വീട്ടിൽ യൂറോപ്യൻ ടോയ്‌ലറ്റാണോ?; എങ്കിൽ സൂക്ഷിക്കണം, സ്ത്രീകളിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും
പ്രായമായവർക്കും, കുട്ടികൾക്കും അധികം ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കാം എന്നതാണ് പലരെയും യൂറോപ്യൻ ടോയ്‌ലറ്റുകൾ ബാത്ത്റൂമിൻ വാങ്ങിവെക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, ഇത്തരം ടോയ്‌ലറ്റുകൾ ഉപയോഗിക്കുമ്പോൾ, വൃത്തിയിൽ ഉപയോഗിച്ചില്ലെങ്കിൽ അത് സ്ത്രീകളിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. പ്രത്യേകിച്ച് യോനീഭാഗത്തെ അണുബാധയ്ക്ക് ഇതൊരു പ്രധാന കാരണമാണ്.
എങ്ങനെയെന്ന് നോക്കാം
ഫ്ലഷ് ചെയ്യുമ്പോൾ
ഇന്ന് സ്ത്രീകളും പുരുഷന്മാരും അടക്കം നിരവധി ആളുകൾ ടോയ്‌ലറ്റിൽ ദീർഘസമംയ ചിലവഴിക്കുന്നവരാണ്. ഇത്തരത്തിൽ ദീർഘസമയം ഇരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. പ്രത്യേകിച്ച്, സ്ത്രീകളിൽ യോനീഭാഗത്ത് അണുബാധ ഉണ്ടാകുന്നതിന് ഇത് ഒരു കാരണമാണ്. അതുപോലെ, പലരും, ടോയ്‌ലറ്റിൽ പോയാൽ അതിൽ ഇരുന്നുകൊണ്ടുതന്നെ ഫ്ലഷ് ചെയ്യുന്നു. ഇത്, ക്ലോസറ്റിലുള്ള വെള്ളം സ്വകാര്യഭാഗത്തേയ്ക്ക് തെറിക്കുന്നതിന് കാരണമാകുന്നു. കൂടാതെ, മലം വിസർജിക്കുമ്പോൾ, ടോയ്‌ലെറ്റിലെ വെള്ളം സ്വകാര്യഭാഗത്തേയ്ക്ക് തെറിക്കാം.
ഇത്തരത്തിൽ ശരീരത്തിലേയ്ക്ക്, പ്രത്യേകിച്ച്, യോനീഭാഗത്തേയ്ക്ക് വെള്ളം തെറിക്കുന്നത് അണുബാധ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. കാരണം, ഏറ്റവും കൂടുതൽ അണുക്കൾ അടങ്ങിയിരിക്കുന്ന ഒരു വെള്ളമാണ് ടോയ്‌ലറ്റിൽ ഉള്ളത്. ഇത് കൃത്യമായ രീതിയിൽ കഴുകിയില്ലെങ്കിൽ, ചൊറിച്ചിൽ, അണുബാധ എന്നിവയ്ക്ക് കാരണമായേക്കാം. പ്രത്യേകിച്ച് ആർത്തവ സമയത്ത് ഇത്തരം വെള്ളം യോനീഭാഗത്തേയ്ക്ക് തെറിക്കുന്നത് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനുവരെ കാരണമായേക്കാം.
ടോയ്‌ലറ്റ് സീറ്റ്
പലരും ടോയ്‌ലറ്റ് സീറ്റ് കൃത്യമായി കഴുകാറില്ല. കഴുകിയാലും വെള്ളം തുടച്ച് നീക്കാറില്ല. ഈ നനഞ്ഞ ടോയ്‌ലറ്റ് സീറ്റുകളിൽ ഇരിക്കുന്നത് സ്വകാര്യഭാഗത്തെ ചർമ്മത്തിലേയ്ക്ക് അമിതമായി ഈർപ്പം വരുന്നതിന് കാരണമാകുന്നു. ഈ ഈർപ്പം കൃത്യമായി തുടച്ച് നീക്കിയില്ലെങ്കിൽ അത് ഫംഗൽ ബാധയ്ക്ക് കാരണമായേക്കാം. പലപ്പോഴും സ്വകാര്യഭാഗത്തുണ്ടാകുന്ന ചൊറിച്ചിൽ, പഴുപ്പോടുകൂടിയ കുരുക്കൾ എന്നിവയ്ക്കെല്ലാം പിന്നിലെ പ്രധാന കാരണങ്ങളിൽ ഇന്ന് ഇത്തരം അശ്രദ്ധകളാണ്.
