മുകളിലുള്ള പൂപ്പൽ മാറ്റിയശേഷം അച്ചാർ കഴിക്കാമോ?; ഉത്തരം ഇവിടെയുണ്ട്

  1. Home
  2. Lifestyle

മുകളിലുള്ള പൂപ്പൽ മാറ്റിയശേഷം അച്ചാർ കഴിക്കാമോ?; ഉത്തരം ഇവിടെയുണ്ട്

pickle


അച്ചാറുകൾ പുറത്തു വച്ചിരുന്നാൽ പൂപ്പൽ ബാധിക്കും. വെള്ള, കറുപ്പ് എന്നീ നിറങ്ങളിൽവരെ പൂപ്പലുണ്ട്. ഒന്നോ രണ്ടോ ദിവസം അച്ചാർ വെളിയിൽ വച്ചിരുന്നാൽ അതിൽ പൂപ്പൽ പടർന്നിരിക്കുന്നതു കാണാം. ഈ പൂപ്പൽ സ്പൂൺകൊണ്ടു തോണ്ടിക്കളഞ്ഞശേഷം ബാക്കി വരുന്ന അച്ചാർ ഉപയോഗിക്കുന്നവരാണ് അധികവും. എന്നാൽ, ഏതു പൂപ്പലും അപകടകാരിയാണ്. ഇത്തരത്തിലുള്ള അച്ചാർ കുട്ടികൾക്കും പ്രായമായവർക്കും കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. കറുത്ത പൂപ്പൽ ബാധിച്ച അച്ചാർ ഒരുകാരണവശാലും ഉപയോഗിക്കരുത്. 

മസാലകളും ചേരുവകളും ഏതായാലും, അച്ചാർ കേടാകാതെ സൂക്ഷിക്കാൻ കാലങ്ങളായി പിന്തുടരുന്ന കുറെ കുറുക്കുവഴികളുണ്ട്. 

അച്ചാർ കേടാകാതെ നോക്കാം
മാങ്ങയോ നാരങ്ങയോ എന്തുമാകട്ടെ ആദ്യം അവ നന്നായി കഴുകുക എന്നതുതന്നെയാണ്. ഇത് ഏറെക്കാലം നിലനിൽക്കാൻ മാത്രമല്ല, അണുക്കളും ബാക്ടീരിയകളും ഇല്ലാതിരിക്കാനും സഹായിക്കും. നന്നായി കഴുകിയ ശേഷം, അധിക ഈർപ്പം ഒഴിവാക്കാൻ അരിഞ്ഞ മാങ്ങാക്കഷ്ണങ്ങൾ ടെറസിനു മുകളിൽ നല്ല വെയിലത്തിട്ടു രണ്ടോ മൂന്നോ ദിവസം ഉണക്കിയെടുക്കുന്നത് നല്ലതാണ്. അച്ചാറിടാൻ ഉപയോഗിക്കുന്ന മസാലയിൽ ജലാംശം അൽപ്പമെങ്കിലും ഉണ്ടെങ്കിൽ അത് പൂപ്പലുണ്ടാകാൻ കാരണമാകും. അതിനാൽ മസാലക്കൂട്ട് എണ്ണയിലിട്ട് ചെറുചൂടിൽ അൽപ്പനേരം ഇളക്കിയ ശേഷം മാത്രം അച്ചാറിൽ ഉപയോഗിക്കുക. മാത്രമല്ല, ഇങ്ങനെ ചെയ്യുമ്പോൾ അച്ചാറിന് പ്രത്യേക സുഗന്ധവും ലഭിക്കും.

അച്ചാറിൻറെ കാര്യത്തിൽ, എണ്ണ ഒഴിക്കുന്നത് നിയന്ത്രിക്കേണ്ട ആവശ്യമില്ല. കൂടുതൽ എണ്ണ ഉപയോഗിക്കുമ്പോൾ, അച്ചാർ  മികച്ചതായിരിക്കും. മാത്രമല്ല, അച്ചാറിൻറെ ആയുസ്സ് വർധിപ്പിക്കാനും ഇതുവഴി സാധിക്കും. ഉണങ്ങിയ പാത്രങ്ങളിൽ സൂക്ഷിക്കുക. അച്ചാർ ഇട്ടു കഴിഞ്ഞ്, അത് നന്നായി തണുത്ത ശേഷം മാത്രം ജാറുകളിലോ ഭരണികളിലോ ആക്കി സൂക്ഷിക്കാം. അതിനു മുൻപേ ഈ പാത്രങ്ങൾ നന്നായി വെയിലത്തിട്ടു ഉണക്കിഎടുക്കണം. മാത്രമല്ല, ഇവ ഒന്നിലധികം പാത്രങ്ങളിൽ സൂക്ഷിക്കുക. പാത്രത്തിൽ നിന്ന് അച്ചാർ എടുക്കാൻ എല്ലായ്‌പ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ സ്പൂൺ ഉപയോഗിക്കണമെന്നും ഓർമിക്കുക.