കുടവയർ മാറ്റി ആലില വയറാക്കാം; ദാ ഇതൊന്ന് പതിവാക്കി നോക്കൂ, വ്യായാമം വേണ്ട
സ്ത്രീകളിലും പുരുഷന്മാരിലും കുടവയർ കണ്ടുവരുന്നുണ്ട്. അമിതമായിട്ടുള്ള സ്ട്രെസ്സ്, കൃത്യസമയത്ത് ആഹാരം കഴിക്കാത്തത്, പ്രോസസ്സിംഗ് കഴിഞ്ഞ ആഹാരങ്ങൾ കഴിക്കുന്നത് എന്നിവയെല്ലാം അമിതവണ്ണത്തിലേയ്ക്കും കുടവയർ വരുന്നതിനും കാരണമാകുന്നു. ഒരിക്കൽ കുടവയർ വന്നാൽ, വളരെ പെട്ടെന്ന് കുറച്ചെടുക്കുക അസാധ്യമാണ്. എന്നാൽ, ചില കാര്യങ്ങൾ കൃത്യമായി ചെയ്യുകയും, കഴിക്കുകയും ചെയ്താൽ ഇതേ കുടവയർ ആലില വയറാക്കി എടുക്കാൻ സാധിക്കും.
ഒഴിവാക്കേണ്ടത്
നമ്മൾ എന്ത്, എങ്ങനെ കഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച്, വയറും വണ്ണവും കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ കഴിക്കുന്ന ആഹാരത്തെക്കുറിച്ച് ഒരു ബോധ്യമുണ്ടായിരിക്കുന്നത് നല്ലതാണ്. വയർ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒഴിവാക്കേണ്ട സാധനങ്ങൾ ഇവ;
- മധുരം ഒഴിവാക്കുക
- മധുരപാനീയങ്ങൾ
- ബേക്കറി പലഹാരങ്ങൾ ഒഴിവാക്കാം
- അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞ ആഹാരങ്ങൾ ഒഴിവാക്കാം( ബിസ്ക്കറ്റ്, കേക്ക്, ഹോട്ട് ഡോഗ്)
- ആഹാരം കഴിച്ച ഉടനെ വെള്ളം കുടിക്കാതിരിക്കാം
- എണ്ണപ്പലഹാരങ്ങൾ ഒഴിവാക്കാം
- ആഹാരത്തിൽ എണ്ണമയം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കാം
- നിങ്ങൾക്ക് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആഹാരങ്ങൾ ഒഴിവാക്കുക
- രാവിലെ വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം.
- രാത്രി 8 മണിക്ക് ശേഷം പഴങ്ങൾ, കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങൾ എന്നിവ കഴിക്കാതിരിക്കാം.
രാവിലെ ചെയ്യേണ്ടത്
രാവിലെ എഴുന്നേറ്റ ഉടനെ മധുരം ചേർക്കാത്ത ഒരു കാപ്പി തയ്യാറാക്കുക. ഇതിലേയ്ക്ക് ബട്ടറു ചേർത്ത് മിക്സ് ചെയ്ത് വെറും വയറ്റിൽ കുടിക്കുക. ഇത്തരത്തിൽ പതിവായി കുടിക്കുന്നത് ശരീരത്തിലെ അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. ഇത് വയർ കുറയ്ക്കാനും സഹായകമാകുന്നതാണ്.
രാവിലെ വെറും വയറ്റിൽ, കറുവാപ്പട്ട, നാരങ്ങനീര്, ഏലക്കായ എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ഒരു ടീസ്പൂൺ ആപ്പിൾ സൈഡർ വിനഗർ ഒരു ഗ്ലാസ്സ് വെള്ളത്തിൽ മിക്സ് ചെയ്ത്, ആഹാരം കഴിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, അമിതവണ്ണം കുറച്ച്, വയർ കുറക്കാനും സഹായിക്കും.
ആഹാരം കഴിക്കേണ്ട രീതി
രാവിലെ എഴുന്നേൽക്കുമ്പോൾ കുതിർത്തു വെച്ച ബദാം, ഈന്തപ്പഴം എന്നിവ മൂന്നോ നാലോ എണ്ണം കഴിക്കുന്നത് ശരീരത്തിലേയ്ക്ക് പോഷകങ്ങൾ എത്താൻ സഹായിക്കും. വയർ വേഗത്തിൽ നിറയ്ക്കാനും അമിതമായി കഴിക്കാതിരിക്കാനും സഹായിക്കും. ഇത് വയർ കുറയ്ക്കും.
നട്സ് കഴിച്ചു കഴിഞ്ഞ് ഒരു 2 മണിക്കൂർ കഴിയുമ്പോൾ പ്രാതൽ കഴിക്കാവുന്നതാണ്. വളരെ ചെറിയ പാത്രത്തിൽ ഭക്ഷണം എടുക്കുന്നതാണ് നല്ലത്. ഇത് വയർ വേഗത്തിൽ നിറയ്ക്കാൻ സഹായിക്കും. അമിതമായി കഴിക്കുന്നത് തടയാനും സഹായിക്കും.
