ഭക്ഷണത്തിന് മാത്രമല്ല ടൊമാറ്റോ കെച്ചപ്പ്; ഈ കാര്യങ്ങൾക്കും കേമനാണ്

  1. Home
  2. Lifestyle

ഭക്ഷണത്തിന് മാത്രമല്ല ടൊമാറ്റോ കെച്ചപ്പ്; ഈ കാര്യങ്ങൾക്കും കേമനാണ്

tomato


ഒട്ടുമിക്ക വീടുകളുടെയും അടുക്കളകളിൽ ടൊമാറ്റോ കെച്ചപ്പ് ഒഴിവാക്കാനാകാത്ത ഒന്നാണ്. എന്നാൽ തക്കാളികൊണ്ട് നിർമിക്കുന്ന ഈ കെച്ചപ്പ് പാചകത്തിന് മാത്രമല്ല ഗുണപ്പെടുക. പാചകത്തിനു പുറമെ ടൊമാറ്റോ കെച്ചപ്പിന്റെ 6 ഉപയോഗങ്ങൾ ഇതാ..

പാത്രങ്ങൾ തിളങ്ങും
സ്ഥിരമായി പാചകം ചെയ്യുന്ന സ്റ്റീൽ പാത്രങ്ങളിൽ കരിയും പുകയും അല്പസ്വല്പം കറയുമൊക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ കറകൾ അകറ്റി പാത്രങ്ങൾ പുത്തനാക്കി മാറ്റാൻ ടൊമാറ്റോ കെച്ചപ്പ് കൊണ്ട് സാധിക്കും. ടൊമാറ്റോ കെച്ചപ്പ് അസിഡിറ്റി ഉള്ളതാണ് എന്നതിനാൽ ഇത് പാത്രങ്ങൾക്ക് മേൽ ഒരു ക്ലീനിംഗ് ഏജന്റായി പ്രവർത്തിക്കുന്നു.നാലോ അഞ്ചോ തുള്ളി കെച്ചപ്പ് ഇട്ട ശേഷം ഒരു നുള്ളു ഉപ്പും ചേർത്ത് സ്‌ക്രബ് ചെയ്തു നോക്കൂ,വെട്ടിത്തിളങ്ങുന്ന പാത്രങ്ങൾ സ്വന്തമാക്കാം.

കൈകൾ വൃത്തിയാക്കാം
ഭക്ഷണം പാചകം ചെയ്യുകയോ കഴിക്കുകയോ ചെയ്ത ശേഷം കൈകളിൽ വെളുത്തുള്ളി, മൽസ്യം, ഇറച്ചി എന്നിവയുടെ രൂക്ഷമായ ഗന്ധം നിലനിൽക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ അതിനുള്ളപരിഹാരമാണ് ടൊമാറ്റോ കെച്ചപ്പ്. നേരത്തെ സൂചിപ്പിച്ചതുപോലെ, കെച്ചപ്പ് ഒരു മികച്ച ക്ലീനിംഗ് ഏജന്റാണ്, കൂടാതെ അതിലെ അസിഡിക് ഗുണങ്ങൾ ബാക്ടീരിയയെ അലിയിക്കുകയും ദുർഗന്ധം അകറ്റുകയും ചെയ്യുന്നു. വിരലുകളിലും കൈപ്പത്തിയിലും കുറച്ച് കെച്ചപ്പ് പുരട്ടി നന്നായി ഒന്ന് കഴുകിയാൽ രൂക്ഷഗന്ധം ഒഴിവായിക്കിട്ടും.

തുരുമ്പിനെ ഇല്ലാതാക്കും
ഇരുമ്പ്/കാസ്റ്റ് അയൺ പാത്രങ്ങളിലും വീട്ടുപകരണങ്ങളിലും തുരുമ്പ് കണ്ടാൽ, അല്പം ടൊമാറ്റോ കെച്ചപ്പ് പ്രയോഗിക്കാം. തുരുമ്പുള്ള ഭാഗം കെച്ചപ്പ് ഉപയോഗിച്ച് ഏകദേശം 15-20 മിനിറ്റ് നേരം മൂടിവയ്ക്കുക .പിന്നീട് ബ്രഷ് ഉപയോഗിച്ച് സ്‌ക്രബ് ചെയ്ത് മാറ്റുക. കെച്ചപ്പിലെ ആസിഡ് തുരുമ്പിനെ അലിയിച്ചില്ലാതാക്കും. ഇത്തരത്തിൽ വീട്ടിലെ പല പാത്രങ്ങളും നമുക്കസംരക്ഷിക്കാൻ സാധിക്കും.

കളർ ചെയ്ത മുടി സംരക്ഷിക്കാൻ
മുടിയിൽ കളർ ചെയ്തവർക്ക് ക്‌ളോറിൻ ഉള്ള വെള്ളം എന്നും ഒരു പേടി സ്വപ്നമാണ്. ഇത്തരത്തിൽ ക്‌ളോറിനേറ്റ ചെയ്ത വെള്ളത്തിൽ കുളിക്കേണ്ടി വരുന്നവർക്ക്, നിറം ചെയ്ത മുടി കേടു കൂടാതെ സംരക്ഷിക്കുന്നതിനായി നാലോ അഞ്ചോ തുള്ളി ടൊമാറ്റോ കെച്ചപ്പ് മുടിയിഴകളിൽ പത്ത് മിനുട്ട് തേച്ചു പിടിപ്പിച്ച ശേഷം കുളിക്കുക. 

മുറിവുകൾ ശമിപ്പിക്കാൻ
ടൊമാറ്റോ കെച്ചപ്പിന്റെ പാക്കറ്റുകൾ തണുപ്പിച്ച ശേഷം മുറിവ് ഉണ്ടാകുമ്പോൾ ഐസ് ബാഗിന് പകരമായി വയ്ക്കാവുന്നതാണ്. സാധാരണ ഐസ് ബാഗ് നൽകുന്ന മിതമായതും തുടർച്ചയായി നിലനിൽക്കുന്നതുമായ തണുപ്പ് മുറിവിലേക്ക് നൽകാനും രക്തം കൂടുതലായി പോകുന്നത് ഒഴിവാക്കാനും ഇത് കൊണ്ട് സഹായിക്കും.

മേക്കപ്പ് പ്രോപ്പർട്ടി
കുട്ടികളുമായി ബന്ധപ്പെട്ട നാടകങ്ങൾ, സ്റ്റേജ് പെർഫോമൻസുകൾ എന്നിവയിൽ രക്തത്തിന്റെ രംഗങ്ങളിൽ ആവശ്യമുണ്ടെങ്കിൽ , പകരക്കാരനായി ടൊമാറ്റോ കെച്ചപ്പ് ഉപയോഗിക്കാം. പെയിന്റ്, കളർ കൂട്ടുകൾ എന്നിവ ഉപയോഗിച്ച് കുട്ടികളുടെ ശരീരം ബുദ്ധിമുട്ടിലാകും എന്ന പേടി വേണ്ട. ആകെയുള്ള പ്രശ്‌നം ഇവ തറയിൽ നിന്നും തുടച്ചെടുക്കാൻ ഇത്തിരി പണിപ്പെടണം എന്നത് മാത്രമാണ്.