പാൽ എങ്ങനെ കേടുകൂടാതെ ഏറെനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം; ടിപ്സ്

  1. Home
  2. Lifestyle

പാൽ എങ്ങനെ കേടുകൂടാതെ ഏറെനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം; ടിപ്സ്

milk


ദൈനംദിന ജീവിതത്തിൽ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പാൽ. എപ്പോഴും ആവശ്യമുള്ള വസ്തുവായതിനാൽ തന്നെ അധികം വരുന്ന പാൽ ഫ്രിഡ്ജിൽ സൂക്ഷിച്ചുവയ്ക്കുകയാണ് ഏറ്റവും പ്രായോഗികമായ വഴി. എന്നാൽ പലപ്പോഴും ഫ്രിഡ്ജിൽ സൂക്ഷിച്ചാലും പാൽ പിരിഞ്ഞുപോവാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നറിയാമോ? പാല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കുമ്പോൾ ചില കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ പാൽ പെട്ടെന്ന് പിരിഞ്ഞ് കേടാവുന്നത് ഒഴിവാക്കാനാവും.

പാൽ ഫ്രിഡ്ജിന് അകത്ത് എവിടെയെങ്കിലും വച്ചാൽ മതി, കേടുകൂടാതെ ഇരുന്നോളും എന്നാണ് പലരും ചിന്തിക്കുക. എന്നാൽ ഫ്രിഡ്ജിൽ പാൽ എവിടെ വയ്ക്കുന്നു എന്നതും പ്രധാനമാണ്. തണുപ്പ് കൂടുതലായി നിലനിൽക്കുന്ന ഫ്രിഡ്ജിന്റെ മധ്യഭാഗത്തോ താഴ് ഭാഗത്തെ ഷെൽഫുകളിലോ പാൽ വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഫ്രിഡ്ജിലെ താഴത്തെ ഷെൽഫുകളേക്കാൾ മുകളിലെ ഷെൽഫുകളിൽ ചൂടു കൂടുതലായിരിക്കും.

പലരും ഫ്രിഡ്ജിന്റെ ഡോർ ഷെൽഫുകളിൽ പാൽ വയ്ക്കുന്നത് കണ്ടിട്ടുണ്ട്. ഇത് തെറ്റായ രീതിയാണ്, ഇവിടെ കെച്ചപ്പ്, സോയ സോസ്, ജാം, കുപ്പിവെള്ളം, മറ്റു പാനീയങ്ങൾ എന്നിവയൊക്കെ സൂക്ഷിക്കുന്നതാണ് ഉചിതം. കാരണം ഇവിടെ താരതമ്യേന തണുപ്പു കുറവായിരിക്കും, പെട്ടെന്ന് കേടുവരാത്ത വസ്തുക്കൾ ഇവിടെ സൂക്ഷിക്കുന്നതാണ് പ്രായോഗികം.

ഉപയോഗം കഴിഞ്ഞാൽ ഉടൻ തന്നെ ബാക്കി വരുന്ന പാല് ഫ്രിഡ്ജിലേക്ക് എടുത്തു വയ്ക്കാൻ മറക്കരുത്. അതുപോലെ തന്നെ ഫ്രിഡ്ജിന്റെ വാതിൽ കൂടുതൽ സമയം തുറന്നു വയ്ക്കുന്നതും ഒഴിവാക്കണം. ഇത് ഫ്രിഡ്ജിനകത്തെ താപനിലയിൽ വ്യത്യാസം വരുത്തും. പാൽ മാത്രമല്ല, ഫ്രിഡ്ജിനകത്തെ മറ്റു ഭക്ഷണ പദാർഥങ്ങളും വേഗത്തിൽ കേടുവരാൻ ഇതു കാരണമാവും. അതിനാൽ അധികനേരം ഫ്രിഡ്ജിന്റെ ഡോർ തുറന്നിടാതെ വേഗത്തിൽ അടയ്ക്കാൻ ശ്രദ്ധിക്കണം.

പാൽ തിളപ്പിച്ചതിനു ശേഷമാണ് സൂക്ഷിക്കുന്നതെങ്കിലും ചില കാര്യങ്ങളിൽ ശ്രദ്ധ വേണം. പാൽ തിളപ്പിക്കാൻ പ്രത്യേകമായി ഒരു പാത്രം തന്നെയെടുക്കുക. ഈ പാത്രം വേറെ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. സ്റ്റീൽ പാത്രം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അതുപോലെ പാൽ തിളപ്പിക്കുന്ന പാത്രം എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

സാധാരണഗതിയിൽ, ഒരു പാക്കറ്റ് പാൽ തുറന്നു കഴിഞ്ഞാൽ 4 മുതൽ 7 ദിവസം വരെയാണ് അത് കേടുകൂടാതെ ഇരിക്കുക. പാൽ ഫ്രീസറിലാണ് സൂക്ഷിക്കുന്നതെങ്കിൽ ഇതിൽ കൂടുതൽ ദിവസം കേടുകൂടാതെയിരിക്കും. പാൽ കവറോടെ ഫ്രീസറിൽ വയ്ക്കുമ്പോൾ അത് വികസിച്ചുവരാനുള്ള സാധ്യത കൂടി മുൻകൂട്ടി കാണണം. ഫ്രീസറിൽ പാൽ പാക്കറ്റുകൾ തിങ്ങി നിൽക്കുന്നതുപോലെ വയ്ക്കരുത്.