പകയോ ദേഷ്യമോ ഓർത്തുവെച്ച് പ്രതികാരം ചെയ്യില്ല 'മൂർഖൻ'; ചിലതൊക്കെ കഥകൾ മാത്രം; വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു

  1. Home
  2. Lifestyle

പകയോ ദേഷ്യമോ ഓർത്തുവെച്ച് പ്രതികാരം ചെയ്യില്ല 'മൂർഖൻ'; ചിലതൊക്കെ കഥകൾ മാത്രം; വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു

cobra


മൂർഖൻ പാമ്പിന് പകയോ ദേഷ്യമോ ഓർത്തുവെച്ച് പിന്നീട് പ്രതികാരം ചെയ്യാനുള്ള കഴിവോ ഒന്നും ഇല്ലെന്ന് പറയുകയാണ് വിജയകുമാർ ബ്ലാത്തൂർ തന്റെ ഫേസ്ബുക്ക് പേജിലൂടെ.


കുറിപ്പ് പൂർണരൂപം
മൂർഖൻ എന്ന ഒരു പ്രയോഗം ദുഷ്ടൻ, പകയുള്ളവൻ,  കനിവില്ലാത്തവൻ എന്നൊക്കെയുള്ള അർത്ഥത്തോടെ വിശേഷണമായി ഉപയോഗിക്കാറുണ്ട്. സത്യത്തിൽ മൂർഖൻ പാമ്പിന് പകയോ ദേഷ്യമോ ഓർത്തുവെച്ച് പിന്നീട് പ്രതികാരം ചെയ്യാനുള്ള കഴിവോ ഒന്നും ഇല്ല.   
 
മൂർഖനുമായി  ബന്ധപ്പെട്ട പലതരം അന്ധവിശ്വാസങ്ങൾ നിലവിലുണ്ട്. കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഫണ രൂപം ഉള്ളതിനാൽ ഇതിനെ പാമ്പാട്ടികൾതെരുവുകളിൽ ഇവയെ പ്രദർശിപ്പിച്ച് ജീവിച്ചിരുന്നു. മകുടി ഊതുമ്പോൾ ആ സംഗീതം ആസ്വദിച്ച് അവ തലയാട്ടി നൃത്തം ചെയ്യുകയാണെന്നാണ് പലരും കരുതിയിരുന്നത്. പാമ്പുകൾക്ക് ബാഹ്യ ശ്രവണേന്ദ്രിയങ്ങൾ നമ്മളേപ്പോലെ ഇല്ലാത്തതിനാൽ മകുടിഊതുന്ന ശബ്ദം കേൾക്കാനാകില്ല എന്ന് നമുക്കറിയാം. അപായപ്പെടുത്താനുള്ള എന്തോ ആണ് മകുടിയുടെ അറ്റം എന്ന് കരുതി അതിനെ തന്നെ നോക്കി പിന്തുടരുന്നതിനെയാണ് നമ്മൾ തലയാട്ടലായും ആസ്വദിക്കലായും തെറ്റിദ്ധരിക്കുന്നത്. 

ഏതിലെങ്കിലും തന്റെ ശ്രദ്ധ പതിപ്പിച്ചാൽ അതിൽ നിന്നും കണ്ണു മാറ്റാതെ തുടരുന്ന മൂർഖന്റെ ശീലം അറിയുന്നതുകൊണ്ടാണ്, ചില പാമ്പ് പ്രകടനക്കാർ മൂർഖന്റെ പത്തിയുടെ പിറകിൽ ഉമ്മ വെക്കുന്നതുപോലുള്ള നമ്പരുകൾക്ക് ധൈര്യപ്പെടുന്നത്.  

നാഗങ്ങളുടെ അനുഗ്രഹം ലഭിക്കാനായി അവയ്ക്ക് നൂറും പാലും നൽകുക എന്ന ഒരു ചടങ്ങ് പല നാഗാരാധന കേന്ദ്രങ്ങളിലും നടത്താറുണ്ട്. യഥാർത്ഥത്തിൽ പാലിലുള്ള പ്രോട്ടീനുകളെ ദഹിപ്പിക്കാനുള്ള കഴിവ് ഇത്തരം പാമ്പുകൾക്ക് ഇല്ല. നിർജലീകരണം വന്നാലോ ചിലപ്പോൾ അവ ഇത്തരത്തിൽ കൊണ്ടു വച്ചിരിക്കുന്ന പാൽ  അപൂർവമായി കുടിച്ചെന്നിരിക്കും എന്ന് മാത്രം.. അതുപോലെ മുട്ടകൾ കൊത്തി കുടിക്കാനുള്ള കഴിവ് പല പാമ്പുകൾക്കും ഇല്ല. 

ചില പാമ്പുകൾ മാത്രമാണ് അവരുടെ പല്ലുകൾ കൊണ്ട് മുട്ടത്തോട് അടർത്തി അതിനുള്ള ഘടകങ്ങൾ കഴിക്കുക.  സാധാരണഗതിയിൽ മുട്ട പൂർണമായും വിഴുങ്ങി വായിൽ വച്ച് ഉടച്ച് അതിൻറെ പുറംതോട് തുപ്പി കളയുകയാണ് പാമ്പുകൾ ചെയ്യുക. 
 
ചിലയിനം മൂർഖൻ പാമ്പുകൾക്ക് വിഷം  ചീറ്റാനുള്ള കഴിവുണ്ട്. വിഷപ്പല്ലിന്റെ മുകൾഭാഗത്തുള്ള ഒരു ദ്വാരത്തിലൂടെ വിഷം ചീറ്റി തെറിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വിഷം കണ്ണിൽ പതിഞ്ഞാൽ കടുത്ത വേദനയും നീറ്റലും ചിലപ്പോൾ അന്ധതയും സംഭവിക്കാം  ഇത്തരത്തിൽ ഭയപ്പെടുത്തി ശത്രുക്കളെ ഓടിക്കാൻ വേണ്ട ഈ കഴിവ്, ഇരുകാലികളായി  ചിമ്പൻസികളും മനുഷ്യപൂർവ്വികരുടെയും  ഒക്കെ പരിണമിച്ചതോടനുബന്ധിച്ച് ആർജ്ജിച്ച അനുകൂലനമായും കരുതപ്പെടുന്നു.   

വളരെ സാധാരണമായി കാണുന്ന വിഷമില്ലാത്ത ചേരയെ മൂർഖനെന്ന് തെറ്റിദ്ധരിച്ച് പലരും തല്ലിക്കൊല്ലാറുണ്ട്. വിഷമുണ്ടെന്ന അന്ധവിശ്വാസം മൂലം ''മഞ്ഞച്ചേര മലന്നുകടിച്ചാൽ മലയാളനാട്ടിൽ മരുന്നില്ല എന്ന പ്രയോഗവും ഉണ്ട്. മഞ്ഞചേര, കരിഞ്ചേര തുടങ്ങി പല പേരുകളിൽ ചേരകളുണ്ടെന്ന് കരുതുന്നവരും ഉണ്ട്. എന്നാൽ Ptyas mucosa എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരിനം ചേര മാത്രമേ നമ്മുടെ നാട്ടിൽ ഉള്ളു. മൂർഖനും മഞ്ഞച്ചേരയും ഇണചേരും എന്നു വിശ്വസിക്കുന്നവരും ഉണ്ട്. അങ്ങിനെ ഒരിക്കലും സംഭവിക്കാറില്ല.