വ്യത്യസ്ത മീൻ കറി തയാറാക്കി നോക്കിയാലോ?; ഒരു ശ്രീലങ്കൻ രുചി

  1. Home
  2. Lifestyle

വ്യത്യസ്ത മീൻ കറി തയാറാക്കി നോക്കിയാലോ?; ഒരു ശ്രീലങ്കൻ രുചി

fish


കുടംപുളി ചേർത്തും വാളൻപുളി ചേർത്തും തക്കാളി ചേർത്തുമൊക്കെ മീൻകറികൾ പാകം ചെയ്യുന്നവരുമുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് അംബുൽ തിയേൽ എന്ന ശ്രീലങ്കൻ മീൻ കറി. നല്ലതുപോലെ കുറുക്കിയെടുത്ത ഗ്രേവിയാണ് ഈ കറിയുടെ എടുത്തുപറയേണ്ട സവിശേഷത. എങ്ങനെയാണു തയാറാക്കുന്നതെന്നു നോക്കാം.

ദശക്കട്ടിയുള്ള മീനാണ് ഈ കറിയ്ക്കായി തെരഞ്ഞെടുക്കേണ്ടത്. ആവശ്യത്തിന് കുടംപുളിയെടുത്തു നന്നായി കഴുകിയതിനു ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളമൊഴിച്ചു പുളി കൂടിയിട്ട് നല്ലതുപോലെ തിളപ്പിക്കുക. കുറച്ചു സമയം കഴിയുമ്പോൾ തീ ഓഫ് ചെയ്ത് വെള്ളം മാറ്റിയതിനു ശേഷം പുളി മാത്രമെടുത്തു ഒരു ഇടി കല്ലിലിട്ടു നന്നായി ഇടിയ്ക്കുക. കൂടെ കുറച്ചു വെളുത്തുള്ളി തൊലി കളഞ്ഞു കൂടി ചേർത്ത് ചതച്ചു ഗ്രേവിയാക്കിയെടുക്കുക. ഇനി അതിലേക്കു പാകത്തിന് ഉപ്പും കുറച്ചധികം കുരുമുളക് പൊടിയും കുറച്ച് വെള്ളവും കൂടിയൊഴിച്ച് നന്നായി മിക്‌സ് ചെയ്‌തെടുത്തു മീനിൽ തേച്ചുപിടിപ്പിക്കാം. 

ഒരു മൺചട്ടിയിലേക്ക് കറിവേപ്പിലയിട്ട് അതിലേക്കു മീൻ കൂടെ പെറുക്കി വച്ച് കൊടുക്കണം. തീ ഏറ്റവും കുറച്ചു വച്ച് വേണം മീൻ വേവിച്ചെടുക്കാൻ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഒരു കഷ്ണം കറുവപ്പട്ടയും മൂന്നു ഗ്രാമ്പുവും കൂടെ ഈ കൂട്ടിലേക്ക് ചേർത്ത് കൊടുക്കാം. തിളച്ചു പാകമായി വരുമ്പോൾ മൂന്നു പച്ചമുളക് കൂടി ചേർത്ത് നന്നായി ഇളക്കി കൊടുത്തു അടച്ചു വച്ചു വേവിക്കണം. നന്നായി വറ്റി വരുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്. രുചിയിൽ കേമമാണ് ഈ മീൻ കറി എന്നാണ് അംബുൽ തീയേൽ തയാറാക്കി പങ്കുവച്ച @ shijo_ john തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പറയുന്നത്.