ചൂടു ചായ നിങ്ങളുടെ വായ പൊള്ളിച്ചോ?; പരിഹാരം ദാ ഇവിടെയുണ്ട്
ചൂടു ചായയോ ചൂടു ഭക്ഷണമോ തിടുക്കത്തിൽ ഒഴിച്ച് വായ പൊള്ളാത്തവരായി ആരുമുണ്ടാവില്ല. വായയ്ക്ക് വേദനയും ചുവപ്പും വായയ്ക്കുള്ളിൽ കുമിളകളോ ഉണ്ടാകാം. പെട്ടെന്ന് അസ്വസ്ഥതയും വേദനയും കുറഞ്ഞ് സുഖപ്പെടാൻ സഹായിക്കുന്ന ചില വീട്ടു നുറുങ്ങുകൾ ഉണ്ട്.
തണുത്ത വെള്ളം, ഐസ്‌ക്യൂബ്‌സ്
വായ പൊള്ളിയാൽ പെട്ടെന്ന് സുഖപ്പെടാൻ തണുത്ത വെള്ളത്തിൽ കഴുകുകയോ ഐസ് ക്യൂബ് നുണയുകയോ ചെയ്യാം. വേദനയും വീക്കവും കുറയ്ക്കാൻ തണുത്ത വെള്ളം സഹായിക്കും.
തൈര്, പാൽ
പാലുൽപന്നങ്ങളായ യോഗർട്ട്, പാൽ ഇവ തണുപ്പു നൽകുകയും പൊള്ളലിന്റെ വേദന കുറയ്ക്കുകയും ചെയ്യും. പൊള്ളിയ ഭാഗത്ത് ഒരു സംരക്ഷിതാവരണം പോലെ ഇത് പ്രവർത്തിക്കുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും.
തേൻ
തേൻ ഒരു ആന്റി ഇൻഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയൽ ഏജന്റ് ആയി പ്രവർത്തിക്കും. ഇത് പൊളളലിനെ സുഖപ്പെടുത്തുകയും അണുബാധ തടയുകയും ചെയ്യും. പൊള്ളിയ സ്ഥലത്ത് തേൻ പുരട്ടുക. ഇത് വേദന കുറച്ച് പെട്ടെന്ന് സുഖപ്പെടുത്തും.
ഉപ്പു വെള്ളം
ഉപ്പു വെള്ളം കവിൾക്കൊള്ളുന്നത് പൊള്ളിയ ഇടത്ത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. അരടീസ്പൂൺ ഉപ്പ് ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലക്കി വായിലൊഴിച്ച് കവിൾ കൊള്ളുക. ദിവസം പല പ്രാവശ്യം ഇത്തരത്തിൽ ചെയ്യാം.