ഉറക്കകാര്യത്തിൽ ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്

  1. Home
  2. Lifestyle

ഉറക്കകാര്യത്തിൽ ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്

Sleep


മൂന്നു മാസം കഴിയുമ്പോൾ മുതൽ ഗർഭിണികൾ ഉറക്കകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഏഴുമാസം കഴിയുമ്പോൾ മുതൽ കിടക്കുമ്പോൾ അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങും. ഗർഭിണികളുടെ ഉറക്ക കാര്യത്തെക്കുറിച്ച് ബ്രിട്ടീഷ് ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജിയിൽ പറയുന്ന പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ ഇവയൊക്കെയാണ്
1) ഗർഭിണികൾ ഒരു കാരണവശാലും മലർന്നു കിടക്കരുത്. പകരം ഉറങ്ങുന്നതിനായി ഒരു പ്രത്യേക പൊസിഷന്‍ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. ഇടതാണ് ഏറ്റവും ഉചിതം. മലര്‍ന്നു കിടന്നുറങ്ങുന്നത് പുറംവേദന, ശ്വാസതടസ്സം, ദഹനവ്യവസ്ഥ തകരാറിലാകുക, രക്തയോട്ടം കുറയുക എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ ഭാരം മുഴുവനും കുടലുകളിലേക്കും പ്രധാനപ്പെട്ട രക്തധമനികളിലേക്കും കേന്ദ്രീകരിക്കുന്നതിനാലാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഇടതു വശം ചേര്‍ന്നുറങ്ങുന്നത് രക്തചംക്രമണം കൂട്ടുന്നതിനും, തന്മൂലം പ്ലാസന്റയിലേക്കുളള രക്തപ്രവാഹം കൂടുന്നതിനും സഹായിക്കും. ഇടതു വശം ചേര്‍ന്നുറങ്ങുന്നത് ഗര്‍ഭസ്ഥ ശിശുവിന് പോഷകങ്ങളും ഓക്‌സിജനും നല്ലരീതിയില്‍ ലഭിക്കുന്നതിനും സഹായിക്കും. 
2) ഗര്‍ഭിണികള്‍ നിര്‍ബന്ധമായും തുടർച്ചയായി നന്നായി ഉറങ്ങണം. 8-10 മണിക്കൂറുകള്‍ എന്തായാലും ഉറക്കത്തിനായി നീക്കിവെക്കണം. ഉറക്കക്കുറവുളളവര്‍ എപ്പോഴും കൃത്യസമയത്ത് ഉറങ്ങാനും, ഉണരാനും ശ്രദ്ധിക്കണം. ഉറങ്ങുന്നതിനു മുമ്പ് ചായ, കാപ്പി, സോഡ എന്നിവ കഴിക്കുന്നത് ഒഴിവാക്കാം. ഇതുകൂടാതെ ദിവസത്തില്‍ അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നതും ഗുണം ചെയ്യും.
3) നന്നായി ഉറങ്ങുന്നവർക്ക് പോലും ഗർഭാവസ്ഥയിലായാൽ ഉറക്കം ലഭിക്കാതിരിക്കാറുണ്ട്. ഗര്‍ഭിണികളുടെ മാനസികാവസ്ഥയാണ് ഇതിനുള്ള കാരണങ്ങളിലൊന്ന്. പ്രത്യേകിച്ചും ആദ്യമായി ഗർഭിണി ആകുന്നവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുള്ളത്. കളിച്ചും ചിരിച്ചു നടന്നവര്‍ക്ക് അമ്മയാകുന്നതോടെ ഏറിവരുന്ന ഉത്തരവാദിത്വം ഏറെ വലുതായി തോന്നും.
ഇതോടൊപ്പം പ്രസവത്തെക്കുറിച്ചും പരിശോധനകളെക്കുറിച്ചുമുള്ള ടെൻഷനുമുണ്ടാകും. മാനസികസംഘര്‍ഷങ്ങള്‍ കൂടും തോറും ഉറക്കമെന്ന വിശ്രമാവസ്ഥയും നഷ്ടപ്പെടാന്‍ തുടങ്ങും. ഇത്‌ തടയാൻ പ്രാർത്ഥനയും, യോഗയും, സംഗീതം ആസ്വദിക്കുന്നതും വളരെ നല്ലതാണ്.