ഫ്രിഡ്ജും ടിവിയും പ്രവർത്തിപ്പിക്കാം കറന്റ് വേണ്ട; പുതുക്കിയ നെക്സോൺ ഇവി ഫേസ് ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടാറ്റ

പുതുക്കിയ നെക്സോൺ ഇവി ഫേസ് ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്സ് പുതുക്കിയ ഡിസൈൻ, പുതിയ ഫീച്ചറുകൾ, മെച്ചപ്പെട്ട ഇലക്ട്രിക് പവർട്രെയിൻ എന്നിവയുൾപ്പെടെ നിരവധി മെച്ചപ്പെടുത്തലുകളുമായിട്ടാണ് ടാറ്റ നെക്സോൺ ഇവി പുതിയ രൂപത്തിൽ എത്തുന്നത്. 14.74 ലക്ഷം രൂപ എക്സ് ഷോറൂം പ്രാരംഭ വിലയിൽ ആണ് പുത്തൻ നെക്‌സോൺ ഇവിയുടെ അവതരണം. 19.94 ലക്ഷം രൂപ വരെയാണ് ടോപ്പ് വേരിയൻറിൻറെ എക്‌സ് ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് എസ്യുവിക്ക് പുതിയ രൂപകൽപ്പനയും നവീകരിച്ച ഇന്റീരിയറും പുതിയ ഇലക്ട്രിക് മോട്ടോറും അടക്കം ഒരു സമഗ്രമായ അപ്ഡേറ്റ് ലഭിച്ചു.
അതേസമയം പുതിയ നെക്സോൺ ഇവിയിൽ കമ്പനി പുതുതായി നൽകിയ വെഹിക്കിൾ ടു വെഹിക്കിൾ ചാർജിംഗ് (V2V), വെഹിക്കിൾ ടു ലോഡ് ടെക്നോളജി (വി2എൽ) ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇന്ത്യൻ വാഹനലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ ഫീച്ചറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് കാറിൽ നിന്ന് ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ പ്രവർത്തിപ്പിക്കാനും മറ്റൊരു കാറിനെ അനായാസം ചാർജ്ജ് ചെയ്യാനുമൊക്കെ കഴിയും.
ഡിസൈൻ
പുതിയ നെക്‌സോൺ ഇവിയുടെ പുറംഭാഗവും ഇന്റീരിയറും പുതിയ ഐസിഇ പതിപ്പിനോട് സാമ്യമുള്ളതാണ്. എന്നാൽ അതിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻ മോഡലിനെ അപേക്ഷിച്ച് ടാറ്റ നെക്സോൺ ഇലക്ട്രിക്കിന്റെ ബാഹ്യ രൂപവും രൂപകൽപ്പനയും പൂർണ്ണമായും മാറ്റിയിട്ടുണ്ട്. തികച്ചും പുതിയതും പുതുമയുള്ളതുമായ രൂപമാണ് കമ്പനി നൽകിയിരിക്കുന്നത്. കമ്പനി അടുത്തിടെ നെക്സോൺ ഐസിഇ (പെട്രോൾ-ഡീസൽ) മോഡൽ അവതരിപ്പിച്ചതിന് സമാനമാണിത്. ഈ രണ്ട് മോഡലുകളുടെയും രൂപകൽപ്പനയിൽ വളരെയധികം സാമ്യമുണ്ട്.
കോസ്മെറ്റിക് അപ്ഡേറ്റുകൾക്കൊപ്പം, ഈ എസ്യുവിയിൽ മെക്കാനിക്കൽ അപ്ഡേറ്റുകളും കമ്പനി നൽകിയിട്ടുണ്ട്. ഈ എസ്യുവിയുടെ ഡ്രൈവിംഗ് ശ്രേണി മെച്ചപ്പെടുത്തുക മാത്രമല്ല, ചില നൂതന സവിശേഷതകളും ഇതിൽ ചേർത്തിട്ടുണ്ട്. ഈ എസ്യുവിയുടെ രൂപവും രൂപകൽപ്പനയും പ്രധാനമായും കമ്പനിയുടെ കൺസെപ്റ്റ് മോഡൽ കർവ്വിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഈ പുതിയ ഡിസൈൻ കൂടുതൽ എയറോഡൈനാമിക് ആണെന്നും പുതിയ എൽഇഡി ലൈറ്റിംഗ് ഇതിൽ ഉപയോഗിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
ഇന്റീരിയർ
പുതിയ ടച്ച്സ്‌ക്രീൻ സജ്ജീകരണവും ടു-സ്പോക്ക് സ്റ്റിയറിംഗ് വീലും ഉള്ള കർവ് കൺസെപ്റ്റിന്റെ ഇന്റീരിയറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഡിസൈൻ നെക്‌സോൺ ഇവിയുടെ ക്യാബിൻ അവതരിപ്പിക്കുന്നു. ഇതിൽ എസി വെന്റുകൾ പഴയതിനേക്കാൾ അൽപ്പം കനം കുറഞ്ഞതാണ് ഡാഷ്ബോർഡിൽ കാണുന്ന ബട്ടണുകൾ ഫീച്ചറുകളുടെ പ്രവർത്തനം എളുപ്പമാക്കുന്നത്. ക്യാബിൻ പൂർണമായും ഹൈടെക് ആക്കാനാണ് കമ്പനി ശ്രമിച്ചത്.
