പാചക വാതകം ലാഭിക്കാൻ ഇവ ശ്രദ്ധിച്ചാൽ മതി; കുറ്റി കാലിയാകാറായോയെന്ന് അറിയാം ദാ ഇങ്ങനെ

  1. Home
  2. Lifestyle

പാചക വാതകം ലാഭിക്കാൻ ഇവ ശ്രദ്ധിച്ചാൽ മതി; കുറ്റി കാലിയാകാറായോയെന്ന് അറിയാം ദാ ഇങ്ങനെ

gas


ഇന്നത്തെ കാലത്ത് ഗ്യാസ് അടുപ്പിനെയാണ് അധികം പേരും ആശ്രയിക്കുന്നത്. കത്തിക്കയറുന്ന പാചകവാതക വില കുടുംബ ബഡ്‌ജറ്റിനെ താളം തെറ്റിക്കാറുണ്ട്. അടുക്കളയിൽ കൂടുതൽ വിഭവങ്ങളും ഗ്യാസ് അടുപ്പിൽ പാകം ചെയ്യുന്നതും പാചകവാതകം വളരെപ്പെട്ടെന്ന് തീരുന്നതിന് കാരണമാവും. എന്നാൽ ചില വിദ്യകൾ ഉപയോഗിച്ച് പാചക വാതകം ലാഭിക്കാനായാലോ? ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചുനോക്കാം.

ആദ്യം തന്നെ ബർണർ കത്തിക്കുമ്പോൾ ചുവന്ന നിറത്തിലെ തീ ആണോ വരുന്നതെന്ന് നോക്കാം. ചുവന്ന നിറത്തിലെ ഫ്ളെയിം വരുമ്പോഴാണ് ബർണർ ഗ്യാസ് അധികമായി ഉപയോഗിക്കുന്നത്. ബ‌ർണറിൽ അഴുക്കും പൊടിയും മറ്റും ഉള്ളപ്പോഴാണ് നിറവ്യത്യാസം ഉണ്ടാവുന്നത്. ബർണർ വൃത്തിയാക്കുന്നതിനായി ഒരു മിശ്രിതം വീട്ടിൽതന്നെ തയ്യാറാക്കാം.ഇതിനായി പാത്രം കഴുകുന്ന ലിക്വിഡ്, കുറച്ച് വിനാഗിരി, സോഡാപ്പൊടി എന്നിവ നന്നായി മിക്‌സ് ചെയ്ത് ബർണർ അതിലിട്ട് ഒരുമണിക്കൂർ നേരം മാറ്റിവയ്ക്കാം. ശേഷം ഒരു പഴയ ബ്രഷ് കൊണ്ട് ഉരച്ച് കഴുകിയെടുക്കാം. ബർണറിലെ ഓട്ടകൾക്കിടയിൽ പിന്നുകൊണ്ടോ പപ്പടംകുത്തികൊണ്ടോ ഈർക്കിൽ കൊണ്ടോ കുത്തി പൊടിയും അഴുക്കും കളയാം.

  • ഗ്യാസിൽ ആഹാരം പാചകം ചെയ്യുമ്പോൾ പാത്രം മൂടിവച്ച് വേവിക്കുന്നത് പെട്ടെന്ന് വെന്തുകിട്ടാൻ സഹായിക്കും.
  • കുക്കറിൽ സാമ്പാറിനായി വേവിക്കുമ്പോൾ ഒരു പാത്രത്തിൽ പരിപ്പ് ഇട്ട് കുക്കറിനുള്ളിൽ വച്ചുതന്നെ വേവിച്ചെടുത്താൽ അധികം ഗ്യാസ് ചെലവാകുന്നത് ലാഭിക്കാം.
  • ഫ്രിഡ്‌ജിൽ വച്ചിരിക്കുന്ന ആഹാരം സാധനങ്ങൾ നേരത്തെ തന്നെ പുറത്തെടുത്ത് വച്ചിട്ട് ചൂടാക്കുകയാണെങ്കിൽ പെട്ടെന്ന് ചൂടായിക്കിട്ടും.
  • മീൻ കറിയും മറ്റും മൺചട്ടിയിൽ ഉണ്ടാക്കുമ്പോൾ ചട്ടി തുടച്ചതിനുശേഷം അടുപ്പിൽ വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് ചൂടായിക്കിട്ടും.
  • ഒരു നനഞ്ഞ തുണി ഗ്യാസ് കുറ്റിയിൽ തുടയ്ക്കുകയാണെങ്കിൽ ഗ്യാസ് കാലിയായ കുറ്റിയുടെ ഭാഗം പെട്ടെന്ന് ഉണങ്ങുകയും ഗ്യാസ് ഉള്ള ഭാഗം നനഞ്ഞ് ഇരിക്കുകയും ചെയ്യും. ഇത്തരത്തിൽ കുറ്റിയിൽ എത്രത്തോളം ഗ്യാസ് ബാക്കിയുണ്ടെന്ന് മനസിലാക്കാം.