വാഷിങ് മെഷീൻ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

തിരക്കുപിടിച്ച ജീവിതത്തിൽ പലർക്കും വാഷിങ് മെഷീൻ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയായിട്ടുണ്ട്. ഇന്ന് പല തരത്തിലുള്ള വാഷിങ് മെഷീനുകൾ വിപണിയിൽ ലഭ്യമാണ്. കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകൾ ഉള്ള സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളായിരുന്നു ആദ്യം അധികപേരും തിരഞ്ഞെടുത്തിരുന്നത്. എന്നാലിപ്പോൾ ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളാണ് മിക്ക ആളുകൾക്കും താല്പര്യം.
ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളിൽ തന്നെ കപ്പാസിറ്റി, സ്റ്റാർ റേറ്റിംഗ് എന്നിവയുടെ വ്യത്യാസത്തിൽ നിരവധി മോഡലുകളുണ്ട്. മുകളിൽ നിന്ന് നിറക്കുന്ന (ടോപ് ലോഡിംഗ്) വാഷിങ് മെഷീനുകളും, മുന്നിൽ നിന്ന് നിറക്കുന്ന (ഫ്രണ്ട് ലോഡിംഗ്) വാഷിങ് മെഷീനുകളനുമാണ് നിലവിൽ ഏറെ ജനപ്രീയം. വാഷിങ് മെഷീനുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഇതൊക്കെയാണ്.
1. ടോപ് ലോഡിംഗ് വാഷിങ് മെഷീനുകളെക്കാൾ കുറച്ചുവെള്ളവും, വൈദ്യുതിയും മാത്രമേ ഫ്രണ്ട് ലോഡിംഗ് വാഷിങ് മെഷീനുകൾക്ക് ആവശ്യമുള്ളൂ.
2. വെളളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ് മെഷീനുകൾക്ക് കൂടുതൽ വൈദ്യുതി ആവശ്യമാണ്. എന്നാൽ കേരളത്തിലെ കാലാവസ്ഥക്ക് ഇത്തരം മെഷീനുകൾ ആവശ്യമില്ല.
3. വാഷിങ് മെഷീനിൽ നിർദ്ദേശിച്ചിരിക്കുന്ന പൂർണ്ണ ശേഷിയിൽ തന്നെ പ്രവർത്തിപ്പിക്കുക. കുറച്ചു തുണി മാത്രം എടുത്ത് ദിവസവും അലക്കാതിരിക്കുക. പകരം ആഴ്ചയിൽ ഒരിക്കലോ, രണ്ടു പ്രാവശ്യമോ ആക്കി ക്രമീകരിക്കാം. ഇതുവഴി ധാരാളം വെളളവും വൈദ്യുതിയും ലാഭിക്കാനാവും.
4. അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാത്തതുമായ തുണികൾക്ക് ക്വിക്ക് സൈക്കിൾ മോഡ് ഉപയോഗിക്കാം.
5. വാഷിങ് മെഷീൻ ലോഡ് ചെയ്തതിനു ശേഷം മാത്രം ഓൺ ചെയ്യുക.
6. ഉപയോഗം കഴിഞ്ഞാൽ വാഷിംഗ് മെഷിന്റെ സ്വിച്ച് ബോർഡിലെ സ്വിച്ചും ഓഫ് ചെയ്യുക.
7. കഴിയുന്നതും വസ്ത്രങ്ങൾ വെയിലത്ത് ഉണക്കുക. സ്ഥിരമായി ഡ്രയറിൽ ഇടുന്നത് വസ്ത്രങ്ങൾ നരയ്ക്കാൻ കാരണമാകും.