ചന്ദന തിരി സ്ഥിരമായി കത്തിക്കുന്നവരാണോ?; എങ്കിൽ ശ്രദ്ധിക്കുക

  1. Home
  2. Lifestyle

ചന്ദന തിരി സ്ഥിരമായി കത്തിക്കുന്നവരാണോ?; എങ്കിൽ ശ്രദ്ധിക്കുക

chandana thiri


ചന്ദന തിരി വ്യാപകമായി ഉപയോഗിക്കാറുണ്ട്. വർഷങ്ങളായി ഇത് തുടർന്നു പോരുന്നവരുണ്ട്. ചിലർ വീടിനുള്ളിലെ വായു സുഗന്ധപൂരിതമാക്കുന്നതിനു വേണ്ടിയും ഇവ ഉപയോഗിക്കുന്നു. ചന്ദന തിരി പല രൂപത്തിലും നിറത്തിലുമൊക്കെ വിപണിയിൽ ലഭ്യമാണ്. എന്തായാലും ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതാണോ എന്നുള്ള ചർച്ചകൾ നടക്കുന്നുണ്ട്. 

വീടിനുള്ളിൽ സ്ഥിരമായി ചന്ദന തിരി കത്തിക്കുന്നതിലൂടെ, പോളിസൈക്ലിക്ക് ആരോമാറ്റിക് ഹൈഡ്രോകാർബൺസ് എന്ന വിഷമയമുള്ള കെമിക്കൽ രൂപപ്പെടുന്നതിന് കാരണമായേക്കാം. കണ്ടൻ്റ് ക്രിയേറ്ററായ കേത്ത് ബിഷപ്പ് പങ്കുവെച്ച ഒരു വീഡിയോയിൽ ആണ് ഇത്തരത്തിലുള്ള ആശങ്ക അദ്ദേഹം പങ്കുവെച്ചത്. ചന്ദന തിരിയിൽനിന്നും പുറത്തുവരുന്ന പുക ശ്വാസകോശ കാൻസറുകൾക്ക് കാരണമായേക്കാമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. 

ഡോ. സുഷ്മ സുമീതും ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ട്. ചന്ദന തിരി നിർമ്മിക്കുന്നത് പലതരത്തിലാണ്. അതിനനുസരിച്ച് അവയുടെ ഗുണത്തിലും വ്യത്യാസം വരും. പശുവിൻ ചാണകം, കൽക്കരി, ഉണങ്ങിയ  ഔഷധ സസ്യങ്ങൾ, പൂക്കൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്നവ വളരെ നല്ല സുഗന്ധമായിരിക്കും നൽകുന്നത്. ലാവണ്ടർ, ചന്ദനം, റോസ്മേരി, റോസാപ്പൂ ഇതളുകൾ, എന്നിങ്ങനെയുള്ള ചേരുവകൾ കൂടി ചേർക്കുന്നതാണ് ഈ സുഗന്ധത്തിനു പിന്നിലെ കാരണം. ചേരുവകൾ യോജിപ്പിച്ചു ചേർക്കാൻ നെയ്യ്, ശർക്കര പോലെയുള്ളവയാണ് ഉപയോഗിക്കുന്നത്. വളരെ നനുത്തതും സ്വാഭാവികവുമായ മണമാണ് ഇത്തരത്തിലുള്ളവ പുറപ്പെടുവിക്കുന്നത്.

എന്നാൽ ചന്ദന തിരിക്ക് വിപണിയിൽ ആവശ്യക്കാൻ ഏറുന്നതോടെ അതിൻ്റെ നിർമ്മാണത്തിലും മാറ്റങ്ങൾ ഉണ്ടാകുന്നു. സിന്തറ്റിക് ധൂപങ്ങൾ വ്യാപകമായി നിർമ്മിക്കപ്പെടുന്നു. പ്ലൈവുഡ്, വേസ്റ്റ് വുഡ്സ്, അറക്കപ്പൊടി അല്ലെങ്കിൽ നിറങ്ങൾ കലർത്തിയ പൊടികൾ എന്നിവ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. ചേരുവകൾ യോജിപ്പിച്ചു ചേർക്കുന്നതിന് കട്ടിയുള്ള പശകളും, നീണ്ട സമയം നിലനിൽക്കുന്ന മണം നൽകുന്നതിന് സിന്തറ്റിക് ഫ്രാഗ്രൻ്റ് ഓയിലുകളുമാണ് ഉപയോഗിക്കുക. ഈ എണ്ണയിൽ ഡിപ്രൊപിലീൻ ഗ്ലൈക്കോളാണ് മണം ലയിപ്പിച്ചു ചേർക്കാൻ അധികവും ചേർക്കാറുള്ളത്.

അതിനാൽ ഇത്തരത്തിലുള്ള സിന്തറ്റിക് ചന്ദന തിരിയോ ധൂപങ്ങളോ കത്തിക്കുന്നതിലൂടെ, എയറോസോൾ, വളരെ പെട്ടെന്ന് ലയിച്ചു ചേരുന്ന ജൈവ സംയുക്തങ്ങൾ, കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ്, പോളിയറോമാറ്റിക് ഹൈഡ്രോകാർബണുകൾ, ടോലുയിൻ, കാർബോണൈലുകൾ, ബെൻസീൻ, ആൽഡിഹൈഡുകൾ തുടങ്ങിയ ഹാനികരമായ വസ്തുക്കൾ  പുറപ്പെടുവിക്കുന്നുവെന്ന് സുമീത് പറഞ്ഞു.

സ്ഥിരമായി ഇത് വീടിനുള്ളിൽ കത്തിക്കുന്നതിലൂടെ കണ്ണിൽ നിന്നും വെള്ളം ഒഴുകുന്നതിനും, ചർമ്മവീക്കം  പോലെയുള്ള അലർജിക്കും, കാൻസർ,  ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമായേക്കാം. ചൈനയിലെ ചില ശ്വാസകോശ കാൻസർ രോഗികളിലും, തായ്‌ലൻഡിലെ ക്ഷേത്രങ്ങളിൽ ജോലി ചെയ്തവരിലും നടത്തിയ പഠനങ്ങളിൽ  ഇത്തരം ധൂപങ്ങൾ പുറപ്പടുവിക്കുന്ന സുഗന്ധം അമിതമായി ശ്വസിക്കുന്നതു കൊണ്ട് ഉണ്ടാകുന്ന പാർശ്വഫലങ്ങൾ കണ്ടെത്തി എന്നാണ് സുമീത് വ്യക്തമാക്കുന്നത്. ശരിയായ വായു സഞ്ചാരം ലഭ്യമാക്കിക്കൊണ്ട് വേണം ഇത്തരത്തിലുള്ള സുഗന്ധപൂരിതമായ ചന്ദന തിരിയോ ധൂപങ്ങളോ ഉപയോഗിക്കാൻ.