കുട്ടികൾക്ക് എപ്പോഴും സ്മാർട്ട് ഫോൺ നൽകുന്ന മാതാപിതാക്കളാണോ നിങ്ങൾ?; സൂക്ഷിച്ചോളൂ, മാനസിക വൈകല്യം ഉണ്ടാകാൻ സാധ്യതയെന്ന് പഠനം

  1. Home
  2. Lifestyle

കുട്ടികൾക്ക് എപ്പോഴും സ്മാർട്ട് ഫോൺ നൽകുന്ന മാതാപിതാക്കളാണോ നിങ്ങൾ?; സൂക്ഷിച്ചോളൂ, മാനസിക വൈകല്യം ഉണ്ടാകാൻ സാധ്യതയെന്ന് പഠനം

CHILD PHONE


ഫോണും കൊണ്ട് നടക്കുന്നവരാണ് ഇപ്പോഴത്തെ കുട്ടികൾ. കളിപ്പാട്ടങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ കുട്ടികളുടെ കൈയിൽ ഫോൺ ആണ് ഇപ്പോൾ കാണുന്നത്. ഭക്ഷണം കഴിക്കാനും, കരച്ചിൽ നിർത്താനും, വാശി പിടിക്കാതിരിക്കാനുമൊക്കെ മാതാപിതാക്കൾ കുട്ടികൾക്ക് ഫോൺ നൽകാറുണ്ട്. ചെറുപ്പം മുതൽ തന്നെ ഗാഡ്ജെറ്റുകളുമായി കുട്ടികൾ വളരെയധികം ഇടപഴകുന്നതാണ് ഇപ്പോഴത്തെ രീതി. ചെറുപ്പത്തിൽ തന്നെ കുട്ടികൾ ഇത്തരത്തിൽ മൊബൈൽ ഫോണിന് അടിമകളാകുന്നത് പിൽക്കാലത്ത് മാനസിക പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

അമേരിക്ക ആസ്ഥാനമായുള്ള സാപിയൻ (Sapien) ലാബ്സിൻ്റെ ഏറ്റവും പുതിയ പഠനത്തിലാണ് വെളിപ്പെടുത്തൽ. സ്മാർട്ട് ഫോൺ, ടാബ് ലെറ്റ് എന്നിവയുമായി കുട്ടികളുടെ നേരത്തെയുള്ള ഉപയോഗത്തെ കുറിച്ച് ഗൗരവമായി ചർച്ച ചെയ്യണമെന്ന് ഇതേ പഠനത്തെ ചൂണ്ടിക്കാട്ടി ഷാവോമി ഇന്ത്യയുടെ മുൻ സി.ഇ.ഒ. ആയ മനു കുമാർ ജെയിനും പറയുന്നുണ്ട്.

പഠന പ്രകാരം 60 മുതൽ 70 ശതമാനം പെൺകുട്ടികളാണ് ഫോണിൻ്റെ ഉപയോഗം കാരണം 10 വയസിന് മുൻപേ തന്നെ മാനസിക പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. ആൺകുട്ടികളുടെ കാര്യത്തിൽ 40 മുതൽ 45 ശതമാനം പേരാണ് 10 വയസിന് മുൻപെ സ്മാർട്ട് ഫോണുകളുടെ ഉപയോഗം കാരണം മാനസിക വെല്ലുവിളികൾ നേരിടേണ്ടി വരുന്നത്. കുട്ടികൾ കരയുന്ന സമയത്ത്, ഭക്ഷണം കഴിക്കുമ്പോൾ, അല്ലെങ്കിൽ മാതാപിതാക്കൾ തിരക്കാകുമ്പോഴൊക്കെ ഇത്തരത്തിൽ സ്മാർട്ട് ഫോണുകൾ നൽകുന്ന ഈ പ്രവണത അവസനാപ്പിക്കണമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

സ്മാർട്ട് ഫോണുകൾക്ക് പകരം കുട്ടികളെ സാമൂഹ്യമായ ഇടപെടൽ നടത്താനും അതുപോലെ മറ്റ് ഹോബികളിൽ ഏർപ്പെടാനും മാതാപിതാക്കൾ പ്രേരിപ്പിക്കണമെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്.
പലപ്പോഴും കുട്ടികളുടെ വാശി അവസാനിപ്പിക്കാൻ മാതാപിതാക്കൾ ഇങ്ങനെ ചെയ്യാറുണ്ട്. പക്ഷെ ഇത് വലിയ അപകടം വിളിച്ച് വരുത്തുമെന്നാണ് പഠനം പറയുന്നത്. 18 മുതൽ 24 വയസ് ആകുമ്പോൾ ആദ്യമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരിൽ പക്ഷെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നില്ലെന്നും പഠനത്തിൽ പറയുന്നു.

മാതാപിതാക്കളെന്ന നിലയിൽ, കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. കൊച്ചുകുട്ടികൾക്കിടയിൽ അമിതമായ സ്‌ക്രീൻ സമയം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കുഞ്ഞുങ്ങളുടെ ബാല്യം വിലപ്പെട്ടതാണെന്ന് ഓർക്കണം. അവർക്ക് ശോഭനവും ആരോഗ്യകരവുമായ ഭാവിക്ക് ഏറ്റവും മികച്ച അടിത്തറ നൽകേണ്ടത് നമ്മുടെ കടമയാണെന്നും മനു കുമാർ അദ്ദേഹത്തിൻ്റെ ലിങ്കഡിൻ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

ഞാൻ വ്യക്തമായി പറയട്ടെ - ഞാൻ സ്മാർട്ട്ഫോണുകൾക്കോ ടാബ്ലെറ്റുകൾക്കോ എതിരല്ല. ഈ ഉപകരണങ്ങൾ നമ്മുടെ ജീവിതത്തിൽ വിപ്ലവം സൃഷ്ടിക്കുകയും വലിയ സൗകര്യവും കണക്റ്റിവിറ്റിയും നൽകുകയും ചെയ്തു. ഞാൻ തന്നെ അവ ധാരാളം ഉപയോഗിക്കുന്നു. എന്നിരുന്നാലും, ചെറിയ കുട്ടികൾക്ക് അവ നൽകുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.