ഇടം തികയുന്നില്ല എന്ന പരാതി ഇനി വേണ്ട; ഫ്രിജ് ഇങ്ങനെ ക്രമീകരിക്കാം

  1. Home
  2. Lifestyle

ഇടം തികയുന്നില്ല എന്ന പരാതി ഇനി വേണ്ട; ഫ്രിജ് ഇങ്ങനെ ക്രമീകരിക്കാം

fridge


ഫ്രിജിനുള്ളിൽ സ്ഥലമില്ല, തണുപ്പ് ആവശ്യത്തിനില്ല എന്ന് പരാതിപ്പെടുന്നവർ ഉണ്ട്. എന്നാൽ ഫ്രിജിനുള്ളിൽ സാധനങ്ങൾ കൃത്യമായി ക്രമീകരിക്കാത്തതാണ് പലപ്പോഴും ഇതിനുള്ള കാരണം. ഫ്രിജ് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് കൃത്യമായി മനസ്സിലാക്കി അതാത് സ്ഥലങ്ങളിൽ അനുയോജ്യമായ സാധനങ്ങൾ മാത്രം വയ്ക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാന കാര്യം. 

ഫ്രിജ് ക്രമീകരിക്കാനുള്ള ചില എളുപ്പവഴികൾ നോക്കാം. 

വായു കടക്കാത്ത പ്ലാസ്റ്റിക് ബാഗുകൾ

ഡ്രൈ ഫ്രൂട്ടുകളും പഴവർഗങ്ങളും കഷ്ണങ്ങളാക്കിയ തേങ്ങയും മറ്റും കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാൻ ഫ്രിജിൽ വയ്ക്കുന്നവരുണ്ട്. എന്നാൽ പലപ്പോഴും നിത്യോപയോഗമില്ലാത്ത ഈ വസ്തുക്കൾ ധാരാളം സ്ഥലം അപഹരിക്കും. ഇവ വായു കടക്കാത്തവിധം മുറുക്കമുള്ള പ്ലാസ്റ്റിക് ബാഗുകൾക്കുള്ളിലാക്കി അടുക്കി വയ്ക്കുന്നത് സാധനങ്ങൾ കേടാകാതിരിക്കാനും ഫ്രിജിനുള്ളിലെ സ്ഥലം ലാഭിക്കാനും സഹായിക്കും.

ഷെൽഫ് ലൈനറുകൾ ഉപയോഗിക്കാം

സാധനങ്ങൾ വയ്ക്കുകയും എടുക്കുകയും ചെയ്യുന്ന സമയത്ത് ഫ്രിജിന്റെ തട്ടുകളിൽ ഭക്ഷണപദാർത്ഥങ്ങൾ വീണ് അഴുക്കാകാറുണ്ട്. പലപ്പോഴും ഈ തട്ടുകൾ വൃത്തിയാക്കുന്നത് തീരാതലവേദനയുമാണ്. ഈ പ്രശ്നം പരിഹരിക്കാനായി ഷെൽഫ് ലൈനറുകൾ ഉപയോഗിക്കാം. റോളുകളായി ലഭിക്കുന്ന ഇവ ഷെൽഫിന്റെ വലുപ്പത്തിനനുസരിച്ച് ആവശ്യാനുസരണം മുറിച്ചെടുത്ത് വിരിക്കാവുന്നതാണ്. അഴുക്കാവുന്നതനുസരിച്ച് ഇവ മാറ്റി വിരിച്ചാൽ മതിയാകും.

ട്രേ ബാസ്ക്കറ്റുകൾ

നാരങ്ങ, പച്ചമുളക്, ഇഞ്ചി തുടങ്ങിയവ ഇന്ത്യൻ അടുക്കളകളിൽ നിത്യവും ഉപയോഗമുള്ളവയാണ്. ഇവ സാധാരണ ഫ്രിജിലെ വെജിറ്റബിൾ ബാസ്കറ്റിനുള്ളിൽ മറ്റു പച്ചക്കറികൾക്കൊപ്പം സൂക്ഷിക്കുകയാണ് പലരുടെയും രീതി. എന്നാൽ ഇവ ചെറിയ ട്രേ ബാസ്ക്കറ്റുകളിലാക്കി സൂക്ഷിക്കുന്നത് എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള സൗകര്യം ഒരുക്കും. സമാനമായ രീതിയിൽ ജാറുകളും ഗ്ലാസ് കണ്ടെയ്നറുകളും ഫ്രിജിനുള്ളിൽ വയ്ക്കാനായി ബാസ്ക്കറ്റ് ഉപയോഗിക്കാം. ഫ്രിജിനുള്ളിൽ സാധനങ്ങൾ നിരക്കാത്ത വിധം ഒതുക്കി വയ്ക്കാനും താഴെ വീഴാതെ സുരക്ഷിതമായി പുറത്തെടുക്കാനും ഇത് സഹായിക്കും.

ക്ലിങ് ഷീറ്റുകൾ

പാത്രങ്ങളിലാക്കിയ ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ അവ അടച്ചുസൂക്ഷിക്കാനായി മറ്റൊരു പാത്രം വേണ്ടിവരും. ഇത്തരത്തിൽ ഉപയോഗിക്കുന്നത് കൃത്യമായ വലുപ്പത്തിലുള്ള പാത്രങ്ങളല്ല എങ്കിൽ ഫ്രിജിനുള്ളിലെ സ്ഥലം നഷ്ടപ്പെടാൻ മറ്റൊരു കാരണം വേണ്ട. എന്നാൽ ഇത്തരത്തിൽ പാത്രങ്ങൾക്ക് പകരം ക്ലിങ് ഷീറ്റുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. പാത്രങ്ങളോട് ചേർന്നിരിക്കുന്ന നേർത്ത ക്ലിങ് ഷീറ്റുകൾ മുറിച്ച പഴങ്ങൾ, മാംസം തുടങ്ങിയ ഭക്ഷണസാധനങ്ങളെല്ലാം സുരക്ഷിതമായിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു.

കൂടുതൽ തണുപ്പുള്ളവ ഏറ്റവും പിന്നിൽ

ഓരോ തട്ടിലും സാധനങ്ങൾ വയ്ക്കുമ്പോൾ ഏറ്റവും ആദ്യം എടുക്കേണ്ടി വരുന്നവ മുന്നിൽ തന്നെ ഇരിക്കട്ടെ എന്നാവും ചിന്ത.  ഓരോ ഷെൽഫിലെയും താപനില ക്രമീകരിക്കാനായി എയർ ഡിസ്പെൻസറുകൾ ഉണ്ട്. അതിനാൽ കൂടുതൽ തണുത്തിരിക്കേണ്ട സാധനങ്ങൾ ഷെൽഫിന്റെ ഏറ്റവും പിന്നിലായി വയ്ക്കുന്നതാണ് ഉചിതം. താരതമ്യേന തണുപ്പ് കുറച്ചു മാത്രം വേണ്ടവ മുൻനിരയിൽ വയ്ക്കാം.