സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർബോട്ടിലിൽ ദുർഗന്ധമാണോ?; വൃത്തിയാക്കാൻ എളുപ്പവഴികൾ ഇവിടെയുണ്ട്

  1. Home
  2. Lifestyle

സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർബോട്ടിലിൽ ദുർഗന്ധമാണോ?; വൃത്തിയാക്കാൻ എളുപ്പവഴികൾ ഇവിടെയുണ്ട്

drinking-bottles


കൂടുതൽ പ്രകൃതി സൗഹൃദപരവും ഈടു നിൽക്കുന്നതുമാണ് സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർബോട്ടിൽ. എന്നാൽ, ദോഷകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാനും വെള്ളത്തിന് ചുവയില്ലാതെ നിലനിർത്താനും ദുർഗന്ധം ഇല്ലാതിരിക്കാനും സ്റ്റീൽ വാട്ടർ ബോട്ടിൽ ശരിയായ രീതിയിൽ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. 

വാ വച്ച് വെള്ളം കുടിക്കുന്ന സമയത്ത് ഒട്ടേറെ ദോഷകരമായ ബാക്ടീരിയകൾ ബോട്ടിലിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇത് പലവിധ രോഗങ്ങൾക്ക് ഇടയാക്കും. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ, എല്ലാ ദിവസവും സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിൽ ചെറുചൂടുള്ള വെള്ളവും 1 ടീസ്പൂൺ ഡിഷ് സോപ്പും ഉപയോഗിച്ച് കഴുകുക. കുപ്പിയുടെ ഉൾവശം സ്‌ക്രബ് ചെയ്യാൻ സ്‌പോഞ്ച് അല്ലെങ്കിൽ കുപ്പി ബ്രഷ് ഉപയോഗിക്കുക. കുപ്പിയുടെ ഉള്ളിൽ സോപ്പ് ലായനി ഒഴിച്ച് സ്‌പോഞ്ച് ഇടുക. അടപ്പ് ഇട്ട് ശക്തമായി കുലുക്കുക. ചെറു ചൂടുള്ള ശുദ്ധജലം ഉപയോഗിച്ച് കഴുകിയ ശേഷം വെയിലത്ത് വച്ച് ഉണക്കുക.

ബേക്കിങ് സോഡ
1 ടീസ്പൂൺ ബേക്കിങ് സോഡ ചെറുചൂടുള്ള വെള്ളത്തിൽ മിക്‌സ് ചെയ്ത് ബോട്ടിലിൽ ഒഴിക്കുക. ഏകദേശം പതിനഞ്ചു മിനിറ്റ് ഇങ്ങനെ ഇരിക്കട്ടെ. തുടർന്ന് ശുദ്ധമായ വെള്ളത്തിൽ കഴുകുക. പൂപ്പൽ, ബാക്ടീരിയ, കറ, ദുർഗന്ധം എന്നിവ നീക്കം ചെയ്യാൻ ഫലപ്രദമായ പ്രകൃതിദത്ത ക്ലീനറാണ് ബേക്കിങ് സോഡ. മാസത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ആഴത്തിൽ വൃത്തിയാക്കുന്നത് വളരെ നല്ലതാണ്.

വിനാഗിരി 

2 ടേബിൾസ്പൂൺ  വെളുത്ത വിനാഗിരി ബോട്ടിലിൽ ഒഴിച്ച് വെള്ളം നിറയ്ക്കുക. മൂടി ഇട്ട ശേഷം നന്നായി കുലുക്കുക. ഇത് ഒരു രാത്രി മുഴുവൻ ഇരിക്കട്ടെ.

രാവിലെ, ഡിഷ് സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് ഒരു ബ്രഷ് കൊണ്ട് അകത്ത് സ്‌ക്രബ് ചെയ്യുക. ചൂടുവെള്ളം ഒഴിച്ച് കുപ്പി നന്നായി കഴുകുക. 

ഹൈഡ്രജൻ പെറോക്‌സൈഡ്
വിവിധ അണുക്കൾ, ബാക്ടീരിയകൾ, ഫംഗസ്, വൈറസ് എന്നിവയെ നശിപ്പിക്കുന്ന ഒരു അണുനാശിനിയാണ് ഹൈഡ്രജൻ പെറോക്‌സൈഡ്. ബോട്ടിലിലേക്ക് 1 / 4 കപ്പ് 3% ഹൈഡ്രജൻ പെറോക്‌സൈഡ് ചേർത്ത് കുലുക്കുക. നന്നായി കുലുക്കിയ ശേഷം, ഹൈഡ്രജൻ പെറോക്‌സൈഡ് നീക്കം ചെയ്ത്, ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. 

സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലിന്റെ അടപ്പ് വൃത്തിയാക്കാൻ, ഇത് വിനാഗിരിയിലോ സോപ്പ് ലായനിയിലോ ഹൈഡ്രജൻ പെറോക്‌സൈഡ് ലായനിയിലോ 30 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം, ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകിയെടുക്കാം.