നിങ്ങളുടെ കാറിനുള്ളിൽ ദുർഗന്ധമുണ്ടോ?; ഇവയൊന്ന് ശ്രദ്ധിക്കൂ, പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം
വളർത്തു മൃഗങ്ങളെ കൊണ്ടുപോയാലും ഉള്ളിലിരുന്ന് ഭക്ഷണം കഴിച്ചാലും കാർ കാബിനിൽ ദുർഗന്ധം പരക്കാറുണ്ട്. ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാനാവും. അങ്ങനെ നമ്മുടെ കാറിൽ സുഗന്ധം നിറയാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
വൃത്തി
ഏറ്റവും ശ്രദ്ധ വേണ്ടത് കാറിന്റെ കാബിൻ വൃത്തിയോടെയിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലാണ്. പ്രത്യേകിച്ചും പട്ടിയും പൂച്ചയും പോലുള്ള വളർത്തു മൃഗങ്ങളെ കൊണ്ടുപോവുന്നവരാണെങ്കിൽ. ഇവയുടെ രോമങ്ങളും മറ്റും വീണ് കാറിനുള്ളിൽ ദുർഗന്ധം പരക്കാനുള്ള സാധ്യത വളരെ വലുതാണ്. നമ്മൾ സ്ഥിരമായി ഇങ്ങനെ സഞ്ചരിച്ചാൽ കാറിനുള്ളിലെ ദുർഗന്ധം തിരിച്ചറിയാൻ പോലും സാധിക്കാറില്ലെന്നതാണ് മറ്റൊരു വെല്ലുവിളി.
കാറിന്റെ സീറ്റുകളും മറ്റും നിർമിച്ചിരിക്കുന്ന വസ്തുക്കൾക്ക് അനുസരിച്ചുള്ളവ ഉപയോഗിച്ചു വേണം വൃത്തിയാക്കാൻ. വാക്വം ക്ലീനർ ഉപയോഗിച്ചും അനുയോജ്യമായ തുണികൾ ഉപയോഗിച്ച് തുടച്ചെടുത്തും വൃത്തിയാക്കാം. ഡോർ ഹാൻഡിൽ, സീറ്റ് ബെൽറ്റ്, ആംറെസ്റ്റ് തുടങ്ങി കീടാണുകൾ എളുപ്പം എത്തിപ്പെടാനിടയുള്ള തുടർച്ചയായി തൊടുന്ന ഭാഗങ്ങൾ പ്രത്യേകം വൃത്തിയാക്കണം.
ഭക്ഷണം
കാറിനുള്ളിൽ ഭക്ഷണം കഴിക്കുന്നത് സാധാരണമാണെങ്കിലും അത് വളരെയെളുപ്പം കാറിൽ ദുർഗന്ധം നിറക്കാറുണ്ട്. പ്രത്യേകിച്ച് കുട്ടികളും മറ്റുമാണ് ഭക്ഷണം കഴിക്കുന്നെങ്കിൽ ഭക്ഷണ ഭാഗങ്ങൾ താഴെ വീണുപോവാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ കാബിൻ വൃത്തിയാക്കുക പതിവിലും പണിയുള്ള കാര്യമായിരിക്കും. മാത്രമല്ല കാറിലെ ഭക്ഷ്യ വസ്തുക്കൾ നിർത്തിയിടുന്ന സമയത്ത് എലികളേയും മറ്റും ആകർഷിക്കുകയും ഇവ കാറിനുള്ളിൽ കൂടുതൽ ഗുരുതരമായ പ്രശ്നങ്ങൾക്കിടയാക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ട് പരമാവധി കാറിനുള്ളിലെ ഭക്ഷണം കഴിക്കൽ ഒഴിവാക്കുന്നതാണ് നല്ലത്.
എയർ ഫ്രഷ്നർ
മികച്ച നിലവാരമുള്ള എയർ ഫ്രഷ്നർ തന്നെ കാറിനുള്ളിൽ വാങ്ങി വെക്കുക. ഇതിനു മുടക്കുന്ന പണം ഒരിക്കലും വെറുതെയാവില്ല. കാറിനുള്ളിലെ സുഗന്ധമുള്ള അന്തരീക്ഷത്തിന് യാത്രക്കാരുടെ മാനസികാവസ്ഥയേയും സ്വാധീനിക്കാനാവും. എയർഫ്രഷ്നർ കാലാവധി കഴിയുന്നതിന് അനുസരിച്ച് മാറ്റാനും മറക്കല്ലേ.
ഈർപ്പം
അതെ, അധികമായാൽ കാറിനുള്ളിലെ ഈർപ്പവും പ്രശ്നക്കാരനാവും. കാറിനുള്ളിൽ ഈർപ്പം കൂടിയാൽ മോശം മണം വരിക സ്വാഭാവികമാണ്. ഇത് ഒഴിവാക്കാൻ ഈർപ്പം വലിച്ചെടുക്കുന്ന സിലിക്ക ജെൽ പാക്കറ്റുകളും മറ്റും ഉപയോഗിക്കുക. കാബിനുള്ളിൽ ഈർപം കുറക്കാൻ ഇത് സഹായിക്കും.
വായുസഞ്ചാരം
കാറിൽ വായുസഞ്ചാരം ഉറപ്പു വരുത്തുന്നതു വഴി കാറിനുള്ളിൽ ദുർഗന്ധം കുറക്കാനാവും. അതുകൊണ്ട് കാറിന്റെ വെന്റിലേഷൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. പാർക്ക് ചെയ്യുന്ന അവസരങ്ങളിൽ പൊടിയില്ലെങ്കിൽ കാറിന്റെ ചില്ല് അൽപം താഴ്ത്തി വെക്കുന്നത് വായു സഞ്ചാരം ഉറപ്പിക്കാൻ സഹായിക്കും.