിവെച്ച്, കുറച്ച് തണുത്ത ശേഷം സ്ക്രബറിൽ ഡിഷ്‌വാഷെടുത്ത് തേച്ച് കഴുകുക.