തെറ്റായ ക്ലീനിംഗ്
പലരും ടോയ്‌ലറ്റിൽ പോയി കഴിയുമ്പോൾ കഴുകുന്നതും, അവിടെ ക്ലീൻ ചെയ്യുന്നതും തെറ്റായ രീതിയിലാണ്. ഒരിക്കലും പുറകിൽ നിന്നും മുൻപിലോട്ട് എന്ന രീതിയിൽ കഴുകാനോ, അതുപോലെ, ക്ലീൻ ചെയ്യുന്നതിനുവേണ്ടി തുടയ്ക്കാനോ പാടുള്ളതല്ല. ഇത് മലദ്വാരത്തിലുള്ള അണുക്കൾ യോനീഭാഗത്തേയ്ക്ക് പ്രവേശിക്കുന്നതിന് കാരണമാകും.
അതുപോലെ, ചിലർ ടോയ്‌ലറ്റിൽ ഇരുന്നുകൊണ്ട് ക്ലീൻ ചെയ്യും. ഇത് പലപ്പോഴും മാലിന്യം പൂർണ്ണമായും പോകാതിരിക്കാനും കാരണമാണ്. ഇതും യോനീഭാഗത്ത് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. അതിനാൽ, ക്ലീൻ ചെയ്യുമ്പോൾ മുൻപിൽ നിന്നും പുറകിലോട്ട് എന്ന രീതിയിൽ ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കുക. അതുപോലെ, ടോയ്‌ലറ്റിൽ പോയി വന്നാൽ ഇരു കൈകളും നല്ല വൃത്തിയിൽ കഴുകാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ക്ലീൻ ചെയ്യുമ്പോൾ കൈകളിലെ അഴുക്കും, അണുക്കളും സ്വകാര്യ ഭാഗത്തേയ്ക്ക് പ്രവേശിക്കാം.
ശ്രദ്ധിക്കേണ്ടത്
ടോയ്‌ലറ്റ് എനന്നും നല്ലപോലെ വൃത്തിയിൽ സൂക്ഷിക്കുക. സാനിറ്റൈസ് ചെയ്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ടോയ്‌ലറ്റ് സീറ്റ് എല്ലായ്‌പ്പോഴും സാനിറ്റൈസ് ചെയ്ത് ഉണക്കി വൃത്തിയാക്കി സൂക്ഷിക്കുക. ടോയ്‌ലറ്റ് സീറ്റ് കവർ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് യാത്ര ചെയ്യുന്ന സമയത്ത് പബ്ലിക് ടോയ്‌ലറ്റുകൾ ഉപയോഗിക്കുമ്പോൾ ഇത്തരം ടോയ്‌ലറ്റ് കവർ ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും. യോനീ ഭാഗം എല്ലായ്‌പ്പോഴും വൃത്തിയിൽ കഴുകി തുടച്ച് സൂക്ഷിക്കുക. അതുപോലെ, ടോയ്‌ലറ്റ് ടിഷ്യു ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. ഇവ ഒഴിവാക്കാം. ടോയ്‌ലറ്റിലേയ്ക്ക് നല്ലപോലെ വെന്റിലേഷൻ കിട്ടുന്നുണ്ടന്ന് ഉറപ്പാക്കുക. ടോയ്‌ലറ്റിൽ പോയി വന്നതിന് ശേഷവും പോകുന്നതിന് മുൻപും കൈകൾ സാനിറ്റൈസ് ചെയ്യുന്നതും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.