വെന്ത് കുഴഞ്ഞുപോയ ചോറ് ശരിയാക്കാൻ ചില പൊടിക്കൈകൾ ഉണ്ട്; ഇതൊന്ന് അറിഞ്ഞിരിക്കൂ
ഒരു നേരമെങ്കിലും ചോറ് കഴിക്കാത്ത മലയാളികൾ കുറവാണ്. ഉണ്ടാക്കാൻ വളരെ എളുപ്പമാണെങ്കിലും പലപ്പോഴും ചോറ് അമിതമായി വേവുന്നതും ചിലപ്പോൾ വേവ് കുറയുന്നതും സ്ഥിരം സംഭവമാണ്. എന്നാൽ ഇനി ചോറ് കൂടുതൽ വെന്തുപോയി എന്ന് കരുതി വിഷമിക്കേണ്ട. വെന്ത് കുഴഞ്ഞുപോയ ചോറ് ശരിയാക്കാൻ ചില പൊടിക്കൈകൾ നോക്കിയാലോ.
- അരി കൂടുതൽ വെന്തുപോയാൽ അതിൽ തണുത്ത വെള്ളവും അൽപം നെയ്യും ഒഴിച്ച് കുറച്ച് നേരം വച്ച ശേഷം ഊറ്റുക. എന്നിട്ട് ഒരു പരന്ന പാത്രത്തിൽ കാറ്റ് കൊള്ളുന്ന രീതിയിൽ ചോറ് വച്ചാൽ കുഴഞ്ഞ അവസ്ഥ മാറിക്കിട്ടും.
- ചോറിന് അരി വേവിയ്ക്കുന്നതിന് മുൻപ് അൽപനേരം തിളച്ച വെള്ളത്തിൽ ഇട്ടുവയ്ക്കുക. ഇത് അരി വെന്ത് കുഴയുന്നത് ഇല്ലാതാക്കാൻ സഹായിക്കും.
- അൽപം ഉപ്പ് ചേർത്ത് ചോറ് ഊറ്റിയാൽ ചോറിന് നല്ല ഉറപ്പ് കിട്ടും. അരി തിളപ്പിക്കുമ്പോൾ തന്നെ കുറച്ച് ഉപ്പ് ചേർക്കുന്നത് ചോറ് കുഴയുന്നതിനെയും പൊടിയുന്നതിനെയും തടയുന്നു.
- നെയ്ച്ചോറ് ഉണ്ടാക്കുമ്പോൾ ചോറ് കുഴയാതിരിക്കാൻ അരി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തുവച്ചതിന് ശേഷം പാകം ചെയ്താൽ മതി.