കുടവയർ കുറയ്ക്കാനുള്ള വഴികൾ തേടുകയാണോ?; എന്നാൽ ഈ 5 തരം നടത്തം അറിയാം

  1. Home
  2. Lifestyle

കുടവയർ കുറയ്ക്കാനുള്ള വഴികൾ തേടുകയാണോ?; എന്നാൽ ഈ 5 തരം നടത്തം അറിയാം

belly-fat


കുടവയർ കുറയ്ക്കുന്നതിൽ നിത്യവുമുള്ള വ്യായാമത്തിന് സുപ്രധാന പങ്കുണ്ട്. ദിവസവും ജിമ്മിലൊക്കെ പോയി വർക്ക് ഔട്ട് ചെയ്യാൻ ഇഷ്ടമില്ലാത്തവർക്ക് ചെലവൊന്നും ഇല്ലാതെ പിന്തുടരാവുന്ന വ്യായാമമാണ് നടത്തം. കുടവയർ കുറയ്ക്കാൻ നടത്തത്തിൽ വരുത്താം ഈ മാറ്റങ്ങൾ 

ദിവസവുമുള്ള നടത്തത്തിൽ ഇനി പറയുന്ന മാറ്റങ്ങൾ വരുത്തുന്നത് പല തരത്തിലുള്ള പേശികൾക്ക് വ്യായാമം ഉറപ്പാക്കുകയും വേഗത്തിൽ കുടവയർ കുറയാൻ സഹായിക്കുകയും ചെയ്യും. 

റക്കിങ്
തോളിൽ ഭാരം തൂക്കി നടക്കുന്നതിനെയാണ് റക്കിങ് എന്ന് പറയുന്നത്. ബാക്ക് പാക്കിൽ പുസ്തകങ്ങളോ മറ്റെന്തെങ്കിലും ഭാരമോ നിറച്ച് പുറത്ത് തൂക്കി നടക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തോളുകൾക്ക് അമിത സമ്മർദ്ദം നൽകുന്ന രീതിയിൽ ഭാരം ചെലുത്താതിരിക്കാൻ ശ്രദ്ധിക്കണം. റക്കിങ് കൂടുതൽ വേഗത്തിൽ കാലറി കത്താനും കൂടുതൽ പേശികൾക്ക് ജോലി നൽകി ചയാപചയം മെച്ചപ്പെടുത്താനും സഹായിക്കും. 

വേഗത്തിലുള്ള നടത്തം
സാധാരണ നടത്തത്തേക്കാൾ  എളുപ്പം കാലറി കത്തിക്കാൻ വേഗത്തിലുള്ള നടത്തവും ഓട്ടവും മൂലം സാധിക്കും. എത്ര വേഗം വർധിക്കുന്നോ അത്രയും കൂടുതൽ കാലറി എന്നതാണ് കണക്ക്. ദിവസവും 30 മുതൽ 40 മിനിട്ട് വരെ വേഗത്തിൽ നടക്കുന്നത് കുടവയർ കുറയ്ക്കാൻ സഹായകമാകും. 

ഓട്ടവും നടത്തവും ഇടകലർത്താം
ആദ്യം നടന്നും പിന്നെ ഓടിയും വീണ്ടും വേഗം കുറച്ച് നടന്നും വേഗത്തിൽ നടത്തുന്ന പരീക്ഷണങ്ങളും കുടവയർ കുറയാൻ നല്ലതാണ്. പേശികൾക്കും സന്ധികൾക്കും ഓട്ടം മൂലം വരാവുന്ന സമ്മർദ്ദം കുറയ്ക്കാൻ ഈ ശൈലി സഹായിക്കും. ദീർഘദൂരം ഓടി ശീലമില്ലാത്ത തുടക്കക്കാർക്കും ഈ ശൈലി പിന്തുടരാം. 

പിന്നോട്ടുള്ള നടത്തം
മുന്നോട്ടുള്ള നടത്തത്തേക്കാൾ കൂടുതൽ കാലറി പിന്നോട്ട് നടക്കുമ്പോഴാണ് കുറയുകയെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ നടത്ത ശൈലിയിൽ ബാലൻസ് നിലനിർത്താൻ കൂടുതൽ പരിശ്രമം ഇടേണ്ടി വരുന്നു. വേഗത്തിലുള്ള നടത്തം 4.3 മെറ്റബോളിക് ഇക്വിവലന്റുകൾ(എംഇടി) കത്തിക്കുമ്പോൾ പിന്നോട്ടുള്ള നടത്തം ആറ് എംഇടി കത്തിക്കുമെന്ന് അമേരിക്കൻ കോളജ് ഓഫ് സ്പോർട്സ് മെഡിസിൻ ചൂണ്ടിക്കാട്ടുന്നു. മുട്ടുകൾക്ക് കുറച്ച് മാത്രം സമ്മർദ്ദം ചെലുത്തുമെന്നതിനാൽ പ്രായമായവർക്കും ഇത് ഫലപ്രദമാണ്. എന്നാൽ ബാലൻസ് തെറ്റി വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

നോർഡിക് നടത്തം
ഒരു കയ്യിലോ ഇരുകയ്യിലോ വടി പിടിച്ച് അത് കുത്തിയുള്ള നടത്തത്തെയാണ് നോർഡിക് നടത്തമെന്ന് പറയുന്നത്. കാലുകൾക്ക് പുറമേ ശരീരത്തിന്റെ മുകൾ ഭാഗത്തിനും വ്യായാമം നൽകാൻ ഇത് വഴി സാധിക്കും. സാധാരണ നടത്തത്തേക്കാൾ 20 ശതമാനം കൂടുതൽ കാലറി കത്തിക്കാൻ നോർഡിക് നടത്തം സഹായിക്കും. കഴുത്തിനും തോളുകൾക്കുമുള്ള സമ്മർദ്ദം ലഘൂകരിച്ച് ശരീരത്തിന്റെ പോസ്ചർ മെച്ചപ്പെടുത്താനും നോർഡിക് നടത്തം നല്ലതാണ്. ശരീരത്തിലെ കൊഴുപ്പും എൽഡിഎൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുമെല്ലാം കുറയ്ക്കാനും നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാനും നോർഡിക് നടത്തം സഹായകമാണ്.