പ്രാതൽ കഴിച്ചു കഴിഞ്ഞ് ഒരു നാല് മണിക്കൂർ കഴിയുമ്പോൾ പഴങ്ങൾ, അല്ലെങ്കിൽ മുളപ്പിച്ച പയർ, അതുമല്ലെങ്കിൽ നട്സ് എന്നിവ മിതമായ രീതിയിൽ കഴിക്കുക. ഇത് ഉച്ചയ്ക്ക് അമിതമായി കഴിക്കാതിരിക്കാൻ സഹായിക്കും.
ഉച്ചയ്ക്ക് ആഹാരം എടുക്കുമ്പോൾ, ഒരു ചെറിയ ബൗളിൽ ചോറ്, അതുപോലെ, മറ്റൊരു ചെറിയ ബൗളിൽ സാലഡ്, മറ്റൊരു ബൗളിൽ പ്രോട്ടീൻ അടങ്ങിയ ഏതെങ്കിലും ഭക്ഷണം, എന്നിങ്ങനെ എടുത്ത് കഴിക്കാം. ഇത് ശരീരത്തിലേയ്ക്ക് കൊഴുപ്പ് അമിതമായി എത്തുന്നത് തടയും. മിതമായി ആഹാരം കഴിക്കാൻ സഹായിക്കും. പ്രോട്ടീനും ഫൈബറും ശരീരത്തിൽ എത്തുന്നതിനാൽ വിശപ്പ് കുറയും. പേശികളുടെ ആരോഗ്യം നിലനിർത്താനും അതിലൂടെ വയർ കുറയ്ക്കാനും സഹായിക്കും.
വൈകീട്ട്
വൈകീട്ട് ഒരു ചെറിയ കഷ്ണം പഴം പുഴുങ്ങിയത്, അതുമല്ലെങ്കിൽ ഹെൽത്തിയായി നിങ്ങൾക്ക് തോന്നുന്ന എന്തെങ്കിലും ചെറിയ രീതിയിൽ കഴിക്കാം. ഇത് വിശപ്പ് കുറയ്ക്കും.
രാത്രി ആഹാരം 7 മണിക്ക് മുൻപായി കഴിക്കാൻ ശ്രദ്ധിക്കുക. രാത്രിയിൽ സാലഡ്, അതുമല്ലെങ്കിൽ പപ്പായ, അതുമല്ലെങ്കിൽ സൂപ്പ് എന്നിവ നിങ്ങൾക്ക് കഴിക്കാം. രാത്രി കഴിക്കുമ്പോൾ വളരെ ലൈറ്റായി കഴിക്കുന്നതാണ് നല്ലത്. നല്ല ഉറക്കം ലഭിക്കാനും, ദഹനം കൃത്യമായി നടക്കാനും ഇത് സഹായിക്കും.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
ദഹനം കൃത്യമായി നടക്കുന്ന രീതിയിലുള്ള ആഹാരം കഴിക്കുക. നന്നായി വെള്ളം കുടിക്കുക. പ്രോട്ടീൻ ഫൈബർ എന്നിവ ആഹാരത്തിൽ നന്നായി ഉൾപ്പെടുത്തണം. ചോറ് പൂർണ്ണമായും ഒഴിവാക്കരുത്. ശരീരം പ്രവർത്തിക്കാൻ എനർജി വേണം. ഇത് ചോറിൽ നിന്നും ലഭിക്കും. ചെറിയ രീതിയിൽ നടക്കാം. ഓഫീസിൽ പോകുമ്പോൾ ലിഫ്റ്റ് ഉപയോഗിക്കാതെ പടികൾ കയറാം. ഫിസിക്കലി കുറച്ച് ആക്റ്റീവായിരിക്കാൻ ശ്രദ്ധിക്കാം. അതുപോലെ നിങ്ങൾ ഡയറ്റ് എടുക്കുന്നതിന് മുൻപ് നിങ്ങളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുക. ഡോക്ടറുടെ അഭിപ്രായം തേടുക. രാവിലെ ആപ്പിൾ സൈഡർ വിനിഗർ ഉപയോഗിക്കുന്നവർ, അമിതമായി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അമിതമായാൽ, ചർമ്മ പ്രശ്നങ്ങൾ വരും. അസിഡിറ്റി ഉണ്ടാകും.
ഉറക്കം കൃത്യമാക്കാൻ ശ്രദ്ധിക്കണം. സ്ക്രീൻ ടൈം കുറയ്ക്കുക. രാത്രിയിൽ കാപ്പി ഒഴിവാക്കുക. മധുരം ഒഴിവാക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരത്തിലെ അമിതമായിട്ടുള്ള കൊഴുപ്പ് കുറയ്ക്കാൻ സാധിക്കുന്നതാണ്.
(ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.)