കാറിന്റെ സെന്റർ കൺസോളിൽ റോട്ടറി ഡ്രൈവിംഗ് മോഡ് സെലക്ടർ നൽകിയിട്ടുണ്ട്. ഇതുപയോഗിച്ച് റേഡിയോ ബട്ടണിൽ നിങ്ങളുടെ ഡ്രൈവിംഗ് മോഡ് തിരഞ്ഞെടുക്കാം. 12.3 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇതിനുള്ളത്. ഇത് ICE പതിപ്പിൽ നൽകിയിരിക്കുന്ന 10.25 ഇഞ്ച് സ്‌ക്രീനിനേക്കാൾ വലുതാണ്. ഇതിനുപുറമെ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ നൽകിയിട്ടുണ്ട്, അതേ വലിയ ഇൻസ്ട്രുമെന്റ് പാനൽ അതിന്റെ പെട്രോൾ പതിപ്പിലും ലഭ്യമാണ്.
ബാറ്ററി പായ്ക്ക്
നേരത്തെ പ്രൈം, മാക്സ് എന്നീ പേരുകളോടെ വന്നിരുന്നെങ്കിൽ ഇപ്പോൾ മിഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നീ പേരുകളോടെ നെക്‌സോൺ ഇവിയുടെ ഫെയ്സ്ലിഫ്റ്റ് മോഡൽ എത്തുന്നത്. മിഡ് റേഞ്ചിൽ (MR) 30kWh ശേഷിയുള്ള ബാറ്ററി പാക്ക് നൽകിയിട്ടുണ്ട്, ഇത് ഒറ്റ ചാർജിൽ 325 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നു. അതേസമയം, ലോംഗ് റേഞ്ചിൽ (എൽആർ), കമ്പനി 40.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പായ്ക്ക് നൽകിയിട്ടുണ്ട്, ഇത് ഒറ്റ ചാർജിൽ 465 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകുന്നു.
56 മിനിറ്റുകൾ
രണ്ട് വേരിയന്റുകളിലും ഉപയോഗിച്ചിരിക്കുന്ന ബാറ്ററി IP67 പരിരക്ഷയോടെയാണ് വരുന്നത്. രണ്ട് വേരിയന്റുകളിലും കമ്പനി 7.2 കിലോവാട്ട് ശേഷിയുള്ള എസി ചാർജറാണ് സ്റ്റാൻഡേർഡായി നൽകുന്നത്. ഇതിന്റെ സഹായത്തോടെ മിഡ് റേഞ്ച് (MR) വേരിയന്റിന്റെ ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 4 മണിക്കൂർ 30 മിനിറ്റ് എടുക്കും, ലോംഗ് റേഞ്ച് (LR) വേരിയന്റിന്റെ ബാറ്ററി ചാർജ് ചെയ്യാൻ ഏകദേശം 6 മണിക്കൂർ എടുക്കും. അതേസമയം ഡിസി ഫാസ്റ്റ് ചാർജറിനൊപ്പം ചാർജിംഗ് സമയം ഏകദേശം 56 മിനിറ്റായി കുറയുന്നു.
വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചാർജിംങ്
തുടക്കത്തിൽ പറഞ്ഞതുപോലെ, ടാറ്റ മോട്ടോഴ്സ് നെക്സോൺ ഇലക്ട്രിക്കിന്റെ ഈ പുതിയ രൂപത്തിൽ അത്തരം ചില സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ആഡംബര ഇലക്ട്രിക് കാറുകളിൽ മാത്രം ലഭ്യമായിരുന്നു ഈ ഫീച്ചറുകൾ. ഇതിൽ വെഹിക്കിൾ ടു വെഹിക്കിൾ (വി2വി) സാങ്കേതികവിദ്യയാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് നിങ്ങൾക്ക് മറ്റൊരു ഇലക്ട്രിക് കാറും ചാർജ് ചെയ്യാൻ കഴിയും. ലോംഗ് ഡ്രൈവിൽ പോകുമ്പോൾ ഉണ്ടാകുന്ന റേഞ്ച് ഉത്കണ്ഠയിൽ നിന്ന് രക്ഷപ്പെടാൻ ഇത് നിങ്ങളെ സഹായിക്കും.
വീട്ടുപകരണങ്ങൾ
അത്യാഡംബര വാഹനങ്ങലിൽ മാത്രം ലഭ്യമായിരുന്ന ഫീച്ചർ കൂടി ടാറ്റ പുത്തൻ നെക്‌സോൺ ഇവിയിൽ നൽകിയിട്ടുണ്ട്. വെഹിക്കിൾ ടു ലോഡ് (വി2എൽ) സംവിധാനം ആണിത്. ഇതുപയോഗിച്ച് നിങ്ങൾക്ക് കാർ ബാറ്ററിയിൽ നിന്ന് ബാഹ്യ ഉപകരണങ്ങൾ ചാർജ് ചെയ്യാനോ പ്രവർത്തിപ്പിക്കാനോ കഴിയും. അതായത് ഈ സംവിധാനം ഒരു ബഹുമുഖ പവർ ബാങ്കായി പ്രവർത്തിക്കുന്നു. ഇലക്ട്രിക്കൽ ക്യാമ്പിംഗ് ഉപകരണങ്ങൾ, പവർ ടൂളുകൾ, വിവിധ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് എന്നിവയുൾപ്പെടെ ബാഹ്യ ഉപകരണങ്ങൾക്കും വീട്ടുപകരണങ്ങൾക്കും ഊർജ്ജം നൽകുന്നതിന് ബാറ്ററിയിൽ നിന്ന് സംഭരിച്ച ഊർജ്ജം ഉപയോഗിക്കുന്നു. .