വെള്ള ചോറ് കഴിക്കാം; ശരീര ഭാരം കുറയും, ഇങ്ങനെ വേവിച്ച് നോക്കൂ

  1. Home
  2. Lifestyle

വെള്ള ചോറ് കഴിക്കാം; ശരീര ഭാരം കുറയും, ഇങ്ങനെ വേവിച്ച് നോക്കൂ

RICE


വെള്ള അരി കൊണ്ട് തയാറാക്കുന്ന ചോറ് കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. അരിയിൽ അടങ്ങിയിരിക്കുന്ന കൂടിയ അളവിലുള്ള അന്നജമാണ് ശരീര ഭാരത്തെ ക്രമീകരിക്കാനുള്ള സഹായി. എന്നാൽ തയാറാക്കുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ മാത്രമേ ഈ ഗുണം ലഭിക്കുകയുള്ളൂ. ശ്രീലങ്കയിലെ കോളേജ് ഓഫ് കെമിക്കൽ സയൻസിലെ ശാസ്ത്രജ്ഞരുടെ ഒരു ടീം നടത്തിയ ഗവേഷണത്തിലാണ് വെളുത്ത അരി കഴിക്കുന്നത് ശരീര ഭാരം വർധിപ്പിക്കുകയില്ലെന്നു കണ്ടെത്തിയത്. അതിനായി മൂന്ന് തരത്തിൽ വെളുത്ത നിറത്തിലുള്ള അരി വേവിച്ചെടുക്കാം. 

വെളിച്ചെണ്ണ 
ഒരു പാത്രത്തിലേക്ക് വെള്ളമൊഴിച്ചു അത് നല്ലതു പോലെ തിളപ്പിക്കുക. അര കപ്പ് അരിയ്ക്കു ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഈ വെള്ളത്തിലേക്ക് ചേർക്കാവുന്നതാണ്. തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് അല്പസമയത്തിനു ശേഷം അരി കൂടി ചേർത്തു കൊടുക്കാം. നാൽപതു മിനിട്ടു ചെറു തീയിൽ വെച്ച് അരി വേവിച്ചെടുക്കുക. പാകം ചെയ്തു കഴിഞ്ഞ അരി പന്ത്രണ്ടു മണിക്കൂർ നേരമെങ്കിലും ഫ്രിജിൽ സൂക്ഷിക്കണം. സാധാരണ അരി തയ്യാറാക്കുന്നതിൽ നിന്നും വിഭിന്നമായി ഇങ്ങനെ അരി പാകം ചെയ്യുമ്പോൾ പത്തിരട്ടി വരെ അന്നജത്തിന്റെ അളവ് വർധിക്കുന്നു. ഈ ചോറിൽ നിന്നും ശരീരത്തിന് ലഭിക്കുന്ന കലോറിയുടെ അളവ് വളരെ കുറവായിരിക്കും. ചോറ് തണുപ്പിക്കുക എന്നതും പ്രാധാന്യമർഹിക്കുന്നു. തലേദിവസം രാത്രി പാകം ചെയ്യുന്ന അരി പിറ്റേദിവസം ഉച്ച ഭക്ഷണമായി ഉപയോഗിക്കാവുന്നതാണ്.

ഭാഗികമായി വേവിക്കാം 
സാധാരണ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി അരി പകുതി മാത്രം വേവിച്ചെടുക്കാം. അതിനു വേണ്ടി ആദ്യം ചെയ്യേണ്ടത് അരി കുതിർത്തു വെയ്ക്കുക എന്നതാണ്. ശേഷം ആവിയിൽ വേവിച്ചെടുക്കാം തുടർന്ന് വെള്ളം പൂർണമായും മാറ്റണം. ചോറിന്റെ പോഷക ഗുണങ്ങൾ വർധിപ്പിക്കാനിതു സഹായിക്കും. ചോറ് കഴിച്ചു ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ രീതി പിന്തുടരാവുന്നതാണ്. ഇത്തരത്തിൽ ചോറ് കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. മാത്രമല്ല, കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുന്നു.ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും ഉറവിടം കൂടിയാണ് ഇത്തരത്തിൽ പാകം ചെയ്‌തെടുത്ത ചോറ്. എല്ലുകളുടെയും തലമുടിയുടെയും ആരോഗ്യത്തിനും അത്യുത്തമമാണ്. ബി വിറ്റാമിനും അടങ്ങിയിരിക്കുന്നത് കൊണ്ട് ഹോർമോണുകൾക്കു വ്യതിയാനം വരാതെ സംരക്ഷിക്കാനുമിതു സഹായിക്കുന്നു.

അന്നജത്തെ അരിച്ചു മാറ്റാം 
അരിയിലെ അധിക കലോറിയെ വേവിച്ചതിനു ശേഷം അരിച്ചു മാറ്റാം. അതിനായി ആദ്യം തന്നെ തണുത്ത വെള്ളത്തിൽ അരി നന്നായി കഴുകിയെടുക്കാം. ഒരു പാത്രത്തിലെ തിളയ്ക്കുന്ന വെള്ളത്തിലേക്ക് അരി വേവിക്കാനായി മാറ്റാവുന്നതാണ്. ഒരു കപ്പ് അരിയ്ക്ക് ആറു മുതൽ പത്ത് കപ്പ് വരെ വെള്ളമൊഴിക്കണം. അടച്ചു വെയ്ക്കാതെ ഇടയ്ക്കിടെ ഇളക്കി കൊടുത്ത് അരി വേവിച്ചെടുക്കാം. അരി പാകത്തിന് വെന്തു കഴിയുമ്പോൾ അതിലെ ജലാംശം പൂർണമായും മാറ്റിയെടുക്കണം. ബാക്കിയാകുന്ന അന്നജം നീക്കം ചെയ്യാനായി ചൂട് വെള്ളമൊഴിച്ച് ഒരിക്കൽ കൂടി കഴുകാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നത് അധികമുള്ള അന്നജത്തെ ഒഴിവാക്കാൻ സഹായിക്കും. 

മേൽപറഞ്ഞ രീതികൾ പിന്തുടരുന്നത് വഴി ശരീര ഭാരം കുറയ്ക്കാൻ ഒരു പരിധിവരെ സാധിക്കും. എന്നാലും അധികമായി ചോറ് കഴിക്കുന്നത് ആരോഗ്യകരമല്ല എന്ന വസ്തുത കൂടി മനസ്സിൽ വയ്ക്കാം.