ബോറടിക്കുമ്പോൾ ഇൻസ്റ്റാഗ്രാമിലെ റീലുകൾ കാണുന്ന ശീലമുണ്ടോ?; എന്നാൽ ഇതൊന്ന് അറിഞ്ഞിരിക്കണം

  1. Home
  2. Lifestyle

ബോറടിക്കുമ്പോൾ ഇൻസ്റ്റാഗ്രാമിലെ റീലുകൾ കാണുന്ന ശീലമുണ്ടോ?; എന്നാൽ ഇതൊന്ന് അറിഞ്ഞിരിക്കണം

videos


ബോറടിക്കുമ്പോൾ ഇൻസ്റ്റാഗ്രാമിലെ റീലുകളോ യൂട്യൂബിലെ ഷോർട്സുകളോ കാണുന്ന ശീലം പലർക്കുമുണ്ട്. ഒന്നിനു പിറകെ ഒന്നായി വീഡിയോകൾ സ്‌ക്രോൾ ചെയ്ത് മാറ്റിക്കൊണ്ടേയിരിക്കുന്നത് നല്ലൊരു നേരംപോക്കാണല്ലോ എന്നും കരുതും. എന്നാൽ ഇത്തരം ശീലം ബോറടി അധികമാക്കാൻ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് പഠനങ്ങൾ പറയുന്നു.

ടോറന്റോ സർവകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. വീഡിയോകൾ മാറി മാറി കാണുകയല്ല മറിച്ച് ഏതെങ്കിലും ഒരെണ്ണം ദീർഘനേരം കാണുകയാണ് ബോറടി മാറ്റാനുള്ള വഴിയെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പോസ്റ്റ് ഡോക്ടറൽ ഗവേഷക കാറ്റി ടാം പറയുന്നു.

യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മാത്രമല്ല നെറ്റ്ഫ്ളിക്സ് പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലും ഇന്ന് നിരവധി ഷോർട്ട് വീഡിയോകൾ ലഭ്യമാണ്. ഇതിൽ എല്ലാമൊന്നും താത്പര്യം ഉണർത്തുന്നതാകണമെന്നില്ല. ഇതിനാൽ സ്‌ക്രോൾ ചെയ്ത് ഇവ നിരന്തരം മാറ്റിക്കൊണ്ടിരിക്കാനുള്ള പ്രവണതയുണ്ടാകും. ഡിജിറ്റൽ സ്വിച്ചിങ് എന്നാണ് ഇതിന് പറയുന്ന പേര്.

ഈ ഡിജിറ്റൽ സ്വിച്ചിങ് ഉള്ള ബോറടി അധികരിപ്പിക്കുമെന്ന് ഗവേഷകർ നിരീക്ഷിക്കുന്നു. ഇത് നമ്മുടെ സംതൃപ്തിയും ശ്രദ്ധയും കുറയ്ക്കുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. ബോറടി നമ്മുടെ ശ്രദ്ധയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതാണ് ഇതിന് കാരണം. ഏതെങ്കിലും ഒരു വീഡിയോയിൽ നാം ശ്രദ്ധയർപ്പിച്ചിരുന്നാൽ മാത്രമേ അതിൽ എന്തെങ്കിലും അർത്ഥമുള്ളതായി നമുക്ക് തോന്നുകയുള്ളൂ. എന്നാൽ ഡിജിറ്റൽ സ്വിച്ചിങ് ഇതിനുള്ള അവസരം ഇല്ലാതാക്കുന്നു. ജേണൽ ഓഫ് എക്സ്പിരിമെന്റൽ സൈക്കോളജിയിൽ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.