സോയ ചങ്ക്സ് ഗ്രേവി ഉണ്ടാക്കാം; ചിക്കൻ കറിയുടെ അതേ രുചിയിൽ

  1. Home
  2. Lifestyle

സോയ ചങ്ക്സ് ഗ്രേവി ഉണ്ടാക്കാം; ചിക്കൻ കറിയുടെ അതേ രുചിയിൽ

soya


ചിക്കൻ ഗ്രേവിയുടെ അതേ രുചിയിൽ നിങ്ങൾക്ക് വീട്ടിൽ സോയ ചങ്ക്സ് ഗ്രേവി ഉണ്ടാക്കാം. 


ചേരുവകൾ
സോയ ചങ്ക്സ് - 1 കപ്പ്
എണ്ണ - 2 ടേബിൾസ്പൂൺ
കറുവപ്പട്ട - 2 കഷണങ്ങൾ
വലിയ ഉള്ളി-2 (ചെറുതായി അരിഞ്ഞത്)
വലിയ തക്കാളി - 1 (ചെറുതായി അരിഞ്ഞത്)
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
ജീരകപ്പൊടി - 1/4 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
വെള്ളം - ഒന്നരക്കപ്പ്
മല്ലിയില - അൽപം (ചെറുതായി അരിഞ്ഞത്)

അരവ്
തേങ്ങ - 1 കഷ്ണം
ഇഞ്ചി - 1 കഷണം
വെളുത്തുള്ളി - 7-8 അല്ലി
ഗ്രാമ്പൂ - 3
പെരുംജീരകം- 1 ടീസ്പൂൺ
വെള്ളം - അല്പം

പാചകക്കുറിപ്പ്
ആദ്യം ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് 1 കപ്പ് സോയചങ്ക്സ് വെള്ളത്തിൽ ചേർത്ത് 10 മിനിറ്റ് കുതിർക്കാൻ വെക്കുക. ശേഷം മിക്‌സി ജാറിൽ തേങ്ങ, ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ, പെരുംജീരകം, അൽപം വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കണം. വെള്ളം അധികമാവാതിരിക്കാൻ ശ്രദ്ധിക്കണം. 10 മിനിറ്റിനു ശേഷം, സോയചങ്ക്സിലെ വെള്ളം ഒഴിച്ച് മാറ്റി ഇവ ചെറുതാക്കി മുറിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് അതിൽ എണ്ണ ഒഴിച്ച് ചൂടാക്കി കറുവപ്പട്ട ബിരിയാണി ഇല എന്നിവ ചേർത്ത് ഇളക്കുക

ശേഷം ഉള്ളി ചേർത്ത് നിറം മാറുന്നത് വരെ വഴറ്റുക. ശേഷം ഇതിലേക്ക് തക്കാളി ചേർത്ത് പാകത്തിന് ഉപ്പ് മിക്സ് ചെയ്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഗരംമസാല എന്നിവ ചേർത്ത് 2 മിനിറ്റ് വഴറ്റുക. പിന്നീട് അരച്ച് വെച്ച തേങ്ങാ മിശ്രിതം ചേർത്ത് 2 മിനിറ്റ് നന്നായി ഇളക്കുക, തുടർന്ന് 1 1/2 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി ഗ്രേവി തിളപ്പിക്കുക. ഗ്രേവിയിലെ വെള്ളം തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് സോയ ചങ്ക്സ് ഇട്ട് ഇളക്കി നല്ലതുപോലെ മല്ലിയില തൂവി ഉപയോഗിക്കാവുന്നതാണ്.