മിക്സി കാലങ്ങളോളം കേടാകില്ല; ഈ വിദ്യ പരീക്ഷിച്ചാൽ മതി

  1. Home
  2. Lifestyle

മിക്സി കാലങ്ങളോളം കേടാകില്ല; ഈ വിദ്യ പരീക്ഷിച്ചാൽ മതി

mixy


മിക്സര്‍ ഗ്രൈന്‍ഡര്‍ ഒന്നു കേടായിപ്പോയാല്‍ അറിയാം അടുക്കളയില്‍ ഉണ്ടാകുന്ന പൊല്ലാപ്പ്. മിക്സി കാലങ്ങളോളം വൃത്തിയായി സൂക്ഷിക്കാനും കരുതലോടെ പെരുമാറാനും ഇതാ ചില ടിപ്പുകള്‍.

ലിക്വിഡ് ഡിറ്റർജൻ്റ്

എല്ലാ തവണയും ഉപയോഗത്തിന് ശേഷം,  മിക്സർ ഗ്രൈൻഡർ ജാര്‍ ഏതെങ്കിലും ലിക്വിഡ് ഡിറ്റർജൻ്റ് ഉപയോഗിച്ച് വൃത്തിയാക്കുക. ഉപയോഗിച്ച മിക്‌സർ ജാറിലേക്ക് ലിക്വിഡ് ഡിറ്റർജൻ്റ് ഇറ്റിച്ച ശേഷം അൽപ്പം വെള്ളം ഒഴിക്കുക. ഒന്നു കറക്കിയെടുത്ത് കുറച്ചു നേരം വയ്ക്കുക. ശേഷം ജാർ ശുദ്ധമായ വെള്ളത്തിൽ കഴുകുക. 

നാരങ്ങയുടെ തൊലി

മിക്‌സർ ഗ്രൈൻഡര്‍ ജാറുകൾ വൃത്തിയാക്കാനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാർഗമാണിത്. നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് എണ്ണമയം കുറയ്ക്കുകയും ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ജാറുകൾ അണുവിമുക്തമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. കുറച്ച് നാരങ്ങ തൊലി എടുത്ത് ജാറിൻ്റെ മൂടിയിലും ഉള്ളിലും തടവുക. 15 മിനിറ്റിനു ശേഷം ഇത് നല്ല വെള്ളത്തിൽ കഴുകുക. നാരങ്ങ നീര് ലിക്വിഡ് ഡിറ്റർജൻ്റുമായി കലർത്തിയും ഉപയോഗിക്കാം.

ബേക്കിങ് സോഡ

ജാറിനുള്ളിലെ പഴകിയ അവശിഷ്ടങ്ങള്‍ വരെ കളയാന്‍ ബേക്കിങ് സോഡ നല്ലതാണ്. ജാറിൽ തുല്യ അളവിൽ വെള്ളവും ബേക്കിംഗ് സോഡയും ചേർക്കുക. ണ്ട് സെക്കൻഡ് മിക്സർ ഓണാക്കി, ഈ വെള്ളം കളയുക. പിന്നെയും, അഴുക്ക് കണ്ടാൽ, ചെറുചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് അവ കഴുകുക. 

വിനാഗിരി

രണ്ട് ടേബിൾസ്പൂൺ വിനാഗിരി കുറച്ച് വെള്ളത്തിൽ കലർത്തി മിക്സറിൽ ഒഴിക്കുക. മൂന്നോ നാലോ സെക്കന്‍ഡ് മിക്സി ഓണ്‍ ആക്കുക. തുടർന്ന് വെള്ളം ഉപയോഗിച്ച് കഴുകുക. വിനാഗിരിക്കൊപ്പം ലിക്വിഡ് ഡിറ്റർജൻ്റ്, വെള്ളം എന്നിവ ചേര്‍ത്ത് മിക്സ് ചെയ്ത് മിക്സിക്ക് മുകളില്‍ സ്പ്രേ ചെയ്ത് കുറച്ചു നേരം കഴിഞ്ഞ് കഴുകി കളയാം. ഇങ്ങനെ ചെയ്‌താല്‍ മിക്സിയും നന്നായി തിളങ്ങും.

റബ്ബിങ് ആൽക്കഹോൾ ഉപയോഗിക്കുക

മിക്സിയുടെയും ജാറിന്‍റെയും പുറംവശം വൃത്തിയാക്കാന്‍ ഈ രീതി അനുയോജ്യമാണ്. ഇതിനായി ആദ്യം തന്നെ ജാര്‍ ലിക്വിഡ് ഡിറ്റർജൻ്റ് ഉപയോഗിച്ച് കഴുകുക. അതിനു ശേഷം പുറമേ ആൽക്കഹോൾ സ്പ്രേ ചെയ്യുക. ശേഷം ഇത് നന്നായി തുടച്ചെടുക്കുക.