വേവും വെള്ളവും കൂടാതെ ബിരിയാണി തയാറാക്കാം; ഇവ ശ്രദ്ധിച്ചാൽ മതി

  1. Home
  2. Lifestyle

വേവും വെള്ളവും കൂടാതെ ബിരിയാണി തയാറാക്കാം; ഇവ ശ്രദ്ധിച്ചാൽ മതി

biriyani


വിവിധ തരത്തിലുള്ള ബിരിയാണികൾ ഉണ്ട്. തലശ്ശേരി ബിരിയാണി, മലബാർ ബിരിയാണി, കോളിക്കോടൻ ബിരിയാണി എന്നിവയെല്ലാം ബിരിയാണിയുടെ കൂട്ടത്തിലെ സുൽത്താൻമാരാണ്. എന്നാൽ എല്ലാവർക്കും ബിരിയാണി ഉണ്ടാക്കാൻ അറിയില്ല. ഇനി ഉണ്ടാക്കിയാൽ തന്നെ അരി വേവ് കൂടിപ്പോവുകയോ, മസാല ചേർത്തത് കൂടുകയോ അല്ലെങ്കിൽ വെള്ളം കൂടുകയോ എല്ലാം ആവാം. ഇതിന് പിന്നീട് ഒരു പരിഹാരം കാണാം എന്ന് വെച്ചാൽ ബിരിയാണി ആകെ കൊളമാവും എന്ന കാര്യത്തിൽ സംശയം വേണ്ട.

എന്നാൽ ഈ പ്രശ്നങ്ങളെയൊക്കെ പരിഹരിച്ച് നല്ല അടിപൊളിയായി ബിരിയാണി ഉണ്ടാക്കാൻ ഇതാ ചില പൊടിക്കൈകൾ. അൽപം സമയമെടുത്തുള്ള പരിപാടിയാണ് ബിരിയാണിയുടേതെങ്കിലും അൽപ സ്വൽപം പാചകം ഒക്കെ ഇഷ്ടമുള്ളവർക്ക് ബിരിയാണി ഒരു ബാലികേറാമലയേ ആവില്ല. കാരണം ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി നല്ല കിടിലൻ ബിരിയാണി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിന്റെ ചോറ് തയ്യാറാക്കുന്നതാണ് അൽപം പണി. കാരണം വേവ് കൂടിയാലോ വെള്ളം കൂടിയാലോ ഇത് പലപ്പോഴും കഴിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ആയിപ്പോവുന്നു. എന്നാൽ ഇതെല്ലാം ശ്രദ്ധിച്ച് നല്ല ആവി പറക്കുന്ന ബിരിയാണി വീട്ടിൽ തയ്യാറാക്കാം.

ചോറ് കട്ടകെട്ടാതിരിക്കാൻ
ചോറ് വേവിക്കുമ്പോൾ എപ്പോഴും ഉള്ള വെല്ലുവിളിയാണ് ചോറ് കട്ട കെട്ടുന്നത്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിനായി ചോറ് വേവിക്കുമ്പോൾ അൽപം നാരങ്ങ നീര് ചേർക്കുക. ഇത് ചെയ്താൽ ബിരിയാണി ചോറ് കട്ടകെട്ടാതെ ലഭിക്കുന്നു. മാത്രമല്ല ഇത് ചോറിന് സ്വാദ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അരിയിടും മുൻപ്
വെള്ളം തിളച്ച് അരിയിടുന്നതിന് മുൻപ് അൽപം ഉപ്പും എണ്ണയും ഇതിൽ ചേർക്കാം. എന്നിട്ട് അരിയിട്ട് തിളപ്പിക്കുക. ഇതും കട്ട കെട്ടാതെ അരി വെന്ത് കിട്ടുന്നതിന് സഹായിക്കുന്നു. മാത്രമല്ല നല്ല നിറവും ചോറിന് ലഭിക്കുന്നതിന് സഹായിക്കുന്നു.

നെയ്യ് ചേർക്കുമ്പോൾ
ബിരിയാണി പലരും നെയ്യിലാണ് തയ്യാറാക്കുക. എത്ര നെയ്യ് ചേർക്കുന്നുവോ അത്രത്തോളം തന്നെ അതിന്റെ സ്വാദ് വർദ്ധിക്കുന്നു. നെയ്യ് കൂടുതൽ ചേർത്താൽ ചോറിന് നല്ല മണവും സ്വാദും വർദ്ധിക്കുന്നു. ഇതെല്ലാം ബിരിയാണി ഉണ്ടാക്കുന്നതിനുള്ള ഓരോ ടെക്നിക്കുകളാണ്.

അരി ഉപയോഗിക്കുമ്പോൾ
സാധാരണയായി നമ്മൾ ബസുമതി റൈസ് ആണ് ബിരിയാണി ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. എന്നാൽ ഉപയോഗിക്കുന്നതിന് മുൻപ് അൽപനേരം അരി വെള്ളത്തിൽ കുതിർത്ത് നോക്കൂ. ഇത് അരി പെട്ടെന്ന് വേവുന്നതിനും ബിരിയാണിക്ക് സ്വാദ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അരമണിക്കൂറെങ്കിലും അരി വെള്ളത്തിൽ കുതിർത്ത് വെച്ച് നോക്കൂ. ഇതിന്റെ മാറ്റം ബിരിയാണി കഴിക്കുമ്പോൾ മനസ്സിലാവും.

വെള്ളത്തിന്റെ കണക്ക്
ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്ന കണക്കിലാണ് തയ്യാറാക്കേണ്ടത്. അരി വേവിക്കുമ്പോൾ മുഴുവനായും വെള്ളം വറ്റുന്നതിനായി ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് വെള്ളം പിടിച്ചതു പോലെയാവാൻ കാരണമാകുന്നു. മുഴുവൻ വെള്ളവും വറ്റിയ ശേഷം ഉപയോഗിച്ചാൽ അത് സ്വാദ് വർദ്ധിപ്പിക്കുന്നു.

ഉപ്പിടുമ്പോൾ ശ്രദ്ധിക്കണം
വെള്ളത്തിലെ ഉപ്പിന്റെ കണക്കനുസരിച്ചാണ് പലരും ബിരിയാണിക്കുള്ള ഉപ്പിടുന്നത്. എന്നാൽ വെള്ളത്തിന്റെ കണക്കല്ല ചോറ് വെന്തു വരുമ്പോൾ അതിൽ പിടിക്കേണ്ട ഉപ്പിന്റെ കണക്ക് കൂടി നോക്കി വേണം പലപ്പോഴും ഉപ്പിടാൻ. അല്ലെങ്കിൽ വെന്ത് വരുമ്പോൾ ചോറിൽ ഉപ്പില്ലാത്ത അവസ്ഥയായി മാറുന്നു.