മനുഷ്യ ശരീരം മദ്യം ഉത്പാദിപ്പിക്കും; മദ്യപിക്കാതെ തന്നെ ലഹരി തലയ്ക്ക് പിടിക്കും: അറിയാം

  1. Home
  2. Lifestyle

മനുഷ്യ ശരീരം മദ്യം ഉത്പാദിപ്പിക്കും; മദ്യപിക്കാതെ തന്നെ ലഹരി തലയ്ക്ക് പിടിക്കും: അറിയാം

drinks


മദ്യം കൈകൊണ്ട് തൊടാത്ത ആളാണെങ്കിലും നിങ്ങളുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം ഉണ്ടായേക്കാം. മദ്യപിക്കാതെ തന്നെ ലഹരി തലയ്ക്ക് പിടിക്കുകയും സംസാരത്തില്‍ നാവ് കുഴയുകയും ചെയ്യുന്ന അവസ്ഥ. ഓട്ടോ ബ്രൂവറി സിന്‍ഡ്രോം എന്നാണ് വിചിത്രമായ ഈ രോഗാവസ്ഥയെ അറിയപ്പെടുന്നത്.

അടുത്തിടെയാണ് കാനഡയിലെ ഒരു 50കാരിയില്‍ ഈ രോഗാവസ്ഥ കണ്ടെത്തിയത്. മദ്യപിക്കാതെ ഈ അവസ്ഥയ്ക്ക് കാരണം കണ്ടെത്താന്‍ നടത്തിയ പരിശോധനയിലാണ് കുടലില്‍ ഉണ്ടായ ഫംഗസ് ബാധയാണ് രോഗാവസ്ഥയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്. കാനഡയിലെ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിചിത്ര രോഗാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നത്. ഫംഗസ് ബാധയുണ്ടാകുകയും അവയുടെ പ്രവര്‍ത്തനം കാരണം കഴിക്കുന്ന ഭക്ഷണത്തിലെ കാര്‍ബോ ഹൈഡ്രേറ്റ് എഥനോള്‍ ആയി മാറുകയാണ് ചെയ്യുന്നത്.

രണ്ട് വര്‍ഷമായി അന്‍പതുകാരിയായ യുവതിക്ക് പകല്‍സമയത്തെ ഉറക്കക്കുറവും സംസാരത്തില്‍ നാവ് കുഴയുന്നതും, മദ്യം കഴിച്ചില്ലെങ്കിലും ശ്വാസത്തില്‍ മദ്യത്തിന്റെ ഗന്ധവും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ചികിത്സ തേടിയ യുവതി മദ്യപിക്കാറില്ല എന്ന് പറഞ്ഞിട്ടും ആദ്യമൊന്നും ഡോക്ടര്‍മാര്‍ വിശ്വസിച്ചിരുന്നില്ല.

മദ്യപിക്കാത്ത വ്യക്തിയുടെ ശരീരത്തില്‍ എങ്ങനെയാണ് മദ്യത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകുന്നതെന്നറിയാന്‍ പിന്നീട് നടത്തിയ പരിശോധനകളിലാണ് യുവതിക്ക് അപൂര്‍വ രോഗമായ ഓട്ടോ ബ്രൂവറി സിന്‍ഡ്രോം സ്ഥിരീകരിച്ചത്.